ഡോ.മേരി റെജിയുടെ മരണം: ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ഡോ.മേരി റെജിയുടെ മരണത്തില്‍ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. രോഗി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചികിത്സാ കാലയളവില്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു. അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷിച്ചത്. റിപ്പോര്‍ട്ട് ആരോഗ്യസെക്രട്ടറിക്ക് കൈമാറി. ആര്‍സിസിക്കെതിരെ ഭര്‍ത്താവ് ഡോ.റെജിയാണ് പരാതി നല്‍കിയത്. മാര്‍ച്ച് 18നാണ് ഡോ.മേരി മരിച്ചത്.  ആര്‍സിസിയില്‍ പ്ലീഹയിലെ അര്‍ബുദബാധയ്ക്ക് ചികില്‍സയിലായിരുന്ന ഡോ. മേരി. ചികിത്സാകാലയളവില്‍ ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു ഭര്‍ത്താവ് ഡോ. റെജി ജേക്കബ് സോഷ്യല്‍മീഡിയയിലൂടെ ആരോപിച്ചത്. പ്ലീഹ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയതു മുതല്‍ ചില ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായെന്നും വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിട്ടും വിദഗ്ധ ചികില്‍സ ലഭ്യമാക്കിയില്ലെന്നും റെജി ആരോപിച്ചിരുന്നു.

Top