
ഹൈദരാബാദ്:സി.പി.എമ്മിൽ പുതിയൊരു പിളർപ്പ് അനിവാര്യമായി എന്ന് സൂചന . പാർട്ടി കോണ്‍ഗ്രസ് ബുധനാഴ്ച ആരംഭിക്കാനിരിക്കേ കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി സിപിഎമ്മിൽ ഭിന്നത മൂർച്ഛിക്കുന്നു. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യം വേണ്ടെന്ന പ്രകാശ് കാരാട്ടിന്‍റെ കരടു രാഷ്ട്രീയ പ്രമേയത്തിനു ബദലായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബൂധനാഴ്ച പാർട്ടി കോണ്‍ഗ്രസിൽ ബദൽ രേഖ അവതരിപ്പിക്കുമെന്നാണു റിപ്പോർട്ടുകൾ.
അതേസമയം, പ്രശ്നത്തിൽ സമവായ ശ്രമവുമായി മുൻ ത്രിപുര മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ രംഗത്തുണ്ട്. ഇടഞ്ഞുനിൽക്കുന്ന യെച്ചൂരിയുമായും കാരാട്ടുമായും മണിക് സർക്കാർ പ്രത്യേകം ചർച്ച നടത്തി.
നേരത്തെ പാർട്ടിക്കുണ്ടായിരുന്ന ശക്തിയും ബഹുജനാടിത്തറയും തകർന്നെന്ന് അടിവരയിടുന്ന സിപിഎം സംഘടനാ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. സിപിഐ ഇല്ലാതെ ഇടത് ഐക്യമില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ബംഗാൾ ഘടകം ജനാധിപത്യ വിരുദ്ധമായി പെരുമാറിയെന്നും പാർട്ടി സെന്‍ററിൽനിന്ന് ചർച്ചയും വിവരങ്ങളും ചോരുകയാണെന്നും കുറ്റപ്പെടുത്തുന്നു.