ശബരിമലയിലെ സ്ത്രീ പ്രവേശനം വലിയ വിവാദ വിഷയമാകുന്ന അവസരമാണിത്. സ്ത്രീ പ്രവേശനത്തെ തുല്യനീതി എന്ന നിലയില്‍ അനുകൂലിച്ച നിന്നിരുന്ന പലരും പിന്നാക്കം മാറുന്നതാണ് കണ്ടത്. ആചാരം എന്നത് മാത്രമായി വിവാദ വിഷയം ചുരുങ്ങുമ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ശ്രീചിത്രന്‍ എം ജെ യുടെ വാക്കുകള്‍ നവമാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. കേവലം ഏഴു മിനുട്ടില്‍ ചരിത്രത്തിന്റെയും, ഭരണഘടനയുടെയും പിന്‍ബലത്തില്‍ ശ്രീചിത്രന്‍ ഉന്നയിച്ച വാദങ്ങള്‍ ഏറെ പ്രസക്തമാണ്.
ശ്രീചിത്രന്‍ ചര്‍ച്ചയില്‍ പറഞ്ഞത്:
സ്ത്രീകള്‍ക്ക് രണ്ടു നോബല്‍ പ്രൈസ് കിട്ടിയിരിക്കുന്ന അവസരത്തിലാണ് നാം ഇവിടെ ഇരുന്നുകൊണ്ട് ഒരമ്പലത്തിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സംവദിക്കേണ്ടി വരുന്നതെന്ന ഗതികേട് നമ്മുക്കുണ്ട് എന്ന ദുഃഖകരമായ യാഥാര്‍ഥ്യം മുന്നിലുണ്ട്. അയിത്തത്തിന്റെ മറ്റൊരു മാതൃകക്ക് വേണ്ടിയാണ് ഒരു കൂട്ടര്‍ സമരം ചെയ്യുന്നത് എന്ന് ഓര്‍ക്കണം.
ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ എല്ലാം സമവായത്തിന് വേണ്ടിയുള്ളതാണ്, എന്നാല്‍ ഒരു സമവായ ചര്‍ച്ചയായിട്ടല്ല ഞാന്‍ കാണുന്നത്. ശരിയാണ് ഒരു സര്‍ക്കാരിനെ സംബന്ധിച്ചു വിശ്വാസികളുടെ വികാരം കൂടി പരിഗണിക്കേണ്ടതുണ്ട്, പക്വമായ ഒരു നിലപാടാണത്. തര്‍ക്കമില്ല. പക്ഷെ ഇവിടെ നാം ഓര്‍ക്കേണ്ട കീ വേര്‍ഡ് എന്ന് പറയുന്നത് ‘തുല്യനീതി’ ഒരു സമവായ പ്രശ്‌നമല്ല എന്നതാണ്. തുല്യ നീതി എന്ന് പറയുന്നത് ഭരണഘടന നല്‍കുന്ന വളരെ പ്രധാനപ്പെട്ട ഒരാവകാശമാണ്. ഇത് നിഷേധിക്കുന്ന സമയത്ത് ഭൂരിപക്ഷത്തിന്റെ ഹിതം നോക്കിയിട്ടല്ല തുല്യ നീതിയുടെ മുകളിലുള്ള നിയമ നടപടി വേണ്ടത്. ഇതിനെയാണ് ‘കോണ്‍സ്റ്റിറ്റിയുഷണല്‍ മൊറാലിറ്റി’ എന്ന് അംബേദ്കര്‍ വിശേഷിപ്പിക്കുന്നത്. ഭൂരിപക്ഷഹിതം നോക്കി കൊണ്ടല്ല ഭരണഘടനയുടെ ഹിതം നടപ്പാക്കുന്നതെന്ന് അംബേദ്കര്‍ അടിവരയിട്ടു പറയുന്നുണ്ട്.
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ ഇവിടെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത സമരത്തെ കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. ഞാന്‍ മറ്റൊരു പ്രകടനത്തെ കുറിച്ച് പറയാം 1987 ല്‍ എഴുപത്തിനായിരത്തോളം ആളുകള്‍ പങ്കെടുത്ത ഒരു പ്രകടനം രാജസ്ഥാനില്‍ നടന്നു. സതി അനുകൂല റാലി, ‘സതി ആരതി’ നടന്നു. രൂപ് കന്‍വാര്‍ എന്ന് പറയുന്ന ഒരു പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് എഴുപതിനായിരം പേരാണ് അവിടെ സമരത്തിനിറങ്ങിയത്. പക്ഷെ എഴുപതിനായിരം പേരുടെ സമരത്തിനൊപ്പം അല്ല രാജസ്ഥാന്‍ സര്‍ക്കാര്‍ നിന്നത്, രാജസ്ഥാനിലെ കോടതി നിന്നത്.. തൊട്ടടുത്ത വര്ഷം സതി നിരോധന നിയമം പാസ്സാക്കി തുടര്‍ന്ന് . സതിയെ അനുകൂലിച്ചു കൊണ്ടുള്ള സമര പ്രഖ്യാപനങ്ങള്‍ക്കും അനുവാദം നല്കാതിരിക്കുകയാണ് കോടതി ചെയ്തത്.
ഇന്ത്യയുടെ തന്നെ മുന്‍കാല ചരിത്ര വിധികള്‍ പരിശോധിക്കുക. അയിത്തം നിരോധിക്കുന്ന സമയത്ത് ഭൂരിപക്ഷത്തിന്റെ ഹിതം ആരാഞ്ഞിട്ടില്ല, ‘അയിത്തോച്ചാടനം’ എന്ന കര്‍മം ഉണ്ടാകുന്നത് ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യം കണക്കിലെടുത്തിട്ടല്ല.
ആര്‍ത്തവം അശുദ്ധിയാണ് എന്ന ഒരൊറ്റ വാദമാണ് ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം നിഷേധിക്കാന്‍ കോടതിയില്‍ വരെ ഉന്നയിക്കപ്പെട്ടത്. ആര്‍ത്തവം അശുദ്ധമായി കാണുന്ന ഒരു അപരിഷ്‌ക്രിത സമൂഹം ആയി നാം ഇപ്പോഴും തുടരുന്നുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ആര്‍ത്തവം ‘അശുദ്ധം’ ആണെങ്കില്‍ നാമെല്ലാം അശുദ്ധരാണ്. വിശ്വാസികളുടെ വികാര സംരക്ഷണം എന്നതിന്റെ മറവില്‍ അയിത്തം പോലെയുള്ള ആചാരങ്ങളെ തിരിച്ചു കൊണ്ടുവരാനാണ് ചിലര്‍ ശ്രമിക്കുന്നത്.
ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സുപ്രീം കോടതി ശബരിമലയുടെ ബന്ധപ്പെട്ടു വരുമ്പോള്‍ ഹിന്ദു വര്‍ഗീയ വാദികള്‍ ഇതിനു ചൂട്ടു പിടിക്കാന്‍ ഇറങ്ങുന്നതില്‍ യാതൊരു അത്ഭുതവുമില്ല. പക്ഷെ നെഹ്രുവിന്റെ പാരമ്പര്യമുള്ള, സയന്റിഫിക് ടെമ്പറിന്റെ പാരമ്പര്യമുള്ള, ഏതാരാധനാലയത്തിന്റെയും, വിശ്വാസത്തിന്റെയും മുകളില്‍ ഭരണഘടനയ്ക്ക് സ്ഥാനം ഉണ്ട് എന്ന് പ്രഖ്യാപിച്ച രാജ്യം കണ്ട ഏറ്റവും വലിയ ശാസ്ത്ര വാദിയായ നെഹ്രുവിന്റെ പിന്‍തലമുറക്കാര്‍, അയിത്തോച്ചാടനം തുടച്ചു നീക്കാന്‍ തന്റെ ജീവിതം ഉഴിഞ്ഞു വെച്ച ഗാന്ധിയുടെ പിന്‍തലമുറക്കാരായ കോണ്‍ഗ്രസ്സ് വിശ്വാസികളുടെ വികാരം സംരക്ഷിക്കുന്നു എന്ന വ്യാജേന സുപ്രീം കോടതി വിധിക്കെതിരെ രംഗത്തിറങ്ങുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നേയില്ല.
70000 പേര്‍ സതിക്ക് വേണ്ടി തെരുവിലിറങ്ങിയ ഒരു നാട്ടില്‍ ആയിരക്കണക്കിനാളുകള്‍ സമരത്തിറങ്ങിയത് ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. തുല്യനീതി എന്ന ഭരണഘടന അവകാശം നിഷേധിക്കാനുള്ള ഒരു കാരണമല്ല ഭൂരിപക്ഷത്തിന്റെ ഹിതം.


