വലിയ കോലാഹലങ്ങളാണ് കാസര്‍ഗോഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഉണ്ടായത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയായതോടെ ജില്ലാ നേതൃത്വം ഇടഞ്ഞിരുന്നു. ഉണ്ണിത്താനെതിരെ പരസ്യമായ എതിര്‍പ്പാണ് കാസര്‍ഗോഡ് ഉണ്ടായത്. ഇപ്പോള്‍ ഈ എതിര്‍പ്പ് അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുകയാണ്. കാസര്‍ഗോഡ് ഡിസിസി നേതൃത്വത്തിന്റെ എതിര്‍പ്പില്‍ കുഴങ്ങിയിരിക്കുകയാണ് ഉണ്ണിത്താന്‍.
ഇന്ന് രാവിലെ ചേര്‍ന്ന ഡി.സി.സി നേതൃയോഗത്തില്‍ നിന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ ഇറങ്ങിപ്പോയി. പിന്നീട് യു.ഡി.എഫ് നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഉണ്ണിത്താന്‍ യോഗത്തിലേക്ക് മടങ്ങി എത്തിയത്. അതിനിടെ ചെര്‍ക്കളയില്‍ നടത്താനിരുന്ന ഇന്നത്തെ പ്രചാരണപരിപാടി ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഡി.സി.സി പ്രസിഡന്റിന്റെ നിലപാടാണ് രാജോമോഹന്‍ ഉണ്ണിത്താന് എതിരായി നില്‍ക്കുന്നത്. ഡിസിസി നടപടിയില്‍ പ്രതിഷേധിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍. മീഡിയവണ്‍ ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിലിനെ മാറ്റാതെ പ്രചാരണം സാധ്യമല്ലെന്ന് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചതായാണ് വിവരം.
പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഉണ്ണിത്താന്‍ ആദ്യ ദിവസം ഉച്ചഭക്ഷണം പോലും ലഭിച്ചില്ലെന്നും പ്രചരണപരിപാടിക്ക് കൃത്യമായ രൂപരേഖയില്ലെന്നും പ്രസിഡന്റ് ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റിനോടുള്ള അതൃപ്തി രാജ്മോഹന്‍ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. അതേസമയം ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ യു.ഡി.എഫ് നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. അതുവരെ പ്രചരണ രംഗത്തേക്കില്ലെന്ന് അറിയിച്ചു കൊണ്ടാണ് ഉണ്ണിത്താന്‍ മടങ്ങിയത്.
ലോക്സഭയിലേക്കു കന്നിമല്‍സരമാണ് ഉണ്ണിത്താന്റേത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 2006ല്‍ തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണനെതിരെ മല്‍സരിച്ചു പരാജയപ്പെട്ടു. 10,055 വോട്ടുകള്‍ക്കാണ് അന്നു പരാജയപ്പെട്ടത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ ജെ.മേഴ്സിക്കുട്ടിയമ്മയോടു പരാജയപ്പെട്ടു; 30,460 വോട്ടുകള്‍ക്ക്. നിലവില്‍ കെപിസിസി വക്താവും എഐസിസി അംഗവുമാണ്.
അതിനിടെ, മകന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ചിലര്‍ കുത്തിപ്പൊക്കിയതും ഉണ്ണിത്താനു ഭീഷണിയായി നില്‍ക്കുന്നുണ്ട്. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമല്ല ഹിന്ദുക്കള്‍ക്കും ഈ നാട്ടില്‍ ജീവിക്കണം എന്ന് തുടങ്ങിയുള്ള, അമല്‍ ഉണ്ണിത്താന്റെ പഴയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതോടെ ഉണ്ണിത്താനൊപ്പമുള്ള അണികളും വെട്ടിലായിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിയുടെ മകന്റെ വര്‍ഗീയത പരത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് ഒരു വിഭാഗം ജില്ലാ നേതൃത്വത്തോട് പരാതിപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം മകന്റെ ബിജെപി അനുകൂല നിലപാട് തിരുത്താന്‍ കഴിയാത്ത സ്ഥാനാര്‍ത്ഥി ബിജെപിക്ക് വേരോട്ടമുള്ള മണ്ഡലത്തില്‍ എങ്ങനെ ബിജെപിയെ എതിര്‍ത്ത് വോട്ട് ചോദിക്കുമെന്ന് അണികള്‍ ചോദിക്കുന്നു.
ഇതോടെ ഉണ്ണിത്താനൊപ്പം വോട്ട് ചോദിച്ച് വോട്ടര്‍മാരെ കാണാന്‍ പല നേതാക്കളും മടി കാണിക്കുകയാണ്. നിസാര കാരണങ്ങള്‍ പറഞ്ഞ് പല ലോക്കല്‍ നേതാക്കളും വോട്ട് ചോദിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നാണ് വിവരം. ഉണ്ണിത്താന് മണ്ഡലത്തില്‍ കനത്ത തിരിച്ചടി ഉണ്ടാകും എന്നു തന്നെയാണ് ഇവര്‍ പറയുന്നത്.