അമിതാഹ്ലാദമില്ലാതെ ദിലീപ് !..ഇനി ദിലീപ് ലീലകൾ !ജാമ്യം കിട്ടിയ വിവരം അറിഞ്ഞപ്പോള്‍ ദിലീപ് പ്രതികരിച്ചത് ഇങ്ങനെ

കൊച്ചി: 85 ദിവസത്തിനുശേഷം കോടതിയില്‍നിന്ന് ജാമ്യം ലഭിച്ച വാര്‍ത്തയോട് ദിലീപ് പ്രതികരിച്ചത് അമിതാഹ്ലാദമില്ലാതെ. കോടതി ജാമ്യം അനുവദിച്ച കാര്യം ജയില്‍ സൂപ്രണ്ടാണ് ദിലീപിനെ അറിയിച്ചത്. കിട്ടിയോ? ഇതായിരുന്നു ദിലീപിന്റെ ആദ്യപ്രതികരണം. ജാമ്യം കിട്ടിയതില്‍ ആശ്വാസമെന്ന് പറഞ്ഞ് ചെറുതായി പുഞ്ചിരിച്ചു. മറ്റൊന്നിനെക്കുറിച്ചും ദിലീപ് സംസാരിച്ചില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഇന്നുതന്നെ ദിലീപിന് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയില്‍ നല്‍കിയ മൂന്നാം ജാമ്യാപേക്ഷയിലാണ് ദിലീപിന് ജാമ്യം കിട്ടിയത്.മൂന്നാം തവണയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ രണ്ട് തവണയും ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. രണ്ട് തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതി വീണ്ടും കൈവിട്ടാല്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് ദിലീപിന് ജാമ്യം ലഭിച്ചത്.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജൂലൈ പത്താം തീയതിയാണ് ദിലീപിനെ അറസ്റ്റു ചെയ്യുന്നത്. രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചശേഷം വൈകിട്ട് ഏഴേകാലോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് കോടതി നിര്‍ദേശപ്രകാരം ആലുവ സബ്ജയിലിലേക്ക് അയച്ചു. രണ്ടാം നമ്പര്‍ സെല്ലില്‍ 523-ാം നമ്പര്‍ തടവുകാരനായാണ് ദിലീപിനെ പാര്‍പ്പിച്ചിരുന്നത്. കൊലക്കേസിലും മോഷണക്കേസിലും പ്രതിയായവരായിരുന്നു ഒപ്പമുണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിന്റെ ജാമ്യാപേക്ഷയിലെ പ്രധാന വാദങ്ങള്‍ ഇവയൊക്കെയാണ് . .

1. സിനിമയിലെ ഒരു വിഭാഗം തനിക്കെതിരെ ഗൂഢാലോചന നടത്തി.2. പള്‍സര്‍ സുനിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല
3. ഫെബ്രുവരി 19ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ഇത് തനിക്കെതിരെയാണെന്ന് മാദ്ധ്യമങ്ങളും സമൂഹ മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചു.
4. 140 സിനിമകളിലഭിനയിച്ച് ജനപ്രിയനായ തന്നെ ഒറ്റരാത്രി കൊണ്ട് അവര്‍ വില്ലനാക്കി.
5. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന് കണ്ടെത്തി രണ്ട് അഭിഭാഷകരെ കേസില്‍ പ്രതിയാക്കി. നേരത്തേ ജാമ്യം നിഷേധിക്കാന്‍ കാരണമായ ഈ സാഹചര്യങ്ങള്‍ മാറി.
6. സിനിമാ രംഗത്തെ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടെടുത്തത് ശത്രുക്കളെ ഉണ്ടാക്കി. 2016 ലെ ക്രിസ്മസ് കാലത്ത് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരത്തിലായി. ലിബര്‍ട്ടി ബഷീര്‍ സ്വന്തമെന്ന പോലെയാണ് സംഘടന കൊണ്ടു നടന്നത്. തിയേറ്റര്‍ ഉടമ കൂടിയായ താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഫിയോക്ക് എന്നപേരില്‍ പുതിയ സംഘടനയുണ്ടാക്കി. ഇതേത്തുടര്‍ന്ന് ലിബര്‍ട്ടി ബഷീര്‍ തനിക്കെതിരെ വിഷം തുപ്പാന്‍ തുടങ്ങി.
7. പരാതിക്കാരിയോ സാക്ഷികളോ കേസില്‍ തനിക്കു പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല.

ഡി.ജി.പിക്കും ശ്രീകുമാര്‍ മേനോനും എതിരെ ആരോപണങ്ങള്‍

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ചലച്ചിത്ര താരം മഞ്ജു വാര്യര്‍, പരസ്യ ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതിങ്ങനെ: ഏപ്രില്‍ 10ന് വൈകിട്ട് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ നാദിര്‍ഷയെ വിഷ്ണു എന്നു പരിചയപ്പെടുത്തി ഒരാള്‍ ഫോണില്‍ വിളിച്ചിരുന്നു. പള്‍സര്‍ സുനി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേരു പറയാന്‍ സിനിമാ രംഗത്തെ ചിലര്‍ സുനിയെ നിര്‍ബന്ധിക്കുന്നുവെന്നും പറഞ്ഞാണ് ഫോണ്‍ വിളിച്ചത്.

രണ്ടു നടന്‍മാരുടെയും ഒരു നടിയുടെയും ഒരു സംവിധായകന്റെയും പേരു പറഞ്ഞു. ഇതു റെക്കാഡ് ചെയ്ത നാദിര്‍ഷ തനിക്ക് അയച്ചു നല്‍കി. അന്നു തന്നെ ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ മൊബൈലില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചു. മാത്രമല്ല, വോയ്‌സ് ക്‌ളിപ്പ് വാട്ട്‌സ് ആപ്പില്‍ അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഷൂട്ടിംഗിന്റെ തിരക്കിനിടെ അപ്പുണ്ണിക്ക് വന്നതടക്കമുള്ള ഫോണ്‍ കാളുകളുടെ വിവരങ്ങള്‍ ഏപ്രില്‍ 18, 20, 21 തീയതികളില്‍ ഡി.ജി.പിയെ വിളിച്ച് അറിയിച്ചു. വിവരങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ നല്‍കുകയും ചെയ്തു.

ഏപ്രില്‍ 16ന് ‘പ്രൊഫ. ഡിങ്കന്‍’ എന്ന തന്റെ ചിത്രത്തിന്റെ പൂജാചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഡി.ജി.പിയോട് ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. പരാതി എഴുതി നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 20ന് അളിയനായ സൂരജ് മുഖേന ഇ മെയില്‍ പരാതി നല്‍കി. ചലച്ചിത്ര നിര്‍മ്മാതാവായ രഞ്ജിത്ത് മുഖേന രേഖാമൂലമുള്ള പരാതിയും ഡി.ജി.പിക്കു നല്‍കി. ഡി.ജി.പി തന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സന്ധ്യയ്‌ക്കെതിരെയും ആരോപണം

ആദ്യം തന്നെ ബ്‌ളാക്ക് മെയില്‍ ഭീഷണിയുണ്ടായിട്ടും ഏപ്രില്‍ 22 നാണ് ദിലീപ് പരാതി നല്‍കിയതെന്ന് നേരത്തേ പൊലീസ് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട നടിയുമായി കേസന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി സന്ധ്യയ്ക്ക് അടുപ്പമുണ്ട്. തനിക്കെതിരായ അന്വേഷണ നടപടികളെക്കുറിച്ച് അന്വേഷണ സംഘത്തലവന്‍ ദിനേന്ദ്ര കശ്യപിന് അറിവുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ചോദ്യം ചെയ്യലിനിടെ കാമറ ഓഫാക്കി

തന്നെ ചോദ്യം ചെയ്തപ്പോള്‍ പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന് തന്റെ ജീവിതത്തിലുള്ള പ്രതിനായക വേഷത്തെക്കുറിച്ച് വിശദമായി പറഞ്ഞു. മുന്‍ ഭാര്യ മഞ്ജു വാര്യരുമായി അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ചും തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ശ്രീകുമാര്‍ മേനോനു ബന്ധമുണ്ടെന്ന സംശയത്തെക്കുറിച്ചും ചോദ്യം ചെയ്യലില്‍ വിശദീകരിച്ചിരുന്നു. ഈ നേരമത്രയും ചോദ്യം ചെയ്യല്‍ വീഡിയോ കാമറയില്‍ ചിത്രീകരിച്ചിരുന്നെങ്കിലും ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ കാമറ ഓഫായെന്ന് കണ്ടു. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും അവരുടെ പ്രതികരണം സംശയാസ്പദമായിരുന്നു.

Top