
കണ്ണൂര്‍: ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ചിലര്‍ക്ക് ഒട്ടേറെ പ്രതീക്ഷകളുണ്ട്. എന്നാല്‍, മറ്റ് ചിലര്‍ക്ക് പ്രതീക്ഷകള്‍ പോലും ഇല്ലെന്നു മാത്രമല്ല തെരഞ്ഞെടുപ്പ് തന്നെ തീരാവേദനയാണ് നല്‍കുന്നത്. സ്വന്തം ഊരും വീടും ഏതാണെന്ന് തിരിച്ചറിയാനാവാത്ത വിഷമത്തിലാണ് മലബാറിലെ 200 മലയാളികള്‍. സ്വന്തം നാട്ടില്‍ അന്യദേശക്കാരെ പോലെ ജീവിക്കേണ്ടി വരുന്ന അവസ്ഥ പരിതാപകരം തന്നെ.
എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ സ്വന്തം മണ്ണില്‍ അപരിചിതനായി ജീവിക്കേണ്ട അവസ്ഥയിലാണ് ഹസനും അദ്ദേഹത്തെ പോലുള്ള നിരവധി ആളുകളും. പ്രായപൂര്‍ത്തി വോട്ടവകാശം എന്ന ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ മലബാറികള്‍ക്ക് ഒരുപോലെ അവസരം ലഭിക്കുമ്പോള്‍, 200ഓളം വരുന്ന; പാകിസ്താന്‍ കാരെന്ന പേരില്‍ അറിയപ്പെടുന്നവര്‍, വിവിധ ഗ്രാമങ്ങളില്‍ മറ്റുള്ളവരില്‍ നിന്ന് അകന്നു ജീവിക്കുന്നു.
തങ്ങള്‍ ജനിച്ചുവീണ മണ്ണേതെന്ന രേഖ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. ഇന്ത്യ-പാക് വിഭജനത്തിന് ശേഷവും അതിനുമുമ്പുമായി ജീവിതമാര്‍ഗം തേടി പാകിസ്താനില്‍ പോയവര്‍ അതിര്‍ത്തിയില്‍ വച്ച് പിടിക്കപ്പെട്ടു. എന്നാല്‍ പിന്നീട് വാര്‍ദ്ധക്യ കാലത്ത് സ്വന്തം നാട്ടില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഇവര്‍ അപരിചിതരമായി മാറുകയായിരുന്നു. മലബാറികള്‍ എന്നതിനു പകരം അവരെ പാകിസ്താനികളെന്നാണ് എല്ലാവരും വിളിച്ചത്.
കൊല്ലം തോറും വിസ പുതുക്കി നല്‍കുന്നുണ്ട് എന്നതാണ് ഏക ആശ്വാസമെന്ന് ഹസന്‍ പറഞ്ഞു. പ്രായാധിക്യം മൂലം ഉണ്ടാകുന്ന രോഗങ്ങളും പലരേയും അലട്ടുന്നുണ്ട്. അച്ഛന്റെ മരണം മൂലമുണ്ടായ പട്ടിണി മാറ്റാന്‍ പത്താം വയസിലാണ് ഹസന്‍ കപ്പല്‍ കയറി ബോംബേയില്‍ നിന്നും കറാച്ചിയിലേക്ക് 1948ല്‍ യാത്രയായത്. പതിനെട്ട് രൂപയുടെ ടിക്കറ്റ് മാത്രമാണ് കൈയ്യില്‍ അന്നുണ്ടായിരുന്നത്; പൗരത്വത്തെ സംബന്ധിച്ച് ഒന്നും അറിയാതിരുന്ന കാലത്ത് പാകിസ്താനിലെത്തി. എന്നാല്‍ പിന്നീട് നാട്ടിലെത്തി വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍, പാകിസ്താന്‍ പാസ്പോര്‍ട്ട് നേടി ഇന്ത്യന്‍ വിസക്ക് അപേക്ഷിക്കണമെന്ന് ഏജന്റുമാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് ഹസന്‍ പറഞ്ഞു.