സ്വന്തം ലേഖകൻ
ലൈംഗിക താൽപര്യം നിഷേധിച്ചതിന് ഇടപാടുകാരിയുടെ മൊബൈൽ നമ്പർ ‘അഭിസാരിക’ എന്ന പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച ഡെലിവറി ബോയിയെ പോലീസ് അറസ്റ്റ് ചെയ്തു. ഓൺലൈനിലൂടെ ഓർഡർ ചെയ്ത ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് കൊണ്ടുവന്ന സാധനം തിരിച്ചയയ്ക്കാൻ ശ്രമിക്കുകയും പണം നൽകാതിരിക്കുകയും ചെയ്ത യുവതിയെ പാഠം പഠിപ്പിക്കാനാണ് ഇങ്ങിനെ ചെയ്‌തെന്നായിരുന്നു യുവാവിന്റെ പ്രതികരണം.
യുവാവ് ഫോൺനമ്പർ വാട്‌സ് ആപ്പ് ചെയ്തതിന് പിന്നാലെ രാത്രിയിൽ യുവതിക്ക് ലൈംഗിക താൽപ്പര്യം മുൻ നിർത്തി കോളുകളുടെ പ്രളയമായിരുന്നു. ജെപി നഗർ വാസിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ജൂലൈ എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. മക് ഡൊൺഡിൽ നിന്നും ഭക്ഷണം ഇവർ അവരുടെ ഓൺലൈൻ സംവിധാനം വഴി ഓർഡർ ചെയ്തു. രാത്രി 10 മണിയോടെ ഡെലിവറി ബോയി ഭക്ഷണം കൊണ്ടു വന്നു കൊടുത്തു. തൊട്ടു പിന്നാലെ തരം താഴ്ന്ന കമന്റുകൾ പറയുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നത്.
അവിടെ നിന്നും പോയ യുവാവ് ഒരു മണിക്കൂർ ശേഷം മൊബൈലിലേക്ക് വീണ്ടും വിളിക്കുകയും ലൈംഗിക താൽപ്പര്യം പ്രകടിപ്പിച്ച് മോശമായി സംസാരിക്കുകയും ചെയ്തു. എന്നാൽ ഇതിനോട് ശക്തമായി പ്രതികരിച്ച യുവതി കോൾ ഡിസ്‌കണക്ട് ചെയ്തു. കുറച്ച് സമയം കഴിഞ്ഞപ്പോൾ എവിടെ വന്നാൽ കാണാമെന്നും എത്രയാണ് ചാർജ്ജെന്നുമൊക്കെ ചോദിച്ച് അനേകം കോളുകളാണ് ഇവർക്ക് വന്നത്. ഇവരുടെ പരാതിയിൽ പോലീസ് നമ്പറുകൾ ശേഖരിക്കുകയും അത് 20 കാരനായ ഡെലിവർ ബോയിയുടെ മൊബൈലിൽ നിന്നുമാണെന്ന് തിരിച്ചറിയുകയും ചെയ്തു.
താൻ കൊണ്ടുവന്ന ഐറ്റം ഇഷ്ടപ്പെടാതെ അത് തിരിച്ചു കൊണ്ടുപൊയ്‌ക്കൊള്ളാൻ യുവാവിനൊട് യുവതി പറഞ്ഞത് വഴക്കായി മാറിയെന്നാണ് യുവാവ് പോലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ ഡെലിവറി ചെയ്യുന്ന സാധനം മടക്കി കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞ യുവാവ് ഭക്ഷണം അവിടെ തന്നെ വെച്ചു. എന്നാൽ പണം നൽകാൻ യുവതി കൂട്ടാക്കിയില്ല. എന്നാൽ പാഴ്‌സൽ അവിടെ വെച്ച് യുവാവ് പോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ യുവതിയുടെ നമ്പർ ഇയാൾ ‘അഭിസാരിക’ എന്ന പേരിൽ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇടുകയായിരുന്നു. യുവതിയെ വിളിച്ച എല്ലാനമ്പറുകളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എല്ലാവരേയും പൊക്കുമെന്നും പോലീസ് പറഞ്ഞു. ഭക്ഷണം വാങ്ങാൻ കൂട്ടാക്കാതിരുന്ന യുവതിയെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.


