തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവില്‍ സനലെന്ന യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. അതില്‍ ഭാര്യയോടും ബന്ധുക്കളോടും ഇങ്ങനെ പറയുന്നു.. ”സോറി, ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം”. ആതമഹത്യ ചെയ്ത സമയത്ത് ധരിച്ചിരുന്ന പാന്റ്സിന്റെ പോക്കറ്റില്‍ നിന്നുമാണ് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
നവംബര്‍ അഞ്ചിന് സനലിനെ തള്ളിയിട്ട് കൊന്ന ശേഷം ഹരികുമാര്‍ ഒളിവില്‍ പോയിരുന്നു. തൃപ്പരപ്പിലും തമിഴ്‌നാട്ടിലും ഏറ്റവുമൊടുവില്‍ മൂന്നാറിലും ഒളിവില്‍ കഴിയുന്നതായി പോലീസ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കല്ലമ്പലത്തെ വീട്ടില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തേങ്ങ സൂക്ഷിക്കുന്ന മുറിയിലാണ് ഹരികുമാര്‍ ജീവനൊടുക്കിയത്. നായക്ക് തീറ്റ നല്‍കാനെത്തിയ ഭാര്യയുടെ അമ്മയാണ് ആദ്യം കണ്ടത്.
വിവാദമായ കേസായതിനാല്‍ സബ് കലക്ടറുടെ സാന്നിധ്യത്തിലാണ് പോലീസ് മൃതദേഹം അഴിച്ചതും പ്രാഥമിക പരിശോധനകള്‍ നടത്തിയതും. സുഹൃത്ത് ബിനുവിനൊപ്പം തമിഴ്നാട്ടില്‍ ഒളിവിലായിരുന്നു ഹരികുമാര്‍. ഇന്നലെ വൈകിട്ട് ഇവര്‍ തിരുവനന്തപുരത്ത് മടങ്ങി എത്തിയെന്നാണ് പോലീസ് നിഗമനം. ഇതിന് പിന്നാലെയാണ് ഇയാള്‍ ജീവനൊടുക്കിയത്. മുഖ്യപ്രതി ജീവനൊടുക്കിയെങ്കിലും കേസിന്റെ നിയമപരമായ നടപടികള്‍ തുടരുമെന്ന് ഡി.ജി.പി വ്യക്തമാക്കി.