ബെംഗളൂരു: കേരളത്തിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ തന്നോട് ഷര്‍ട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇതുവലിയ വിവേചനമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
‘ഒരിക്കല്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ അവര്‍ എന്നോട് ഷര്‍ട്ട് അഴിച്ച് അകത്ത് കയറാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ക്ഷേത്രത്തില്‍ കയറാന്‍ വിസമ്മതിക്കുകയും പുറത്ത് നിന്ന് പ്രാര്‍ത്ഥിക്കാമെന്ന് അവരോട് പറയുകയും ചെയ്തു. ചിലരോട് മാത്രമാണ് അവര്‍ ഷര്‍ട്ടഴിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് തികച്ചും മനുഷ്യത്വരഹിതമായ ആചാരമാണ്. ഈശ്വരന് മുന്‍പില്‍ എല്ലാവരും സമന്‍മാരാണ്”സാമൂഹിക പരിഷ്‌കര്‍ത്താവായ നാരായണ ഗുരുവിന്റെ 169-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന വലിയ വിവാദമാവുകയും ചെയ്തു.
ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും പ്രവേശിക്കണമെങ്കില്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് അഴിച്ചുമാറ്റണമെന്നും ഷോള്‍ പോലുള്ള അംഗവസ്ത്രം മാത്രമേ ധരിക്കാവൂ എന്നും ചിലര്‍ വാദിച്ചു. കേരളം മാത്രമല്ല, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി ക്ഷേത്രങ്ങളും ഈ രീതി പിന്തുടരുന്നുണ്ട്.