കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ പുത്തന്‍ പ്രതിരോധ സംവിധാനം ചിട്ടപ്പെടുത്താന്‍ തയ്യാറെടുക്കുകയാണ് സിപിഎം. സോഷ്യല്‍ മീഡിയ സമൂഹത്തില് ചെലുത്തുന്ന സ്വാധീനം വലുതായിക്കൊണ്ടിരിക്കുന്നെന്ന തിരിച്ചറിവിലാണ് ഓരോ ലോക്കല്‍ കമ്മിറ്റി തലത്തിലും സൈബര്‍ സംഘത്തെ നിയോഗിച്ച് വിമര്‍ശനങ്ങളെയും ട്രോളുകളെയും പ്രതിരോധിക്ക തീരുമാനിച്ചിരിക്കുന്നത്.
ഭവന സന്ദര്‍ശനങ്ങളില്‍നിന്നു ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ മുന്നോട്ട് വരുന്നത്. ശബരിമല വിഷയത്തന് ശേഷം പാര്‍ട്ടിക്കെതിരെ വന്ന വിമര്‍ശനങ്ങളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സി.പി.എമ്മിന് കഴിഞ്ഞിരുന്നില്ല. പ്രദേശിക തലത്തില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായിരുന്നില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കുന്നതിനും മറ്റു പ്രചാരണങ്ങള്‍ക്കും ഈ സംഘാംഗങ്ങളെ ഉപയോഗിക്കാനാണ് തീരുമാനം.
സി.പിഎം ലോക്കല്‍ കമ്മിറ്റിയില്‍ മൂന്നു പേരെ ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തും. പാര്‍ട്ടി പ്രവര്‍ത്തകരിലും അനുഭാവികളിലും സാമൂഹികമാധ്യമങ്ങളില്‍ സജീവമായി നില്‍ക്കുന്നവരുടെ പ്രത്യേക ഗ്രൂപ്പും ഈ മൂന്നു പേരുടെയും നിയന്ത്രണത്തിലുണ്ടാക്കും. ഈ സംഘാംഗങ്ങളെ ഉപയോഗിച്ച് താഴെത്തട്ട് മുതല്‍ മുകള്‍ത്തട്ടിലെ വരെ പ്രശ്‌നങ്ങളില്‍ സജീവമായി സോഷ്യല്‍ മീഡിയയില്‍ ഇടപെട്ട് പാര്‍ട്ടിക്ക് അനുകൂലമാക്കുകയാണ് ലക്ഷ്യം.
സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്കെതിരെയുള്ള ട്രോളുകളും വര്‍ദ്ധിച്ച് വരികയാണ്. ട്രോളുകള്‍ ഉപയോഗിച്ച് ജനങ്ങളെ പാര്‍ട്ടിക്കെതിരെ തിരിച്ച് വിടാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും വിലയിരുത്തുന്നു. അതേസമയം ശക്തമായ സൈബര്‍ വിഭാഗമാണു ബി.ജെ.പിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമുള്ളത് കേരളത്തിലുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്ന് നേതൃത്വം വിലയിരുത്തുന്നു.