പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല, ഇത് സാധാരണ പനി പോലെ തന്നെയാണ്, നമ്മുടെ ആരോഗ്യമേഖല കൊറോണയെ നേരിടാന്‍ പരിപൂര്‍ണ സജ്ജമാണ്. കൊറോണയെ അതിജീവിച്ച രോഗി പറയുന്നത് ആത്മവിശ്വാസം നല്‍കുന്നു. കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയായിരുന്നു ഡല്‍ഹി സ്വദേശി രോഹിത് ദത്ത. രോഗവിമുക്തി നേടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഡല്‍ഹിയിലെ ആദ്യ വ്യക്തിയാണ് 45കാരനായ ഈ ബിസിനസ്സുകാരന്‍.
ഞാന്‍ ഭാവനയില്‍ കണ്ട സര്‍ക്കാര്‍ ആശുപത്രിയിലെ വാര്‍ഡായിരുന്നില്ല സഫ്ദര്‍ജങ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡ്. ഒരു ആഡംബര ഹോട്ടലിന് സമാനമായിരുന്നു അത്. ജീവനക്കാരും ശുചിത്വം പാലിച്ചിരുന്നു. ദിവസത്തില്‍ രണ്ടുനേരവും തറ വൃത്തിയാക്കിയിരുന്നു, വിരികള്‍ മാറ്റിയിരുന്നു. സുഖ ജീവിതം തന്നെ.
രണ്ടാഴ്ചയാണ് സഫ്ദര്‍ജങ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇയാള്‍ കഴിഞ്ഞത്. ‘പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല, ഇത് സാധാരണ പനി പോലെ തന്നെയാണ്, നമ്മുടെ ആരോഗ്യമേഖല കൊറോണയെ നേരിടാന്‍ പരിപൂര്‍ണ സജ്ജമാണ്. ഐസൊലേഷന്‍ വാര്‍ഡ് എന്നുപറയുന്നത് സൂര്യപ്രകാശമേകല്‍ക്കാത്ത 2×2 സെല്ല് പോലെയാണെന്ന് കരുതരുത്. കൊറോണ വൈറസ് ബാധിച്ചു എന്നുകരുതി പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ആരോഗ്യവാന്മാരാണെങ്കില്‍ ചികിത്സ കുറേക്കൂടി എളുപ്പമാണെന്നും രോഹിത് പറയുന്നു.
യൂറോപ്പില്‍ നിന്ന് ഫെബ്രുവരി 25നാണ് ഞാന്‍ മടങ്ങിയെത്തിയത്. പിറ്റേന്ന് എനിക്ക് പനിവന്നു. ഞാന്‍ ഡോക്ടറുടെ അടുത്തേക്ക് പോയി. അദ്ദേഹം എനിക്ക് തൊണ്ടയില്‍ അണുബാധയാണെന്നാണ് പറഞ്ഞത്. മൂന്നുദിവസത്തേക്ക് മരുന്നും തന്നിരുന്നു. 28 ആയപ്പോഴേക്കും എനിക്ക് അസുഖം മാറി. പക്ഷേ വീണ്ടും പനി വന്നു. അതോടെ ഞാന്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് പോയി. മാര്‍ച്ച് ഒന്നിന് എനിക്ക് കൊറോണയാണെന്ന് സ്ഥിരീകരിച്ചു.
സത്യംപറഞ്ഞാല്‍, എന്റെ പരിശോധനാഫലം പോസിറ്റീവാണെന്ന് അറിയുന്ന നിമിഷം വരെയുള്ള സമയം മാത്രമായിരുന്നു ബുദ്ധിമുട്ടേറിയത്. എന്നെ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി. ഒരു സംഘം ഡോക്ടര്‍മാര്‍ പിറ്റേന്നുതന്നെ എന്നെ കാണാന്‍ ആശുപത്രിയിലെത്തി. അവര്‍ എന്നെ ആശ്വസിപ്പിച്ചു. ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന അസുഖമാണ്, നിങ്ങള്‍ ആരോഗ്യവാനാണ്, ഇത് വെറും ജലദോഷവും ചുമയുമാണ് അത് മാറും. സാധാരണ ജലദോഷവും പനിയും ഭേദമാകാന്‍ എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഇത് ഭേദമാകാന്‍ എടുത്തേക്കാമെന്നും അവര്‍ എന്നോട് പറഞ്ഞു.
ഞാന്‍ ഒരു ഡോക്ടറല്ല, പക്ഷേ ഒന്നുപറയാം. സാധാരണ വരുന്ന ജലദോഷവും ചുമയും പോലെ ആയിരുന്നില്ല അത്. ഞാന്‍ സഫ്ദര്‍ജങ് ആശുപത്രിയില്‍ ക്രമീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു. കൊറോണ ചികിത്സക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് അത്. ആശുപത്രിയില്‍ വളരെ നല്ല സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് മികച്ചത്. എനിക്ക് ബാത്‌റൂം ഉള്‍പ്പടെയുള്ള ഒരു സ്വകാര്യ മുറിയാണ് നല്‍കിയത്.
ഹോളിയുടെ സമയത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ എന്നെ വിളിച്ചിരുന്നു. എനിക്ക് അദ്ദേഹം ഹോളി ആശംസകള്‍ നേര്‍ന്നു. കൊറോണ രോഗികളുടെ കാര്യങ്ങള്‍ ആരോഗ്യമന്ത്രിയും പ്രധാനമന്ത്രിയും നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആലോചിച്ചുനോക്കൂ, രാജ്യത്തിന്റെ ആരോഗ്യമന്ത്രി എന്നെ വിളിക്കുന്നു! ഞാനൊരു സാധാരണക്കാരനാണ്. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുന്നതിനിടയില്‍ രോഹിത് പറഞ്ഞു.
രോഗവിമുക്തി നേടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ രോഹിത് ദത്ത ഇപ്പോള്‍ സ്വന്തം വീട്ടിലാണ് കഴിയുന്നത്. സുരക്ഷയെ മുന്‍നിര്‍ത്തി അടുത്ത പതിന്നാലുദിവസം വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഇദ്ദേഹത്തിന് ഡോക്ടര്‍മാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏഴു കൊറോണ വൈറസ് ബാധിതരില്‍ ഒരാളായിരുന്നു ഇദ്ദേഹം. വൈറസ് ബാധിച്ചവരില്‍ രോഗവിമുക്തി നേടിയ രണ്ടുപേരെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.