കൊച്ചി: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരെയും കടുത്ത ആരോപണം. എഡിജി പി ബി. സന്ധ്യയ്ക്ക് നടി മഞ്ജു വാര്യരുമായി അടുത്ത ബന്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മഞ്ജു വാര്യര്‍ ഗൂഢാലോചന ആരോപിച്ചിരുന്നു. ചോദ്യം ചെയ്യലിന്റെ സമയത്ത് ശ്രീകുമാര്‍ മേനോനെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ എഡിജിപി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ല. ആ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ലിബര്‍ട്ടി ബഷീറിനെതിരെയും ജാമ്യപേക്ഷയില്‍ ഗുരുതരം ആരോപണമാണ് ദിലീപ് ഉന്നയിക്കുന്നത്. തന്നെ കേസില്‍ കുടുക്കിയതാണെന്നും അതിനു പിന്നിലെ ഗൂഢാലോചന സംഘത്തെ തുറന്നുകാട്ടിയുമാണ് ദിലീപ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.
തനിക്ക് പള്‍സര്‍ സുനിയെ മുഖ പരിചയം പോലുമില്ല. സിനിമയിലെ ചുരുക്കം ചിലര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ശക്തരായ ആളുകളാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. മാധ്യമങ്ങളെയും പോലീസിനെയും രാഷ്ട്രീയ നേതാക്കളേയും ഇവര്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ദിലീപ് 51 പേജുള്ള ഹര്‍ജിയില്‍ പറയുന്നു. ലിബര്‍ട്ടി ബഷീറിന് തന്നോട് ശത്രുതയുണ്ട്. അദ്ദേഹത്തിന്റെ തീയേറ്റര്‍ വ്യവസായം തകര്‍ത്തത് താനാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിട്ടുണ്ട്. തന്നെ ഒന്നാം നമ്ബര്‍ ശത്രുവായി ലിബര്‍ട്ടി ബഷീര്‍ കണ്ടു. അദ്ദേഹത്തിന് ഭരണ കക്ഷിയിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ട്. തന്നെ പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തത് പുതിയ തീയേറ്റര്‍ സംഘടന നിലവില്‍ വരുന്നതിന്റെ തലേന്നാണ്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് മുഖപരിചയം പോലുമില്ല. തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാനാണ് അയാള്‍ ശ്രമിച്ചത്. താന്‍ അന്വേഷണവുമായി ഇതുവരെ പൂര്‍ണ്ണമായും സഹകരിച്ചു. ഇനിയും സഹകരിക്കും. ഇതുവരെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവില്ലെന്നും ദിലീപ് വ്യക്തമാക്കുന്നു.
പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്കെതിരായ ചില വാദങ്ങളും ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ അന്ന് തന്നെ ഇക്കാര്യം അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് പരാതിയും നല്‍കിയിരുന്നു. പരാതി നല്‍കിയത് 20 ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്ന പ്രോസിക്യൂഷന്റെ വാദം പൊളിക്കുന്നതിനാണ് ദിലീപ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പള്‍സര്‍ സുനിയുമായി ഒരേ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്നത് ഗൂഢാലോചനയുടെ തെളിവാകില്ലെന്നും ദിലീപ് പുതിയ ജാമ്യഹര്‍ജിയില്‍ പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നാല് തവണ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കണ്ടുവെന്നാണ് പോലീസിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം ശരിയല്ലെന്നാണ് ദിലീപിന്റെ നിലപാട്. ഒരിക്കല്‍ പോലും പള്‍സര്‍ സുനിയുമായി കണ്ടിട്ടില്ല. കാരവന്റെ മറവില്‍ ഗൂഢാലോചന നടത്തിയെന്ന വാദം അംഗീകരിക്കാനാകില്ല. ഒന്നരക്കോടി രൂപയ്ക്ക് കൊട്ടേഷന്‍ നല്‍കിയെന്ന കണ്ടെത്തല്‍ കെട്ടുകഥയാണെന്നും പ്രതിഭാഗം പറയുന്നു.
താന്‍ ജയിലില്‍ ആയതോടെ ‘രാമലീല’ അടക്കം ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യാനാവാതെ കിടക്കുകയാണ്. സിനിമാ മേഖലയില്‍ 50 കോടി രൂപയുടെ പ്രതിസന്ധിയാണ് സംഭവിച്ചിരിക്കുന്നത്.
അഡ്വ.ബി.രാമന്‍പിള്ള വഴിയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. ഇത് രണ്ടാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ ഹര്‍ജി കോടതി തള്ളിയിരുന്നു. അഡ്വ.കെ.രാംകുമാര്‍ ആയിരുന്നു മുന്‍പ് ദിലീപിന്റെ അഭിഭാഷകന്‍. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയി ഒരു മാസം തികയുന്ന ദിവസമാണ് ദിലീപ് ശക്തമായ വാദങ്ങളുമായി പുതിയ ജാമ്യാപേക്ഷ നല്‍കുന്നത്


