പതിനഞ്ചുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ എഴുപത്തൊന്നുകാരനുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍; വിവരം പുറത്തായത് ഒളിവില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍

ആലക്കോട്: പതിനഞ്ചുകാരി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ എഴുപത്തൊന്നുകാരനുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തേര്‍ത്തല്ലിക്കടുത്ത പെരുവട്ടത്തെ കണ്ണംവെള്ളി കുഞ്ഞിരാമന്‍ (71), മുക്കടയിലെ ഒറ്റപ്ലാക്കല്‍ മനു തോമസ് (31), മുകാലയില്‍ നിധിന്‍ ജോസഫ് (27) എന്നിവരാണ് അറസ്റ്റിലായത്. ആലക്കോട് പോലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്.

പ്രതികളുടെ പേരില്‍ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു. കുഞ്ഞിരാമന്റെ പേരില്‍ ബലാത്സംഗത്തിനും കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി പോലീസ് തിരയുന്നുണ്ട്. ആലക്കോട് സി.ഐ. ഇ.പി.സുരേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

പീഡനത്തില്‍നിന്ന് രക്ഷപ്പെടാന്‍ മുത്തശ്ശിയുടെ വീട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയതോടെയാണ് രണ്ടുവര്‍ഷത്തോളമായി തുടരുന്ന പീഡനവിവരം പുറത്തുവന്നത്. മകളെ കാണാനില്ലെന്ന് അമ്മ പോലീസില്‍ പരാതിപ്പെട്ടിരുന്നു. റബ്ബര്‍തോട്ടത്തില്‍ കാര്യസ്ഥനായ കുഞ്ഞിരാമന്‍ ഇയാള്‍ താമസിക്കുന്ന ഷെഡില്‍വച്ചാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴിനല്‍കി. ഭീഷണിപ്പെടുത്തി രണ്ടുവര്‍ഷത്തോളം പീഡനം തുടരുകയായിരുന്നു.

തൊഴിലാളികളാണ് മനു തോമസും നിധിന്‍ ജോസഫും. രണ്ടുവര്‍ഷം മുന്‍പ് രണ്ടാളുകള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് നേരില്‍ക്കണ്ട കുഞ്ഞിരാമന്‍ ഇക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയെ ഷെഡില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.

മുത്തശ്ശിയുടെ വീട്ടില്‍വെച്ചാണ് പെണ്‍കുട്ടിയെ നിധിനും മനുവും പരിചയപ്പെട്ടത്. ഇവര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതായാണ് കേസ്.

കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ മുത്തശ്ശിയുടെ വീട്ടില്‍ കണ്ടെത്തിയത്. മുത്തശ്ശി അറിയാതെ വീട്ടിനുള്ളില്‍ കടന്ന് തട്ടിന്‍പുറത്ത് കയറി ചാക്കുവിരിച്ച് കിടക്കുകയായിരുന്നു. മുത്തശ്ശി പുറത്തുപോകുമ്പോള്‍ താഴെയിറങ്ങി പ്രാഥമികാവശ്യങ്ങള്‍ നടത്തുകയും ഭക്ഷണമെടുത്തു കഴിക്കുകയുമായിരുന്നു.

യാദൃച്ഛികമായി പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ കണ്ട മുത്തശ്ശി അയല്‍ക്കാരെ വിവരമറിയിക്കുകയും അവര്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസ് ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ അഞ്ചുപേര്‍ പീഡിപ്പിച്ചതായി പറയുന്നു. കൂടുതല്‍പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കും.

Top