ഡല്‍ഹി: അദ്ധ്യാപകന്റെ പീഡനമേറ്റ വിദ്യാര്‍ത്ഥിനിയെ വനിതാ പോലീസ് ലൈംഗീകമായി പീഡിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിനും തെറ്റായ തെളിവുകള്‍ സൃഷ്ടിച്ചതിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് കോടതി ഉത്തരവിട്ടത്
സ്‌കൂളിലെ അദ്ധ്യാപകന്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കാട്ടി മുന്പ് ഈ കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും ഇതില്‍ പരാതിപ്പെട്ടിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അഡീഷ്ണല്‍ സെഷന്‍സ് കോടതി ജഡ്ജി വിനോദ് യാദവ് നടപടി സ്വീകരിച്ചത്. അതേസമയം കുട്ടിയെ ഉപദ്രവിച്ച കേസില്‍ മൂന്നാം തവണയും അദ്ധ്യാപകന് കോടതി ജാമ്യം നിഷേധിച്ചു.
പെണ്‍കുട്ടിയെ വീണ്ടും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയില്ലെങ്കില്‍ കുട്ടിയെ വ്യാജകേസില്‍ കുടുക്കുമെന്ന് പിതാവിനെ ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തി. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ആശുപത്രിയില്‍ എത്തിച്ച് കുട്ടിയുടെ സമ്മതമില്ലാതെ പരിശോധന നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
മുന്പ് ക്ലാസില്‍ വച്ച് സംശയം ചോദിച്ച കുട്ടിയോട് തന്നെ ഒറ്റയ്ക്ക് വന്ന് കാണാന്‍ അദ്ധ്യാപകന്‍ ആവശ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. പിറ്റെ ദിവസം പരാതിയുമായി എത്തിയ കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ഈ അദ്ധ്യാപകന്‍ വെള്ള പേപ്പറില്‍ വിരലടയാളം രേഖപ്പെടുത്തി. ശേഷം മകളെ പീഡിപ്പിച്ചതായി പിതാവ് കുറ്റസമ്മതം നടത്തിയതായി അദ്ധ്യാപകന്‍ രേഖയുണ്ടാക്കി. ഒടുവില്‍ പൊലീസ് പോക്‌സോ നിയമപ്രകാരം അദ്ധ്യാപകന് എതിരെ കേസെടുക്കുകയായിരുന്നു.


