തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിച്ച പ്രദേശത്ത് സേവനമനുഷ്ടിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഖൊരക്പൂര്‍ ആശുപത്രിയിലെ ഡോ. കഫീല്‍ ഖാന് സ്വാഗതമേകി മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്നാലെ കഫീല്‍ ഖാന്റെ നിസ്വാര്‍ത്ഥ മനസ്സിന് നന്ദി പറഞ്ഞ് ആരോഗ്യ മന്ത്രി കെകെ ഷൈലജയും രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കഫീല്‍ ഖാന് പിണറായി മറുപടി നല്‍കിയത്. നിപ്പാ ബാധിത മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാനും കേരളത്തിന് പുറത്തു നിന്ന് ഇത്തരത്തില്‍ നിരവധി ഡോക്ടര്‍മാര്‍ സേവവനവുമായി എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിപാ വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയിലെ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്ന കുറിപ്പ് കഴിഞ്ഞ ദിവസം കഫീല്‍ ഖാന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ഫജര്‍ നമസ്‌കാരത്തിനു ശേഷം ഉറങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല. നിപ്പാ വൈറസ് ബാധമൂലം വര്‍ധിക്കുന്ന മരണനിരക്കും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളും മൂലം അസ്വസ്ഥത തോന്നുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിക്കുന്നു’വെന്നായിരുന്നു കഫീല്‍ ഖാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കോഴിക്കോട് ജില്ലയില്‍ പേരാമ്ബ്രക്കടുത്ത് ചില സ്ഥലങ്ങളില്‍ നിപ്പ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ സ്വയം സന്നദ്ധരായി ധാരാളംപേര്‍ രംഗത്തു വന്നിട്ടുണ്ട്. അവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. ഡോ. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂ. അങ്ങനെയുള്ള ഡോക്ടര്‍മാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭ ഡോക്ടര്‍മാര്‍ ഇതിനകം തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. അവരോടെല്ലാം കേരള സമൂഹത്തിന് വേണ്ടി നന്ദി അറിയിക്കുന്നു.- മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ ഇതിന് വിരുദ്ധമായ മറുപടിയാണ് ആരോഗ്യ വകുപ്പ് നല്‍കിയത്.
നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ നിരവധിപേരാണ് സേവനവുമായി മുന്നോട്ട് വന്നത്.
വളരെ ചെറിയൊരു ഭാഗത്ത് മാത്രമാണ് വൈറസ് കാണപ്പെട്ടത്. എന്‍സിഡിസി, ഡല്‍ഹി എയിംസ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വൈറസിനെ പ്രതിരോധിക്കാന്‍ സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. അതിനാല്‍ ഡോ.കഫീല്‍ ഖാന്റെ സേവനം മറ്റൊരവസരത്തില്‍ ഉപയോഗപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.വാര്‍ത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


