ക്രിസ്ത്യന്‍ ബൈബിള്‍ പൂജിക്കുന്ന  ക്ഷേത്രം

ബൈബിള്‍ ദിവസവും പൂജിക്കുന്ന ക്ഷേത്രം. ആരും വിശ്വസിക്കത്തില്ല. കര്‍ണാടകയിലെ ധര്‍വാഡ് ജില്ലയിലെ നവല്‍ഗുഡ് പട്ടണത്തിലെ നാഗലിംഗസ്വാമി ക്ഷേത്രത്തിലാണ് ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ബൈബിള്‍ പൂജിക്കപ്പെടുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന യോഗിയായ നാഗലിംഗസ്വാമിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.

ഇദേഹവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ബൈബിളിനെ ദിവസവും പൂജിക്കുന്നതിനു കാരണവും. കന്നഡ ഭാഷയിലുള്ള ബൈബിള്‍ ലണ്ടനിലെ മിഷനറീസ് ഓഫ് ജെര്‍മന്‍സ് കമ്മിറ്റിയും വെസ്ലിയന്‍ മിഷനറി സൊസൈറ്റീസും ചേര്‍ന്ന് 1865 ല്‍ മാംഗ്ലൂറിലാണ് പ്രസിദ്ധീകരിച്ചത്. ബൈബിള്‍ പൂജിക്കുന്നതിനു പിന്നിലെ ഐതിഹ്യമിങ്ങനെ; ബഗല്‍കോട്ട് ജില്ലയിലെ മുഷ്തിഗേരി ഗ്രാമ നിവാസിയായിരുന്ന കല്ലപ്പ എന്നയാള്‍ക്ക് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഒരു ബൈബിള്‍ നല്‍കി.

ഒരിക്കല്‍ നാഗലിംഗസ്വാമി കല്ലപ്പയെ കാണാന്‍ എത്തിയപ്പോള്‍ എന്തോ കാരണത്താല്‍ കല്ലപ്പ ബൈബിള്‍ സ്വാമി കാണുന്നതില്‍ നിന്ന് ഒളിപ്പിച്ചു. എന്നാല്‍ സംസാരത്തിനിടയില്‍ സ്വാമി തന്റെ പുനര്‍ജന്മത്തെ കുറിച്ച് കല്ലപ്പയോട് പറയുകയും ബൈബിള്‍ കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കല്ലപ്പ നല്‍കിയ ബൈബിളില്‍ സ്വാമി ഒരു കൊളുത്ത് ഉപയോഗിച്ച് ദ്വാരമുണ്ടാക്കി. ശേഷം ആ ദ്വാരത്തിലൂടെ ഒരു വിക്ടോറിയന്‍ നാണയം ഇടുകയും അത് മറു വശത്ത് കൂടി പുറത്ത് വരികയും ചെയ്തു. ഇതിനുശേഷം ബൈബിളിലെ ദ്വാരം എന്ന് സ്വയം മൂടുന്നുവോ അന്ന് താന്‍ പുനര്‍ജനിക്കുമെന്ന് നാഗലിംഗസ്വാമി കല്ലപ്പയോട് പറഞ്ഞത്രെ. നാഗലിംഗ സ്വാമി പറഞ്ഞതു പ്രകാരം ബൈബിളിലെ ദ്വാരം ചെറുതായി വരുകയാണെന്നാണ് ക്ഷേത്രാധികാരികള്‍ അവകാശപ്പെടുന്നത്.

ദ്വാരം കാരണം കാണാന്‍ കഴിയാതിരുന്ന അക്ഷരങ്ങള്‍ വീണ്ടും കാണാന്‍ കഴിയുന്നു എന്നും അവര്‍ പറയുന്നു. ദ്വാരത്തിന്റെ വ്യാസം ക്ഷേത്രം അധികൃതര്‍ നിശ്ചിത സമയങ്ങളില്‍ അളക്കുന്നുണ്ട്. ബൈബിളിലെ ദ്വാരത്തിനു ചുറ്റും വൃത്തത്തിലുള്ള വരകളും കാണാന്‍ കഴിയും. വര്‍ഷങ്ങളായി ദ്വാരത്തിന്റെ വലിപ്പം അടയാളപ്പെടുത്തിയതാണ് അവ. നേരത്തേ അനുവാദം വാങ്ങിയാല്‍ രാവിലെയുള്ള പൂജയ്ക്ക് മുന്‍പ് ആര്‍ക്കും ബൈബിള്‍ കാണാന്‍ കഴിയും. ക്ഷേത്രം പ്രസിദ്ധീകരിച്ച നാഗലിംഗ സ്വാമിയുടെ ജിവചരിത്രത്തിലും ബൈബിളിനെക്കുറിച്ച് പറയുന്നുണ്ട്.

Top