ന്യൂഡല്‍ഹി: സുരക്ഷാ ഏജന്‍സികളുടെയും സൈനിക നേതൃത്വത്തിന്റെയും വാക്കുകള്‍ മുഖവിലക്കെടുക്കാതെ തീവ്രവാദികളെ നേരിടാന്‍ സജ്ജരായ സൈനികരെ ഒഴിവാക്കി എന്‍.എസ്.ജി കമാന്‍ഡോകളെ ഇറക്കിയത് ഗുരുതര പിഴവും വിഡ്ഡിത്തരവുമെന്ന് സൈനിക നേതൃത്വം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിപ്പുകേടില്‍ ഇന്ത്യന്‍ സേനയുടെ ആത്മഭിമാനവും സല്‍പ്പേരും നഷ്ടപ്പെട്ടതില്‍ കടുത്ത അമര്‍ഷമാണ് സൈനിക നേതൃത്വം അറിയിച്ചിരിക്കുന്നത്. തീവ്രവാദികള്‍ പത്താന്‍കോട്ട് വ്യോമസേന താവളം ആക്രമിച്ച ഉടനെ തീവ്രവാദ വേട്ടയില്‍ പ്രത്യേക പരിശീലനം ലഭിച്ച സൈനിക ട്രൂപ്പുകള്‍ തീവ്രവാദവേട്ടക്ക് സജ്ജമായിരുന്നു.
പത്താന്‍കോട്ടിലേക്ക് എളുപ്പം എത്താവുന്ന സൈനികരെ ഉപയോഗിക്കാതെ ഡല്‍ഹിയില്‍ നിന്നും 160 എന്‍.എസ്.ജി കമാന്‍ഡോകളെ എത്തിക്കുകയായിരുന്നു ആഭ്യന്തരമന്ത്രാലയം. വ്യോമസേനാ കേന്ദ്രത്തിലെ ഗാര്‍ഡുകള്‍ക്കാവട്ടെ തീവ്രവാദികളെ നേരിടുന്നതില്‍ പരിശീലനം ലഭിച്ചിട്ടില്ല. 24 സ്‌ക്വയര്‍ കിലോ മീറ്റര്‍ വ്യാപിച്ചു കിടക്കുന്ന വ്യോമസേനാ താവളത്തില്‍ എന്‍.എസ്.ജി കമാന്‍ഡോ ഓപ്പറേഷന്‍ പഴാകുകയായിരുന്നു.
ആറു തീവ്രവാദികളെ പിടിക്കാനുള്ള ഓപ്പറേഷന്‍ നാലു ദിവസമാണ് എടുത്തത്. ഏഴു സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ നിരവധി സ്‌പെഷല്‍ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ ലഫ്. ജനറല്‍ പ്രകാശ് കട്ടേച്ച് ശക്തമായ ഭാഷയിലാണ് കേന്ദ്രത്തിന്റെ തീവ്രവാദികളെ നേരിടുന്ന ഓപ്പറേഷനെ വിമര്‍ശിച്ചത്. പ്രത്യേക ലക്ഷ്യം കേന്ദ്രമാക്കിയുള്ള ഓപ്പറേഷനു മാത്രമേ എന്‍.എസ്.ജി കമാന്‍ഡഡോകളെ നിയോഗിക്കാവൂ. അതിനുള്ള പരിശീലനമാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത്. അല്ലാതെ ഒരു പ്രദേശം മുഴുവന്‍ അരിച്ചുപെറുക്കിയുള്ള ഓപ്പറേഷന്‍ അവര്‍ക്ക് അറിയില്ല. വ്യോമ സേന താവളത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും ഒരു അറിവുമില്ലാത്ത കമാന്‍ഡോ സംഘത്തെയാണ് ഓപ്പറേഷനും നിയോഗിച്ചത്. ഇതെല്ലാം കൃത്യമായി അറിയുന്നത് സമീപത്തുതന്നെയുള്ള സൈനിക ട്രൂപ്പുകള്‍ക്കാണ്. പ്രത്യേക നേതൃത്വമോ നിര്‍ദ്ദേശമോ അവര്‍ക്കു ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍.എസ്.ജി കമാന്‍ഡോ ഓപ്പറേഷന്‍ ശരിയായ തീരുമാനമായില്ലെന്ന് മുന്‍ സൈനിക മേധാവി ജനറല്‍ വി.പി മാലിക് പറഞ്ഞു. ഡല്‍ഹിയില്‍ നിന്നാണ് കമന്‍ഡോകള്‍ എത്തിയത്. അവരേക്കാള്‍ നന്നായി പ്രദേശത്തുള്ള സൈനിക ഗ്രൂപ്പുകള്‍ക്ക് തീവ്രവാദികളെ നേരിടാന്‍ കഴിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പത്താന്‍കോട്ടിനും സമീപത്തുമായി വന്‍ സൈനിക സന്നാഹമാണ് ഇന്ത്യക്കുള്ളത്. 16 കോര്‍പ്പിന്റെ ആസ്ഥാനം നഗ്രോട്ട, 29 ഇന്‍ഫന്‍ട്രി ഡിവിഷന്‍, 9 കോര്‍പ്പ് ആസ്ഥാനം, 26 ഇന്‍ഫന്‍ട്രി ഡിവിഷന്‍, അമൃത്സറില്‍ 16 ഇന്‍ഫന്‍ട്രി ഡിവിഷന്‍, ജലന്തറില്‍ 2 കോര്‍പ്‌സ് ആസ്ഥാനം എന്നിവിടങ്ങളിലെല്ലാം തീവ്രവാദികളെ നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ ഗ്രൂപ്പുകളുണ്ട്. ഇവരെയൊന്നും ഉപയോഗിക്കാതെ കൃത്യമായ ആസൂത്രണവും ചര്‍ച്ചയുമില്ലാതെയായിരുന്നു ആഭ്യന്തരമന്ത്രാലയം ഓപ്പറേഷന്‍ നടത്തിയത്.