വെളുത്ത നിറവും പൊക്കവുമുള്ള കുട്ടികളെ ജനിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്ന ആര്‍എസ്സ്എസ്സിന്റെ പദ്ധതി വലിയ രീതിയില്‍ വിമര്‍ശനം ഏറ്റ് വാങ്ങിയിരുന്നു. ഇതിന്റെ ശാസ്ത്രീയത വിശദീകരിക്കാന്‍ ഹൈക്കോടതിയും ആവശ്യപ്പെട്ടു. ഇപ്പോഴിതാ ശാസ്ത്രാഭിമുഖ്യമുള്ള ഒരു കൂട്ടം ഡോക്ടര്‍മാര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെ ജനനത്തിലെ കുഞ്ഞിന്റെ സ്വഭാവ-ഗുണ സവിശേഷതകളെക്കുറിച്ചും അവ രൂപപ്പെടുന്നത് എങ്ങനെയെന്നും വിശദീകരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ചുവടെ :
ഒരു കുഞ്ഞു പിറന്നാല്‍ ഒരു കാര്യവുമില്ലാത്ത ചോദ്യം രണ്ടെണ്ണം ഉറപ്പാണ്. അതിപ്പൊ ചോദിക്കുന്നതിന് ഇന്നാരെന്നൊന്നുമില്ല. ആരും ചോദിക്കും. വെറുതെ വഴിയില്‍ ബസ് കാത്ത് നിന്നാല്‍ വെയ്റ്റിംഗ് ഷെഡിനു താങ്ങിട്ടിരിക്കുന്ന തൂണുവരെ ചോദിക്കും… ചോദ്യം നമ്പര്‍ ഒന്ന് ‘ആണാണോ പെണ്ണാണോ ?’, ചോദ്യം നമ്പര്‍ രണ്ട് ‘കാണാനെങ്ങനെയുണ്ട് ?’. ഈ ചോദ്യം കേള്‍ക്കുമെന്ന് പേടിയുള്ളവരും ഇല്ലാത്തവരുമായ അച്ഛനമ്മമാരും കുടുംബാംഗങ്ങളും അഭ്യുദയ കാംക്ഷികളും കുഞ്ഞിനു നിറം കിട്ടാനും ബുദ്ധി കിട്ടാനും വയറ്റിലൊരു കുഞ്ഞ് അനക്കം വച്ചുതുടങ്ങുന്നത് തൊട്ട് ഓട്ടം തുടങ്ങുകയായി.
അത് മുതലെടുത്ത് ഗര്‍ഭത്തില്‍ തൊട്ട് കുഞ്ഞിനു നിറം വയ്പ്പിക്കാനുള്ള ലൊടുക്കുവിദ്യകള്‍. ഇനി ഒന്ന് പിറന്ന് കിട്ടിയാലോ, നാവില്‍ മുലപ്പാലിനു മുന്‍പ് തൊടുന്ന എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ മോതിരത്തിലെ ചെളിയും (പൊന്ന് എന്നാണ് വിശ്വാസം) തേനും വയമ്പും അടുത്ത പടിയായി പൊക്കം വയ്പ്പിച്ചേ ഞങ്ങള്‍ അടങ്ങൂ എന്ന വാശിയോടെ ‘വളരുന്ന കുട്ടികള്‍ക്ക് സ്‌പെഷ്യല്‍’ പൊടികളും എല്ലാം പണി തുടങ്ങുകയായി. ‘സല്‍പ്പുത്രന്മാരെയും പുത്രികളെയും’ സൃഷ്ടിക്കുന്നതില്‍ ഈ വിദ്യകള്‍ക്കൊക്കെ എന്തെങ്കിലും പങ്കുണ്ടോ? ഇതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടോ എന്ന് ഒന്ന് പരിശോധിക്കുകയാണ് ഇന്‍ഫോ ക്ലിനിക് ഇന്ന്.
ഒരു കഥയില്‍ നിന്ന് തുടങ്ങാം. കഥ നടക്കുന്നത് അങ്ങ് സൗത്താഫ്രിക്കയിലാണ്. തേന്‍മാവിന്‍ കൊമ്പത്തിലെ കറുത്ത കിട്ടപ്പക്കും കറുത്ത ചിന്നമ്മക്കും എങ്ങനെ വെളുത്ത കുട്ടിയുണ്ടായി എന്ന തര്‍ക്കം ഓര്‍മ്മയില്ലേ ? അതില്‍ വളരെ സിമ്പിളായി നെടുമുടി വേണുവിന്റെ കഥാപാത്രം ചിന്നമ്മയെ നാടുകടത്തലില്‍ നിന്നും രക്ഷിച്ചെടുക്കുന്ന ആ രംഗം കാണികള്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്.അത്രയൊന്നും ഭാഗ്യം പക്ഷേ സാന്ദ്രയ്ക്കുണ്ടായില്ല. ആരാണു സാന്ദ്രയെന്നല്ലേ?
സൗത്ത് ആഫ്രിക്കയില്‍ അപ്പാര്‍ത്തീഡ് കാലഘട്ടത്ത് വെളുത്ത വര്‍ഗ്ഗക്കാരായ ‘സാനിഅബ്രഹാം’ ദമ്പതികള്‍ക്ക് 1955ല്‍ പിറന്ന കുഞ്ഞ് സാന്ദ്ര ലൈങ്ങിന് നേരിടേണ്ടിവന്നത് കടുത്ത പീഠനങ്ങളായിരുന്നു. കാരണം അവളുടെ നിറം കറുപ്പായിരുന്നു എന്നതു തന്നെ. അവളുടെ മൂന്നു തലമുറകള്‍ മുന്നോട്ടുനോക്കിയാലും എല്ലാവരും വെളുത്തവര്‍ തന്നെയായിരുന്നു. ഈ ഒരു യുക്തിയില്‍ ഒരു അന്യഗ്രഹ ജീവിയോടെന്നപോലെ ആയിരുന്നു അക്കാലത്ത് സഹജീവികള്‍ അവളോട് പെരുമാറയിരുന്നത്. ഇക്കാരണത്താല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടു, സഹോദരങ്ങളാല്‍ വെറുക്കപ്പെട്ടു, അങ്ങനെ ഒരുപാട് പീഡനങ്ങള്‍.
അക്കാലത്തെ നിയമം ഒരു വെളുത്തവര്‍ഗ ദമ്പതികള്‍ക്ക് ഒരു ‘നിറം കൂടിയ’ കുട്ടിയെ വളര്‍ത്തുവാന്‍ അനുവാദം നല്‍കിയിരുന്നില്ല. എങ്കിലും അക്കാലത്ത് അവളുടെ കുടുംബം തളരാതെ പോരാടി. നിയമത്തിനു മുന്നില്‍ രക്തപരിശോധനയിലൂടെ താനാണ് അവളുടെ അച്ഛന്‍ എന്ന് എബ്രഹാമിന് തെളിയിക്കേണ്ടിവന്നു. എന്നിരുന്നാല്‍ പോലും പിന്നീട് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം അവളെ കറുത്തവര്‍ഗ്ഗക്കാരിയായി ജീവിതം തുടരുന്നതിന് നിര്‍ബന്ധിതയാക്കി. അക്കാലത്ത് DNA പരിശോധന നിലവിലുണ്ടായിരുന്നില്ല, പകരം ‘ബ്ലഡ് ടൈപ്പിംഗ്’ ആണ് ചെയ്തത്.ലൈങ്ങിന്റെ കഥ പിന്നീട് ബി.ബി.സി. ഡോക്യുമെന്ററിയായും ബുക്കുകളായും, 2008 ല്‍ ഇറങ്ങിയ ‘SKIN’ എന്ന ചലചിത്രമായും ലോകമറിഞ്ഞു…
നിറം, പൊക്കം, ബുദ്ധി തുടങ്ങി അടിമുടി കാണുന്ന സകല സൂത്രങ്ങളുടെയും പ്രത്യേകതകള്‍ നിര്‍ണയിക്കുന്നത് ജീന്‍സ് അലക്കാതെ കൊണ്ടുനടക്കുന്ന ആ സംഭവമല്ല, ഇത് ജനിതക ഘടകങ്ങള്‍ ആണ്. ഡി.എന്‍.എ എന്ന് എല്ലാവരും കേട്ടിരിക്കും. പിരിയന്‍ കോവണിയുടെ ആകൃതിയുള്ള DNAകള്‍ ചേര്‍ന്നാണ് ക്രോമസോം ഉണ്ടാവുന്നത്. ഈ DNAയുടെ ഭാഗമാണ് ജീനുകള്‍. ഓരോരുത്തരും എങ്ങിനെ ആയിരിക്കണം എന്നൊരു ഡിസൈന്‍ മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ക്കുള്ളിലെ ഈ ക്രോമസോമുകള്‍ക്കുള്ളില്‍ ഭദ്രമായി രേഖപ്പെടുത്തി വെച്ചിരിക്കുന്നു. 23 ജോഡി ക്രോമസോമുകളാണ് മനുഷ്യ കോശത്തിന്റെ ന്യൂക്ലിയസിലുള്ളത്. ഈ ക്രോമസോമുകളാണ് മനുഷ്യന്റെ ജനിതക ഘടന നിര്‍ണ്ണയിക്കുന്നത്. ഓരോ മനുഷ്യകോശത്തിലും മനുഷ്യന്റെ ഏതാണ്ടെല്ലാ ജീനുകളും ഉള്‍പ്പെട്ടിരിക്കുന്നു.
ഈ ജീനുകള്‍ ജീനുകള്‍ എന്ന് പറയുമ്പോള്‍ നമ്മള്‍ വിചാരിക്കും; പൊക്കത്തിന് ഒരു ജീന്‍, നിറത്തിനു ഒരു ജീന്‍, ബുദ്ധിക്ക് ഒരു ജീന്‍, അങ്ങനെ ആണെന്ന്. എന്നാല്‍ ഇങ്ങനെയല്ല. വളരെ ചുരുക്കം പ്രത്യേകതകളും അസുഖങ്ങളും മാത്രമേ ഒരൊറ്റ ജീനിന്റെ പ്രവര്‍ത്തനം കൊണ്ട് വരുന്നുള്ളു. മിക്ക കാര്യങ്ങളും ഒന്നിലേറെ ജീനുകളുടെ പ്രവര്‍ത്തനത്തിലൂടെയാണ് സംഭവിക്കുന്നത്.
ഉദാഹരണത്തിന് തൊലിയുടെ നിറം. മെലാനിന്‍ എന്ന കറുപ്പ് ചായത്തിന്റെ ലെവല്‍ ആണ് തൊലിയുടെ നിറം നിശ്ചയിക്കുന്നത്. ചുരുങ്ങിയത് ഇരുപത് ജീനുകളെങ്കിലും ഇതിനായി പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടു പിടിച്ചിട്ടുണ്ട്. കൂടുതല്‍ ഉണ്ടായേക്കാം. ഇങ്ങനെ വരുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും ഇടക്കുള്ള ഒരു നിറം വരാനാണ് സാധ്യത. എന്നാല്‍ ചിലപ്പോള്‍ അല്ലാതെയും മാറ്റങ്ങള്‍ വരാം; തികച്ചും ആകസ്മികമായി..
നിങ്ങളെ വെളുപ്പിച്ച് (പോക്കറ്റാണോ ആവോ) സുന്ദരനാക്കിയേ അടങ്ങൂ എന്ന് കച്ചകെട്ടി ഇറങ്ങുന്നവര്‍ ആദ്യം കൈ വയ്ക്കുന്നത് തൊലിപ്പുറത്തല്ലേ… അതുകൊണ്ട് ആദ്യം നിറത്തിലേക്ക് വരാം. ശരീരത്തിലെ മറ്റേതൊരു അവയവത്തിലുമെന്നതുപോലെ തന്നെ ത്വക്കിന്റെ നിര്‍മിതിയും കോശങ്ങളാലാണ്. ഒരു ഭിത്തിയുടെ നിര്‍മിതിയിലെന്ന പോലെ പല അടുക്കുകളിലായി കോശങ്ങള്‍ നിരത്തപ്പെട്ടിരിക്കുന്നു. അതിലെ ഏറ്റവും പുറത്തെ ഒരു നിര ‘എപ്പിഡെര്‍മിസ്’ എന്നാണ് അറിയപ്പെടുന്നത്. ഇതില്‍ ഏറ്റവും താഴത്തേ ഒരു നിര കോശങ്ങളുടെ നിരന്തരമായ വിഭജനം മൂലം പുതിയ കോശങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടേയിരിക്കും, പുതിയ കോശങ്ങള്‍ തൊലിയുടെ പ്രതലത്തിലേക്ക് തള്ളപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കും. കോശങ്ങളുടെ ഈ ഒരു യാത്ര ഏകദേശം 28 ദിവസം കൊണ്ടാണ് പൂര്‍ത്തിയാവുക.
മനുഷ്യരുടെ നിറം നിര്‍ണയിക്കുന്നതില്‍ ഏറ്റവും പ്രധാനമായ പങ്കുവഹിക്കുന്ന മെലാനിന്‍ എന്ന വര്‍ണവസ്തു നിര്‍മിക്കപ്പെടുന്നത് എപ്പിഡെര്‍മിസില്‍ കുടികൊള്ളുന്ന ‘മെലനോസൈറ്റ്’ എന്ന സ്‌പെഷ്യലിസ്റ്റ് കോശങ്ങളിലാണ്. മെലനോസൈറ്റുകളില്‍ മെലാനിന്‍ നിര്‍മ്മിക്കപ്പെടുന്നത് പല ഘടങ്ങളുള്ള ഒരു സങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ്. ഈ ഘട്ടങ്ങള്‍ ഓരോന്നിലും പല ജീനുകളുടെ നിയന്ത്രണം ഉണ്ട്. ചില ജീനുകള്‍ മെലാനിന്‍ ഉണ്ടാക്കുന്നത് നിയന്ത്രിക്കുന്നു.
പ്രധാനമായും രണ്ടു തരത്തിലുള്ള മെലാനിന്‍ ആണ് നിര്‍മ്മിക്കപ്പെടുക. 1. കടും കറുപ്പു നിറത്തിലുള്ള ‘യൂമെലാനിന്‍’ 2. ചുവപ്പ്/മഞ്ഞ നിറമുള്ള ‘ഫിയോമെലാനിന്‍’. ഈ രണ്ടു വര്‍ണവസ്തുക്കളുടെയും സാന്ദ്രത ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. അതായത് കൂടുതല്‍ യൂമെലാനിന്‍ ഉള്ള ആളുകള്‍ക്ക് കൂടുതല്‍ ഇരുണ്ട നിറമായിരിക്കും.
ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന മെലാനിന്‍ ചെറിയ പാക്കറ്റുകളാക്കി (മെലനോസോം) തൊലിപ്പുറത്തെ മറ്റു കോശങ്ങളുടെ ഉള്ളിലേക്ക് കടത്തിവിടപ്പെടും. ഈ മെലനോസോമുകളുടെ പ്രധാന കടമ, ഒരു കുട പോലെ നിന്ന് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ ആക്രമണത്തില്‍ നിന്ന് നൂക്ലിയസിനുള്ളിലെ ജനിതകവസ്തുക്കളെ രക്ഷിക്കുക എന്നതാണ്. യൂമെലാനിന്‍ കുറവുള്ള ആളുകളില്‍ തൊലിയില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ താഴെയുള്ള കോശങ്ങളില്‍ ജനിതകമാറ്റത്തിനു കാരണമാകാറുണ്ട്. ഇതാണ് പൊതുവെ വെളുപ്പു കൂടുതലുള്ള മനുഷ്യരില്‍ ത്വക് കാന്‍സറുകള്‍ കൂടുതലായി കാണപ്പെടാനുള്ള കാരണം…
ച്ചാല്‍ വെളുപ്പ് എപ്പൊഴും അനുഗ്രഹം എന്ന് വിളിക്കാന്‍ പറ്റില്ലായെന്ന്…ന്നാലും എന്തുകൊണ്ടായിരിക്കും ചില പ്രദേശക്കാര്‍ക്ക് അല്പം നിറം കൂടുതല്‍ ? അതായത് ഭൂമിയിലെ ഓരോ മേഖലയിലും കാണുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്ദ്രതയ്ക്കനുസരിച്ച് വര്‍ഷങ്ങള്‍ (ഒന്നോ രണ്ടോ അല്ല കേട്ടോ… പതിനായിരക്കണക്ക് വരും) കൊണ്ട് പരിണാമചക്രത്തില്‍ ഓരോ നിറങ്ങള്‍ ഉരുത്തിരിഞ്ഞതാണ്….അതാണ് ഏഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയും മനുഷ്യര്‍ക്ക് നിറവൈവിദ്ധ്യമുണ്ടാകാന്‍ കാരണം.
ഇനി ‘ഞാന്‍ വളരുകയല്ലേ മമ്മീ ?’… അതെ, പൊക്കം. പൊക്കത്തിന്റെ കാര്യം പറയുമ്പൊ രണ്ട് പേര്‍ നോക്കിച്ചിരിക്കുന്നുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും. അത് അവസാനം പറയാം..
നിറത്തേക്കാള്‍ സങ്കീര്‍ണ്ണമാണ് പൊക്കം. പൊക്കം നിശ്ചയിക്കുന്ന ഏകദേശം നാനൂറ് ജീനുകള്‍ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു ! അത് കൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും മദ്ധ്യേ ഉള്ള ഒരു പൊക്കമായിരിക്കും മിക്കവാറും കുട്ടികള്‍ക്ക് (ആണുങ്ങള്‍ക്ക് കൂടും, പെണ്ണുങ്ങള്‍ക്ക് കുറയും. ഇത് കണ്ടെത്താന്‍ ഒരു ഏകദേശക്കണക്കുമുണ്ട്. ഉദാഹരണത്തിന് അച്ഛന്റെ ഉയരം 180 സെന്റിമീറ്ററും യും അമ്മയുടേത് 160 സെന്റിമീറ്ററും ആണെന്നിരിക്കട്ടെ. അവരുടെ കുട്ടി ആണ്‍കുട്ടിയാണ് എങ്കില്‍ 176 സെന്റിമീറ്ററില്‍ നിന്ന് ഒരല്പം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയും പെണ്‍കുഞ്ഞാണെങ്കില്‍ 163 സെന്റിമീറ്ററിനോട് അടുത്തുമായിരിക്കും.). പക്ഷെ ഈ കണക്കു നോക്കിയിട്ടും വലിയ കാര്യമില്ല. പോഷകാഹാരം, വ്യായാമം, വളര്‍ന്നു വരുമ്പോള്‍ ഉണ്ടായേക്കാവുന്ന അസുഖങ്ങള്‍ ഇവയൊക്കെ തന്നെ പൊക്കത്തെ ബാധിക്കാം.
ഇത് രണ്ടിനേക്കാളും സങ്കീര്‍ണ്ണമാണ് ബുദ്ധി. അതെന്താണ് എന്നതിന് തന്നെ വിദഗ്ധര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാലും ഒന്നുറപ്പാണ്. ഐ ക്യു ടെസ്റ്റ് എന്ന ടെസ്റ്റ് ഉപയോഗിച്ചു അളക്കുന്ന, ലോജിക്കല്‍, മാത്തമറ്റിക്കല്‍, ഭാഷാപ്രാവീണ്യം, പ്രശ്‌ന പരിഹാരം, സ്‌പേഷ്യല്‍ സ്‌കില്‍സ് എന്നിങ്ങനെ ഉള്ള സാമാന്യ ബുദ്ധി (ജനറല്‍ ഇന്റലിജന്‍സ്) എന്ന സാധനവും പാരമ്പര്യവും തമ്മില്‍ എന്തായാലും ബന്ധം ഉണ്ട്. നമ്മുക്ക് അറിയാന്‍ പാടില്ലാത്തതാണ് ഇത്തരം കാര്യങ്ങളുടെ പാരമ്പര്യം. എന്നാലും ഒരു പോലിരിക്കുന്ന ഇരട്ട കുട്ടികള്‍ (ജന്മനാ രണ്ടു വീട്ടില്‍ വളര്‍ന്നവരില്‍) ഉള്ള പഠനങ്ങള്‍ (മിസ്ട്രാ മുതലായവ) കാണിക്കുന്നത് ഇത്തരം ബുദ്ധിശക്തി അമ്പതു ശതമാനത്തോളം പാരമ്പര്യം ഉണ്ടെന്നാണ്.
എന്നാല്‍ പോലും നാമോര്‍ക്കണം അന്‍പത് ശതമാനം പാരമ്പര്യം മൂലമല്ല ! പഠനം, ഭക്ഷണം, സ്‌കൂള്‍, കൂട്ടുകാര്‍, ചുറ്റുപാടുകള്‍ ഒക്കെ പ്രധാനമാണ്. മാത്രമല്ല, ഗാര്‍ഡ്‌നര്‍ എന്ന ശാസ്ത്രഞ്ജന്റെ നിഗമനം അനുസരിച്ച ബുദ്ധിക്ക് ഐ ക്യു ടെസ്റ്റ് മൂലം അളക്കാന്‍ പറ്റാത്ത കുറെ മാനങ്ങള്‍ കൂടിയുണ്ട്. പാട്ട്, ചിത്രകല തുടങ്ങിയവ, മറ്റുള്ളവരുമായി ബന്ധം സ്ഥാപിച്ചു നന്നായി ഇടപഴകുന്നത്, സ്‌പോര്‍ട്‌സ്, കളികള്‍ എന്നിവയില്‍ ഉള്ള കഴിവ് എന്നിവയൊക്കെ അതില്‍ പെടും.
മാത്രമല്ല ബുദ്ധി എന്ന് പറയുന്ന നിര്‍വചനത്തില്‍ പെടാത്ത പലതും ഒരു മനുഷ്യന് അത്യാവശ്യമാണ്. സഹ ജീവികളെ സമത്വ ഭാവത്തോടെ കാണാനുള്ള കഴിവ്, സമൂഹത്തില്‍ തനിക്ക് എന്തിക്കെ ചെയ്യാനാകും എന്ന തിരിച്ചറിവ്, സ്വന്തം കഴിവുകള്‍ എന്തൊക്കെ, പരിമിതികള്‍ ഏതെല്ലാം എന്നറിയാനുള്ള തിരിച്ചറിവ്, തുടങ്ങി മറ്റുള്ളവര്‍ വേറെ തരത്തിലും വിശ്വാസത്തിലും ഉള്ളവരായാലും അവരെ ദ്വേഷിക്കുകയും ഉപദ്രവിക്കുകയും ചെയ്യാനുള്ള പ്രവണതയെ നിയന്ത്രിക്കാനുള്ള പരമമായ വിവേകം ഇവയൊക്കെ വേണം. അല്ലേ ഉവ്വോ ?
കുട്ടിയുടെ ലിംഗം ഏതെന്ന് നിശ്ചയിക്കപ്പെടുന്നതിനെ പറ്റിയും നിരവധി അന്ധവിശ്വാസങ്ങളുണ്ട്. ചില പ്രത്യേക സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കുട്ടി ആണായിരിക്കുമെന്നൊക്കെയുള്ള സന്ദേശങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ടല്ലോ. അതിലെ വസ്തുതകളിലേക്ക് ഒന്നുസഞ്ചരിക്കണ്ടേ ?
സ്ത്രീയുടെ അണ്ഡവുമായി (Ovum) സംയോജിക്കുന്ന പുരുഷ ബീജത്തിലെ (Sperm) സെക്‌സ് ക്രോമസോം ഏതെന്നതനുസരിച്ചാണ് കുട്ടി ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കപ്പെടുന്നത്. Xക്രോമസോമാണ് സംയോജിക്കുന്നതെങ്കില്‍ പെണ്‍കുട്ടിയും Yക്രോമസോമാണ് സംയോജിക്കുന്നതെങ്കില്‍ ആണ്‍കുട്ടിയുമായിരിക്കും. അതായത് അണ്ഡത്തില്‍ Xക്രോമസോം മാത്രമേയുള്ളൂ.
സംയോജനത്തിന് ശേഷം XX ആണെങ്കില്‍ പെണ്‍കുട്ടിയും XY ആണെങ്കില്‍ ആണ്‍കുട്ടിയും. 10 കോടി ബീജങ്ങളൊക്കെയാണ് ഒരു മില്ലി ശുക്ലത്തിലുണ്ടാവുക. അവയില്‍ ഏത് സെക്‌സ് ക്രോമസോമുള്ളതാണ് അണ്ഡവുമായി സംയോജിക്കുന്നതെന്നത് നിര്‍ണ്ണയിക്കാനോ നിയന്ത്രിക്കാനോ സാധ്യമല്ല. 2 മില്ലിലിറ്ററെങ്കിലും ശുക്ലമാണ് ഒരു സ്ഖലനത്തില്‍ (Ejaculation) സാധാരണയുണ്ടാവുക. ഏത് സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും ഈ പ്രക്രിയയില്‍ വ്യത്യാസമുണ്ടാവുന്നില്ല.
മനസിലാക്കേണ്ടത് ഇതാണ്. കുട്ടി ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നത് ആണിന്റെ ബീജമാണ്. അത് പെണ്ണിന്റെ കുറ്റമായും കുറവായും അതിപുരാതനകാലം തൊട്ടേ വ്യാഖ്യാനങ്ങളുണ്ടെന്നറിഞ്ഞുകൊണ്ടാണ് ഇത് പറയുന്നത്. രണ്ട്, കഞ്ഞി കുടിക്കുന്നതോ നാരങ്ങവെള്ളം കുടിക്കുന്നതോ ഇറച്ചി കഴിക്കുന്നതോ ദിവസം നോക്കി ബന്ധപ്പെടുന്നതോ അതിനെ ബാധിക്കുകയുമില്ല.
ബാഹ്യ രൂപത്തിലെ വൈവിദ്ധ്യം നല്‍കുന്നത് മാത്രമാണ് നിറത്തിനും പൊക്കത്തിനും ഉള്ള പ്രത്യേകത. പൊക്കവും നിറവും രൂപവും വച്ച് ഉത്തമന്‍ എന്ന വിധികല്‍പ്പന ശാസ്ത്രീയമല്ല. ആയിരുന്നെങ്കില്‍ പൊക്കം അല്പം കുറവായ സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും നിറം അല്പം കൂടുതലുള്ള ഉസൈന്‍ ബോള്‍ട്ടും ജെസി ഓവന്‍സും ശരീരം അനക്കാന്‍ പോലും കഴിയാത്ത സ്റ്റീവന്‍ ഹോക്കിന്‍സെന്ന മഹാശാസ്ത്രജ്ഞനുമൊന്നും ആ പട്ടികയില്‍ പെടില്ലായിരുന്നല്ലോ.
എപ്പോളും ഓര്‍മ്മിക്കേണ്ട ഒന്നുണ്ട്, അതുകൂടി പറഞ്ഞവസാനിപ്പിക്കാം.
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടികള്‍ 51 A (h) എന്താണ് പറയുന്നതെന്നറിയണ്ടേ? ശാസ്ത്ര അഭിരുചിയും മാനവികതയും അന്വേഷണത്വരയും പരിഷ്‌കരണബോധവും വളര്‍ത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റെയും കടമയാണ്. ഈ അടിസ്ഥാന ആശയങ്ങളെ പോലും അവഗണിച്ചുകൊണ്ട് പ്രചരിപ്പിക്കപ്പെടുന്ന ശാസ്ത്രവിരുദ്ധ പരിഷ്‌കരവിരുദ്ധ ആശയങ്ങളെ ഇല്ലായ്മ ചെയ്യേണ്ടേ?
എഴുതിയത്: Dr. Jimmy Mathew, Dr. Kiran Narayanan, Dr. Nelson Joseph & Dr. Jinesh PS
കടപ്പാട്: Info Clinic