കൊച്ചി:മൂന്നു പതിറ്റാണ്ടിലേറെ രാജ്യത്ത് സി.പി.എമ്മിന്റെ ശക്തികേന്ദ്രമായിരുന്ന ബംഗാളിൽ ബി.ജെ.പി ശക്തി പ്രാപിക്കുന്നു. സി.പി.എം അണികൾ കൂട്ടത്തോടെ ബിജെപിയിൽ ചേരുകയാണെന്നും ‘ദി വയർ’ റിപ്പോർട്ട് ചെയ്യുന്നു. 2011 അസംബ്ലി തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെട്ടതിനു ശേഷം സി.പി.എം ഓരോ തെരഞ്ഞെടുപ്പിലും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2011-ൽ 39.6 ശതമാനം വോട്ട് വിഹിതം ഉണ്ടായിരുന്ന സി.പി.എമ്മിന് 2016-ലെ തെരഞ്ഞെടുപ്പിൽ 25.6 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇതേ കാലയളവിൽ 4.06 ശതമാനത്തിൽ നിന്ന് 10.28 ശതമാനത്തിലേക്ക് ബി.ജെ.പി മുന്നേറുകയും ചെയ്തു.
പശ്ചിമ ബംഗാളിൽ സി.പി.എം അണികൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേരുന്നതിനെതിരെ മുന്നറിയിപ്പുമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു . സംസ്ഥാനത്തെ ബി.ജെ.പിയുടെ വളർച്ച അപകടകരമാണെന്നും മമതാ ബാനർജിയോടുള്ള വിരോധത്തിന്റെ പേരിൽ സി.പി.എമ്മുകാർ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ചാടുന്നതിനു തുല്യമാണെന്നും സി.പി.എം മുഖപത്രമായ ഗണശക്തിക്കു നൽകിയ അഭിമുഖത്തിൽ ബുദ്ധദേവ് പറഞ്ഞു.അതേസമയം കേരളത്തിൽ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് ഉണ്ടാകുന്നതായും മുന്നറിയിപ്പ് ഉണ്ട് .ശബരിമല വിഷയത്തോടെ സി.പി.എമ്മിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുകയാണ് .