തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പോലീസിനെ ഏറെ ബുദ്ധിമുട്ടിച്ചെന്ന് ഡിജിപി സെന്‍കുമാര്‍. അപകട സ്ഥലം സന്ദര്‍ശിക്കാനുള്ള മോഡിയുടെ തീരുമാനത്തെ പോലീസ് അധികൃതര്‍ എതിര്‍ത്തിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെയുള്ള മോഡിയുടെയും രാഹുലിന്റെയും സന്ദര്‍ശനം പോലീസിനെ മുഴുവനും ബുദ്ധിമുട്ടിച്ചു.
സന്ദര്‍ശനം അടുത്ത ദിവസം മാറ്റാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ മോഡിക്കും രാഹുലിനും സുരക്ഷ ഒരുക്കേണ്ടി വന്നുവെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി അന്നേദിവസം സന്ദര്‍ശിക്കാതിരിക്കുന്നതായിരുന്നു നല്ലതെന്ന് അദ്ദേഹത്തെ അറിയിച്ചു. പക്ഷേ, അദ്ദേഹത്തിന് അന്നുതന്നെ വരണമെന്ന് നിര്‍ബന്ധമായിരുന്നു.
മുഴുവന്‍ പൊലീസ് സേനയും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. അതിരാവിലെ തുടങ്ങിയ ജോലിക്കിടയില്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ പോലും പറ്റാതെ പൊലീസ് വല്ലാതെ തളര്‍ന്നിരുന്നു. ധാരാളം ജോലികള്‍ ബാക്കി കിടക്കുന്നതിനിടയില്‍ അവര്‍ക്കു കൂടി സുരക്ഷ ഒരുക്കേണ്ടതായി വന്നെന്നും ഡിജിപി പറഞ്ഞു.
സാധാരണഗതിയില്‍ പ്രധാനമന്ത്രി വരുമ്പോള്‍ അതാത് വകുപ്പു സെക്രട്ടറിമാര്‍ വഴി സര്‍ക്കാരിനെ അറിയിക്കുകയാണ് പതിവ്. എന്നാല്‍ അന്നത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിക്കുകയും അവിടെ നിന്ന് തന്നെ അറിയിക്കുകയുമായിരുന്നു. തഅന്നത്തെ തിരക്ക് പ്രമാണിച്ച് തിങ്കളാഴ്ച എത്തിയാല്‍ മതിയെന്നു താന്‍ പറഞ്ഞതാണ്. എന്നാല്‍, അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ ഞങ്ങള്‍ക്കു വഴങ്ങുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നും ഡിജിപി പറഞ്ഞു.
പരവൂര്‍ വെടിക്കെട്ട് അപകടമുണ്ടായ വിവരം അറിഞ്ഞ ഉടന്‍ സ്ഥലം സന്ദര്‍ശിക്കാനുള്ള താല്‍പര്യം മുഖ്യമന്ത്രിയെ പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ പങ്കെടുക്കുകയും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതേദിവസം തന്നെ രാഹുല്‍ ഗാന്ധിയും അപകട സ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ചിരുന്നു.