സ്വന്തം ലേഖകൻ
അതിരമ്പുഴയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഗർഭിണിയായ യുവതിയെ തിരിച്ചറിഞ്ഞു. സംഭവത്തിലെ പ്രധാന പ്രതി പൊലീസ് പിടിയിലായി. അമ്മഞ്ചേരി കന്നുകുളം തമ്പാന്റെ മകൾ അശ്വതി (20)യെയാണു കൊലപ്പെടുത്തി ചാക്കിൽകെട്ടി റബർ തോട്ടത്തിൽ ഉപേഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുവമായി ബന്ധപ്പെട്ട അയൽവാസിയും ഈരാറ്റുപേട്ട സ്വദേശിയും അമ്മഞ്ചേരിയിൽ കന്നുകുളം ഭാഗത്തു വാടകയ്ക്കു താമസിക്കുന്നയാളുമായ മുഹമ്മദ് യൂസഫിനെ(43)യാണു പൊലിസ് പിടിയിലായത്. എന്നാൽ മരിച്ച യുവതിയെ തിരിച്ചറിഞ്ഞതായോ പ്രതിയെ പിടികൂടിയതായോ പൊലിസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അവിഹിത ഗർഭത്തെത്തുടർന്ന് അശ്വതിയും യുസുഫും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.
നിലവിൽ ലഭ്യമായിരിക്കുന്ന വിവരങ്ങൾ ഇങ്ങനെ.യുസുഫ് മൂന്നു വർഷമായി അമ്മഞ്ചേരിയിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയാണ്. ഇയാളുടെ ഭാര്യ ഗൾഫിലാണ്്.റിയൽ എസ്‌റ്റേറ്റ് ബിസിനസും ഡ്രൈവറായും ജോലി ചെയത് വരികയായിരുന്നു. തൊട്ടടുത്തു തമാസിക്കുന്ന അശ്വതിയുമായി ഇയാൾ അടുപ്പത്തിലായിരുന്നുവത്രേ. താൻ വിവാഹിതനാണെന്ന് വിവരം മറച്ചു വച്ചാണ് ഇയാൾ യുവതിയുമായി അടുപ്പത്തിലായത്. ഈ ബന്ധത്തിൽ യുവതി ഗർഭിണിയായി.യൂസഫ് ഇടപെട്ട് കഴിഞ്ഞ ഒമ്പത് മാസമായി അശ്വതി പത്തനംതിട്ടയിലുള്ള ഹോം നഴ്‌സിംഗ് ഏജൻസിയുടെ കീഴിൽ വീടുകളിൽ ജോലി ചെയ്തിരുന്നു. ഇതിനിടെ ഗർഭഛിദ്രം നടത്താൻ ഇയാൾ അശ്വതിയെ നിർബന്ധിച്ചിരുന്നുവെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന്, പലയിടങ്ങളിലായി മാറ്റിപ്പാർപ്പിക്കാൻ യൂസഫ് തന്നെ മുൻകൈയെടുത്തു.എന്നാൽ, ജോലിയ്ക്കു പോകുന്നുവെന്നു പറഞ്ഞാണ് യുവതി ഒമ്പതു മാസം മുമ്പ് വീട്ടിൽ നിന്നു പോയത്. ആദ്യം കോഴഞ്ചേരിയിൽ ഒരു ബന്ധുവീട്ടിൽ എത്തിയിരുന്നു. ഇവിടെ നിന്നു ബന്ധുക്കളോടു പറയാതെ മുങ്ങിയതിനെത്തുടർന്ന് ഇവർ പോലിസിൽ പരാതി നൽകിയിരുന്നു. ഇതു മാസങ്ങൾക്കു മുമ്പായതിനാൽ ആദ്യ ഘട്ടത്തിൽ പോലിസ് ശ്രദ്ധിച്ചിരുന്നില്ല.തുടർന്ന്, കഴിഞ്ഞ മാസം യുവതി യൂസഫിന്റെ വീട്ടിൽ വീണ്ടുമെത്തി. പിന്നീട്, യൂസഫ് യുവതിയെ ഒരു മാസത്തോളം സ്വന്തം വീട്ടിൽ നിന്നു പുറത്തിറക്കാതെ താമസിപ്പിച്ചു. ഇതിനിടെ, 31ന് രാത്രി ഇരുവരും തമ്മിൽ ബഹളമുണ്ടാകുകയും പിന്നോട്ടു പിടിച്ചു തള്ളിയപ്പോൾ തല ഭിത്തിയിലിടിച്ചു മരണം സംഭവിക്കുകയുമായിരുന്നു. പിന്നീട്, രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം വിജനമായ റബർ തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു.ഇന്നലെ ഉച്ചയോടെ മുണ്ടക്കയത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീടിന്റെ ഗേറ്റ് കുറച്ച് ദിവസങ്ങളായി പൂട്ടിയിട്ട നിലയിലായിരുന്നു. കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് വണ്ടി നിർത്താൻ ആവശ്യപ്പെട്ട ഇയാൾ അതുവഴി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടി.യുവതിയുടെ മാതാപിതാക്കളെയും സഹോദരനെയും ഡി.എൻ.എ പരിശോധനക്കയച്ചിട്ടുണ്ട്. മൃതദേഹം പൊതിഞ്ഞ പ്ലാസ്റ്റിക് ചാക്ക് മംഗലാപുരത്ത് നിന്ന് വന്ന കൊറിയർ കവറാണെന്ന് വ്യക്തമായിരുന്നു. ഇതിൽ നിന്നുള്ള സൂചനകളാണ് അന്വേഷണം പ്രതിയിലേക്കെത്തിച്ചത്.


