കൊച്ചി: ഡോളർ കടത്ത് കേസിൽ കൂടുതൽ രാഷ്ട്രീയക്കാർ കുടുങ്ങാൻ സാധ്യത .ഡോളര്‍കടത്ത് കേസില്‍ സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷും സരിത്തും മാപ്പ് സാക്ഷി. ഇരുവരും ടൂള്‍ മാത്രമായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേര്‍ത്തിരുന്നു.
വിദേശത്തേക്ക് വലിയ അളവില്‍ ഡോളര്‍കടത്തിയെന്നാണ് കണ്ടെത്തല്‍. ഇതില്‍ കൂടുതലും രാഷ്ട്രീയക്കാരുടെ പണമാണെന്നും റിവേഴ്‌സ് ഹവാലയാണ് നടത്തിയിരിക്കുന്നതെന്നുമാണ് സൂചന.നൂറുകോടിയിലേറെ രൂപ വിദേശത്തേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തല്‍. കടത്തിയതിലേറെയും കൈക്കൂലി പണമാണ്.
യൂണി ടക് ഉടമ സന്തോഷ് ഈപ്പനേയും മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ് ആയിരുന്ന അരുണ്‍ ബാലചന്ദ്ര നേയും നാളെ ചോദ്യം ചെയ്യും. കേസില്‍ ലക്ഷകണക്കിന് ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാന്‍ ശിവശങ്കര്‍ സഹായിച്ചുവെന്ന കണ്ടെത്തലില്‍ ആയിരുന്നു അദ്ദേഹത്തെ പ്രതി ചേര്‍ത്തത്. സ്വപ്‌നയും മൊഴി നല്‍കിയിരുന്നു. കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍.ശിവശങ്കറില്‍ നിന്നും ഒരു ഫോണ്‍കൂടി കണ്ടെത്തിയിരുന്നു. ഈ ഫോണിലെ വിവരങ്ങളും ശേഖരിച്ച് വരികയാണ്.