അരുവിക്കരയില്‍ 16 കോടി രൂപ മുതല്‍ മുടക്കി പണി ആരംഭിച്ച കുപ്പിവെള്ള പ്ലാന്റ് അട്ടിമറിക്കാനും സ്വകാര്യവത്കരിക്കാനുമുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും, കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി പ്രസിഡന്റുമായ തമ്പാനൂര്‍ രവി.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2015 ല്‍ ആരംഭിച്ച പ്ലാന്റിന്റെ പണി പൂര്‍ത്തിയാക്കി കുപ്പിവെള്ളം വിപണിയില്‍ എത്തിക്കാനുള്ള അവസാന ഘട്ടത്തില്‍ ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി അസാധാരണ ഉത്തരവിലൂടെ ഇടങ്കോലിടുകയാണ്. ജല അതോറിറ്റി കുപ്പിവെള്ള വിപണിയില്‍ ഇറങ്ങി സമയം നഷ്ടപ്പെടുത്തണ്ടെന്നും കുടിവെള്ള വിതരണം, ജല ശുദ്ധീകരണം എന്നിവയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം അടങ്ങുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി കത്ത് പുറത്ത് വന്നതിന് പിന്നാലെ ജലഅതോറിറ്റി എം.ഡി.സ്ഥാനത്ത് നിന്നും എ.ഷൈനാമോളെ മാറ്റിയ നടപടി ദുരൂഹമാണ്.
സ്വകാര്യ കുപ്പിവെള്ള ലോബിയെ സഹായിക്കുന്ന നിലപാടിന് കടകവിരുദ്ധ നിലപാട് സ്വീകരിച്ചതാണ് എം.ഡിക്ക് സ്ഥാനം നഷ്ടമായതെന്ന് സംശയിക്കേണ്ടിരിക്കുന്നു. ശുദ്ധവും ഗുണമേന്മയുമുള്ള കുടിവെള്ളം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള അവസരമാണ് ഈ പദ്ധതി അട്ടിമറിക്കുന്നതിലൂടെ നഷ്ടമാകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും എന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ ഈ പദ്ധതി അട്ടിമറിക്കുന്നതിലൂടെ സ്വകാര്യ കുത്തകകളെ സഹായിക്കുകയാണ്. ഈ പദ്ധതി അടിയന്തിരമായി തന്നെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കണം.സ്വകാര്യ കുപ്പിവെള്ള കമ്പനികളെ സഹായിക്കുന്ന നിലപാട് തിരുത്തുന്നതുവരെ കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി സമര രംഗത്തുണ്ടാവും.


