തിരുവനന്തപുരം: വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ കോൺഗ്രസ് പ്രവർത്തകരായ ആറു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതി സജീവ് ഒളിവിലാണ്. ഇയാളുടെ കൂട്ടുകാരനും ഐഎൻടിയുസി പ്രാദേശിക നേതാവുമായ സജിത് പിടിയിലായിട്ടുണ്ട്.
അതേസമയം ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യം പുറത്തായി . രാത്രിയുള്ള ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആണ് പുറത്തായത്. സിസിടിവി ദൃശ്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തായത്. ദൃശ്യങ്ങളില്‍ പത്തോളം പേരെ കാണാം. അഞ്ചുപേരടങ്ങുന്ന സംഘം വാളും കത്തിയുമായി വെട്ടുന്നതും കുത്തുന്നതും കാണാം.
വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ തിരുവോണനാൾ പുലർച്ചെയാണ് കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊന്നത്. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് 12.30ഓടെ കോൺഗ്രസ് ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
അതേസമയം കൊലപാതകം രാഷ്ട്രീയകാരണങ്ങളാലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഡിഐജി. എല്ലാ സാധ്യതയും അന്വേഷിക്കും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ നേരത്ത അറിയാം. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായും ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദിന്‍ പറഞ്ഞു.