മലപ്പുറം: ഡിഫ്തീരിയ രോഗം സംസ്ഥാനത്തെ ആശങ്കയിലാക്കുന്നു. രോഗം ബാധിച്ച് വീണ്ടും മരണം സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം സ്വദേശി മുഹമ്മദ് അഫ്സാഖ് (19) ആണ് ഡിഫ്തീരിയ ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് 16 കാരന്‍ മരിച്ചിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് അഫ്സാഖ്. കഴിഞ്ഞ ദിവസം മരിച്ചത് താനൂര്‍ സ്വദേശി മുഹമ്മദ് അമീറാണ്. നാല് ദിവസത്തോളം കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമീറിന് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് വിവരം. ഒരാള്‍ കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ച് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ മലപ്പുറത്ത് ഡിഫ്തീരിയ പേടി വര്‍ധിക്കുകയാണ്.
കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നുണ്ടെങ്കിലും പലരും പ്രതിരോധ കുത്തിവെപ്പിന് സഹകരിക്കാതെ അവഗണിക്കുകയാണ് ചെയ്യുന്നത്.