മുംബൈ: ഭാര്യ പുലര്‍ച്ചെ എഴുന്നേല്‍ക്കാത്തതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിച്ചു. അതേസമയം യുവാവ് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ ബാലിശമാണെന്ന് കോടതി വിലയിരുത്തി. കൂടാതെ ഈ കാരണങ്ങള്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ മാത്രമുള്ള കാരണമല്ലെന്നും കോടതി വിലയിരുത്തി. ഭാര്യ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നില്ല, സ്വാദിഷ്ഠമായ ആഹാരങ്ങള്‍ പാകം ചെയ്ത് നല്‍കുന്നില്ല, ജോലി വിട്ട് വന്നാലുടന്‍ കിടന്നുറങ്ങാറുണ്ട് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുവാവ് വിവാഹോമോചനം അനുവദിക്കണമെന്ന് ഹര്‍ജി നല്‍കിയത്. വാദങ്ങള്‍ക്ക് തെളിവായി നല്‍കിയത് അയാളുടെ പിതാവിന്റെ സത്യവാങ്മൂലമായിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജി കുടുംബക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് യുവാവ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജോലിക്കാരിയായ ഭാര്യ വൈകുന്നേരം വീട്ടില്‍ വന്നശേഷം കിടന്നുറങ്ങുമെന്നും അത്താഴം പാകം ചെയ്യുന്നത് രാത്രിയോടെയാണെന്നുമായിരുന്നു ഒരു ആരോപണം. എന്നാല്‍, യുവാവ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ഭാര്യ നിഷേധിച്ചു. തെളിവായി അയല്‍ക്കാരുടെയും ബന്ധുക്കളുടെയും സത്യവാങ്മൂലവും സമര്‍പ്പിച്ചു. മാത്രമല്ല, ഭര്‍ത്താവും മാതാപിതാക്കളും തന്നോട് മോശമായാണ് പെരുമാറുന്നതെന്നും യുവതി കോടതിയെ അറിയിച്ചു. ജോലിഭാരവും വീട്ടിലെ ഉത്തരവാദിത്തവും ഒരുപോലെ നിര്‍വ്വഹിക്കുന്ന ഭാര്യയുടെയൊപ്പമാണ് ന്യായവും നീതിയുമെന്ന് കോടതി പറഞ്ഞു.
ഭാര്യ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍
Tags: divorce