സി.പി.എം രക്തസാക്ഷിയുടെ സഹോദരി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

കോഴിക്കോട്:സി പി എം രക്തസാക്ഷി വേങ്ങേരി വിജുവിന്റെ സഹോദരി ഡോ. പി പി ഗീത തടമ്പാട്ട്താഴത്ത് നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുന്നു. ഡോ. പി പി ഗീതയുടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം സി.പി.എമ്മിനേയും ഇടതു പക്ഷത്തേയും ഞെട്ടിച്ചിരിക്കയാണ്. സി പി എം രക്തസാക്ഷി വേങ്ങേരി വിജുവിന്റെ സഹോദ രിയായ പി പി ഗീത പരമ്പരാഗത സി പി എം കുടുംബത്തിലെ അംഗവും പാര്‍ട്ടി സഹയാത്രികയുമായിരുന്നു. വേങ്ങേരിയില്‍ വിജയന്‍വിജു രക്തസാക്ഷികളില്‍പ്പെട്ട വിജുവിന്റെ അച്ഛന്റെ അനുജന്റെ മകളാണ് ഡോ. പി.പി. ഗീത. ഇവരുടെ തറവാടുവളപ്പിലാണ് രക്തസാക്ഷി സ്തൂപം സ്ഥിതി ചെയ്യുന്നത്. ഗീതയുടെ മറ്റൊരു സഹോദരന്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വൈദ്യുതി വകുപ്പ് മന്ത്രിയായ കാലത്ത് അദ്ദേഹത്തിന്റെ സ്റ്റാഫംഗമാ യിരുന്നു. ഡോ. ഗീത അപ്രതീക്ഷിതമായാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായത്.

ഡോ. ഗീത ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ചയാളാണ്. കഴിഞ്ഞ തവണ വാര്‍ഡില്‍ വിജയിച്ച സി.പി.എം കൗണ്‍സിലര്‍ പി.പി. ഉദയകുമാറിന്റെയും പിണറായി വിജയന്‍ മന്ത്രിയായിരിക്കെ പേഴ്സണല്‍ സ്റ്റാഫായിരുന്ന പ്രേമനാഥിന്റെയും സഹോദരി കൂടിയാണ് ഡോ. ഗീത. പൊതുവേ ഇടതുപക്ഷ മനസുള്ള മണ്ണാണ് വേങ്ങേരി – തടമ്പാട്ടുതാഴം 9ാം വാര്‍ഡ്. ഇവിടെ കഴിഞ്ഞ തവണ സി.പി.എമ്മിലെ ഒ. സദാശിവനാണ് വിജയിച്ചത്. യു.ഡി.എഫ് റിബല്‍ സ്ഥാനാര്‍ത്ഥികളെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. വാര്‍ഡില്‍ ബി.ജെ.പി വോട്ടുകള്‍ നിര്‍ണായകമാണ്. എന്നാല്‍ ബി.ജെ.പി പ്രബലമായ സ്ഥാനാര്‍ത്ഥിയെ നേരത്തെ തീരുമാനിച്ചെങ്കിലും ഒടുവില്‍ അവര്‍ പിന്‍വലിഞ്ഞു. തുടര്‍ന്ന് മറ്റൊരു സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്. ഡോക്ടര്‍ എന്നതിലുപരി സാമൂഹ്യസേവന രംഗത്തെയും ആരോഗ്യരംഗത്തെയും പ്രവര്‍ത്തന പരിചയം മുന്‍ നിര്‍ത്തിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഗീത വോട്ട് പിടിക്കുന്നത്. മാത്രവുമല്ല മുന്‍ പി.എസ്. സി. അംഗവും കോണ്‍ഗ്രസ് ദേശീയ – സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധവുമുള്ള ഭര്‍ത്താവ് ടി.എം.വേലായുധന്റെ പ്രവര്‍ത്തന പരിചയവും വോട്ടോക്കി മാറ്റാമെന്ന പ്രതീക്ഷയും മുന്നണിക്കുണ്ട്. റിബല്‍ വോട്ടുകളിലെ സമവാക്യം കണക്കിലെടുത്ത് വേങ്ങേരിയിലെ അടിയുറച്ച സി.പി.എം കുടുംബത്തില്‍ നിന്നാണ് ഡോ.പി.പി.ഗീതയെ അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയത്. രണ്ടു തവണ നഗരസഭയില്‍ വ്യത്യസ്ഥ വാര്‍ഡുകളില്‍ കൗണ്‍സിലറായ കെ. രതീദേവിയെയാണ് സി.പി.എം മൂന്നാമതായും സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയത്.dr.pv geetha

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ തര്‍ക്കങ്ങള്‍ക്കും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം മൂലുമുണ്ടായ സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എട്ട് സീറ്റുകള്‍ ഒഴിച്ചിട്ട് ബാക്കിയുള്ള സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മേയര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ് ബാബു തന്നെ യു ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയെന്നാണ് റിപോര്‍ട്ട്. പാറോപ്പടി വാര്‍ഡിലാണ് ഇദ്ദേഹം ജനവിധി തേടുക. അദ്ദേഹത്തെ കൂടാതെ നിരവധി പ്രമുഖര്‍ കോണ്‍ഗ്രസിന്റെ ലിസ്റ്റിലുണ്ട്. എ ഐ സി സി അംഗവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരന്‍, കെ പി സി സി സെക്രട്ടറി അഡ്വ. കെ ജയന്ത്, കെ പി സി സി നിര്‍വാഹക സമിതി അംഗവും കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ പി എം നിയാസ് എന്നിവരാണ് ഇതില്‍ പ്രധാനികള്‍. കെ ജയന്ത് മീഞ്ചന്തയിലും പി വി ഗംഗാധരന്‍ മാങ്കാവിലും, നിയാസ് ചാലപ്പുറത്തും മത്സരിക്കും. ഡി സി സി ജനറല്‍ സെക്രട്ടറി കെ വി സുബ്രഹ്മണ്യന്‍ പൊറ്റമ്മലില്‍ മത്സരിക്കും.മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും നിലവില്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ പി ഉഷാദേവി പാളയത്തും ഡി സി സി പ്രസിഡന്റ് കെ സി അബുവിന്റെ മകള്‍ കെ സി ശോഭിത മലാപ്പറമ്പിലും മത്സരിക്കും. നിലവിലെ കൗണ്‍സിലിലെ പുരുഷ അംഗങ്ങളെ മുഴുവന്‍ ഒഴിവാക്കിയപ്പോള്‍ വനിതകളില്‍ ഭൂരിപക്ഷം പേരും ഇത്തവണയും മത്സര രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണന്‍ (ചേവായൂര്‍), അനിത കൃഷ്ണനുണ്ണി (കുടില്‍തോട്), എം സി സുധാമണി (കല്ലായ്) മറ്റ് മുന്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരാണ്. മറ്റ് സ്ഥാനാര്‍ഥികളും ബ്രാക്കറ്റില്‍ വാര്‍ഡും. പ്രമീള ബാലഗോപാലന്‍ (വെള്ളിമാട്കുന്ന്), വി റാഫിയ (എലത്തൂര്‍), സി എം ജീവന്‍ (എരഞ്ഞിക്കല്‍), സുഭദ്ര ടീച്ചര്‍ (പുത്തൂര്‍), കളരിയില്‍ രാധാകൃഷ്ണന്‍ (കുണ്ടുപറമ്പ്), അഡ്വ. സരിജ (കരുവിശ്ശേരി), റീത്ത രാമചന്ദ്രന്‍ (വേങ്ങേരി), കെ സുനിത അജിത്കുമാര്‍ (സിവില്‍സ്റ്റേഷന്‍), അഡ്വ. ശരണ്യ (ചെലവൂര്‍), എന്‍ നിഷ (കോവൂര്‍), പി പി അജയന്‍ (നെല്ലിക്കോട്), നീനു (പറയഞ്ചേരി), ശ്യാമള വിശ്വനാഥ് (പുതിയറ), വി പി തിലോത്തമ (കുതിരവട്ടം), പുഷ്പ ടീച്ചര്‍ (കുറ്റിയില്‍താഴം), ടി മാധവദാസ്(ബേപ്പൂര്‍ പോര്‍ട്ട്), വി രജനി (മാറാട്), അഡ്വ. ലൈല മുഹമ്മദ് കോയ (പുഞ്ചപ്പാടം), പി വി വിനോദിനി (ചക്കുംകടവ്), ദിവ്യ ലക്ഷ്മി (തിരുത്തിയാട്), കെ എസ് സ്മിത ശ്രീധര്‍ (തോപ്പയില്‍), ശ്രീജ സുരേഷ് (ഈസ്റ്റ്ഹില്‍), വിനീത് രവീന്ദ്രന്‍ (അത്താണിക്കല്‍), സിഫ്റ്റ്ല്‍ന (വെസ്റ്റ്ഹില്‍), മക്കാത്ത് വാസന്തി (എടക്കാട്), സി പി ഷീന ഷണ്‍മുഖന്‍ (പുതിയാപ്പ) തുടങ്ങിയവരാണ് പ്രഖ്യാപിച്ച മറ്റ് സ്ഥാനാര്‍ഥികള്‍.

Top