ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലര്‍, നമ്മുടെ നാട്ടില്‍!!സൈക്കോവീക്കിലെ പുത്തൻ വെളിപ്പെടുത്തൽ

എന്തിനാണിതൊക്കെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പതുക്കെ പോലീസുകാരെ നോക്കി പുഞ്ചിരിച്ചു, എന്നിട്ട് ബിസ്ക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടു.

എങ്ങിനെയാണ് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ‘ഞാനവരെ പാടത്തേക്ക് കൊണ്ടുപോയി ഇഷ്ടികയെടുത്ത് മുഖത്ത് അടിച്ചടിച്ച് കൊന്നു’ എന്നാണവന്‍ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസുകാര്‍ ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല, ജീവിതത്തില്‍ ആദ്യമായിട്ടാണവര്‍ ഇങ്ങിനെയൊരു കേസ് കാണുന്നത്. പറ്റ്ന നഗരത്തില്‍ നിന്നും മനശ്ശാസ്ത്രജ്ഞന്‍ വരുന്നവരെ അവര്‍ കാത്തിരുന്നു, അവരെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ആ എട്ടു വയസ്സുകാരനും. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലര്‍.

ബീഹാറിലെ ഭഗവന്‍പൂര്‍ പോലീസ് സ്റ്റെഷനിലേക്ക് നാട്ടുകാര്‍ ഒരു കൊലപാതകത്തിന്‍റെ കാര്യം പറഞ്ഞ് വിളിച്ചപ്പോള്‍ പോലീസുകാര്‍ക്ക് ആദ്യം വല്യ താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല, പക്ഷെ പ്രതിയെ കൈമാറാനാണവര്‍ വിളിക്കുന്നതെന്ന് കേട്ടപ്പോള്‍ അവര്‍ ഓടിച്ചെന്നു. പ്രതിയാണെന്നും പറഞ്ഞ് ഒരു എട്ടുവയസ്സുകാരനെ ഗ്രാമവാസികള്‍ കൈമാറിയപ്പോള്‍ ആദ്യം പോലീസുകാര്‍ക്ക് ദേഷ്യമാണ് വന്നത്, പിന്നീടവരുടെ വിവരണം കേട്ടപ്പോള്‍ അമ്പരപ്പും. ഒടുവില്‍ കൃത്യം നടന്ന സ്ഥലവും, അതിന്‍റെ രീതികളും ഒരു മടിയും കൂടാതെ ‘കൊലപാതകി’ വിവരിച്ചപ്പോള്‍ ഗ്രാമവാസികളുടെ ഭീതി അവരിലെക്കും പടര്‍ന്നു.

ആ ഗ്രാമത്തിലെ ചുന്‍ചുന്‍ ദേവി എന്ന സ്ത്രീ തന്‍റെ ആറുമാസം പ്രായമുള്ള മകള്‍ ഖുശ്ബുവിനെ അവിടത്തെ പ്രൈമറി സ്കൂളില്‍ ഉറക്കിക്കിടത്തിയാണ് വീട്ടിലെ ജോലികള്‍ തീര്‍ക്കാന്‍ പോകുന്നത്. തിരികെ വന്നപ്പോള്‍ ഖുശ്ബു അവിടില്ല, അന്വേഷിച്ചപ്പോള്‍ ആരും കണ്ടിട്ടില്ല. ഖുശ്ബു അപ്പോഴേക്കും ആ എട്ട് വയസ്സുകാരന്‍റെ കൈകള്‍കൊണ്ട് മരിച്ചിരുന്നു. ആളുകള്‍ ചോദിച്ചപ്പോള്‍ അവന്‍ ദേഹം ഒളിപ്പിച്ച സ്ഥലവും, കൊന്ന രീതിയും വരെ വിവരിച്ചു കൊടുത്തു.

പക്ഷെ അമ്പരപ്പിക്കുന്ന വാര്‍ത്തയെന്തെന്നാല്‍, അതവന്‍റെ ആദ്യത്തെ കൊലപാതകമായിരുന്നില്ല. ഇതിനു മുന്‍പ് രണ്ട് കൊലകള്‍ കൂടി അവന്‍ നടത്തിയിട്ടുണ്ട്. രണ്ടും ഒരു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടെ.

അമര്‍ദീപ് സദ്ദ, അവന്‍റെ പേരും ചിത്രങ്ങളും മാധ്യമങ്ങള്‍ മനപൂര്‍വ്വം തന്നെയാണ് പുറത്തുവിട്ടത്, അതീവ ശ്രദ്ധ വേണ്ട അപകടകാരിയെന്ന് അവന്‍റെ മാനസികനിലയെക്കുറിച്ച് ഡോകടര്‍മാര്‍ വിധിയെഴുതിയ ശേഷം മാത്രം.

ബീഹാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ തികച്ചും സാധാരണ കുടുംബത്തില്‍ ജനനം. ആദ്യ കൊലപാതകം എഴാമത്തെ വയസ്സില്‍, ഒരു വയസ്സുള്ള സ്വന്തം സഹോദരിയില്‍ തുടങ്ങി. അടുത്ത കൊലപാതകവും കുടുംബത്തില്‍ തന്നെ. വകയില്‍ ഒരു അമ്മാവന്‍റെ കുഞ്ഞിനെ, ആ കുഞ്ഞിനും ഒരു വയസ്സില്‍ താഴെ മാത്രം പ്രായം.

അമ്മയുടെ മടിയില്‍ക്കിടന്നിരുന്ന കുഞ്ഞിനെ അമര്‍ദീപ് എടുത്തുകൊണ്ട് പോയപ്പോള്‍ ആദ്യമാരും സംശയിച്ചില്ല, അവന്‍റെ സ്വന്തം ചോരയല്ലേ. പക്ഷെ കുഞ്ഞുമായി വയലിലേക്ക് പോയ അമര്‍ദീപ് വെറും കയ്യോടെ തിരിച്ചുവന്നപ്പോള്‍ വീട്ടുകാര്‍ ചോദിച്ചു ‘കുഞ്ഞെവിടെ?’.

അവരെ കൂട്ടിക്കൊണ്ടുപോയി പുല്ലും കരിയിലകളും കൊണ്ട് മൂടിവച്ചിരുന്ന കുഞ്ഞിന്‍റെ ജഡമാണ് കാണിച്ച് കൊടുത്തത്. രണ്ട് കൊലപാതകങ്ങളും ഇങ്ങിനെതന്നെ, കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കും പിന്നെ ഇഷ്ടിക കൊണ്ട് മുഖം അടിച്ചു തകര്‍ക്കും.

“മറ്റുള്ളവരുടെ വേദന കാണുന്നത് അവന് ഒരു വിനോദമാണ്‌” അറസ്റ്റിലായ ശേഷം അവനെ നോക്കിയ ഡോക്ടര്‍ പറഞ്ഞ വാക്കുകളാണ്. “നേരത്തെ തന്നെ അവനെ ശ്രദ്ദിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ബാക്കിയുള്ള കൊലകളെങ്കിലും ഒഴിവാക്കാന്‍ കഴിയുമായിരുന്നു”

കുടുംബത്തില്‍ നടന്ന കൊലപാതകമെന്ന പേരില്‍ അമര്‍ദീപിന്‍റെ ബന്ധുക്കള്‍ ആ രണ്ട് മരണങ്ങളും ആരെയും അറിയിക്കാതെ മൂടിവെക്കുകയായിരുന്നു, അവനെ നഷ്ടമാകാതിരിക്കാന്‍. പക്ഷെ അവന്‍റെയുള്ളിലെ അക്രമ വാസന അധികകാലം അടങ്ങിയിരിക്കില്ലല്ലോ. അവരുടെ അയല്‍ക്കാര്‍ക്കും ചില ഗ്രാമവാസികള്‍ക്കും അവനെക്കുറിച്ച് ചെറുതല്ലാത്ത ചില സംശയങ്ങളുണ്ടായിരുന്നു. അതുകൊണ്ട് കുഞ്ഞുങ്ങള്‍ അമര്‍ദീപിന്‍റെ കാഴ്ചയില്‍ പെടാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. മരിച്ച ഖുശ്ബുവിന്‍റെ അമ്മ പോലും തന്‍റെ മകളെ അവനില്‍നിന്നും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, പക്ഷെ വിധി അവനായിരുന്നു അനുകൂലം

എട്ടു വയസ്സുകാരന്‍ ചെയ്താലും, കൊലപാതകം കൊലപാതകം തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്, ആ രീതിയില്‍ത്തന്നെയാണ് കേസെടുത്തിരിക്കുന്നതും. അവന്‍റെ പ്രായം പരിഗണിച്ചാലും മാനസികാവസ്ഥ പരിഗണിക്കാതിരിക്കാന്‍ സാധിക്കില്ല. ആദ്യം പരിശോധിച്ച ഡോകടര്‍മാരുടെ നിരീക്ഷണത്തില്‍ സാഡിസത്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്ന അവനെ പൂര്‍ണമായി ഭേദമാകാതെ സമൂഹത്തിലേക്ക് ഒരിക്കലും തുറന്നുവിടാനാകില്ല.

AIIMSലെ സൈക്കോതെറാപ്പിസ്റ്റ് ഡോക്ടര്‍ നന്ദകുമാര്‍ പറഞ്ഞത് പ്രകാരം, പാരമ്പര്യമായി വരാനും വീണ്ടും അടുത്ത തലമുറകളിലേക്ക് തുടര്‍ന്ന് പോകാനും സാധ്യതയുള്ള അവസ്ഥയാണവന്. അവന്‍റെ ഈ മാനസികാവസ്ഥയില്‍ ശരിയും തെറ്റും തിരിച്ചറിയാനുള്ള പക്വത ഇപ്പോഴില്ലെന്ന് മാത്രമല്ല, ഈ അവസ്ഥയില്‍ നിന്ന് ഭേദമായില്ലെങ്കില്‍ ഒരിക്കലും അവനതിനുള്ള കഴിവുണ്ടാകില്ല.

കോടതിമുറിയില്‍ ജഡ്ജിയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് നിന്ന ആ എട്ടു വയസ്സുകാരനെ ജുവനൈല്‍ ഹോമില്‍ മറ്റു കുട്ടികളില്‍ നിന്നും അകറ്റിയാണ് പൂട്ടിയിട്ടിരിക്കുന്നത്. ഈ ലോകം മുഴുവന്‍ സംസാരവിഷയമായെങ്കിലും പിന്നീടവനെക്കുറിച്ച് അധികം വാര്‍ത്തകള്‍ ആരും കേട്ടിട്ടില്ല.

Update: പ്രായം പരിഗണിച്ച് മൂന്ന് വര്‍ഷത്തെ ശിക്ഷയ്ക്കും, അതിനേക്കാള്‍ നീണ്ട ചികിത്സകള്‍ക്കും ശേഷം under proper care and close observation, പതിനെട്ട് വയസ്സ് വരെ ഒരു ചില്‍ഡ്രന്‍സ് ഹോമിലാണ് കഴിഞ്ഞിരുന്നത്. ഇപ്പോള്‍ 21 വയസ്സ് ഉണ്ടാകുമെന്നതിനാല്‍ അവിടെ നിര്‍ത്താന്‍ സാധ്യതയില്ല. നിലവില്‍ കുറ്റങ്ങള്‍ ഒന്നും ചെയ്യാത്തത് കൊണ്ട്, psychological evaluation പാസ് ആയിട്ടുണ്ടെങ്കില്‍ മറ്റൊരു പേരിലോ, ചിലപ്പോള്‍ സ്വന്തം പേരില്‍ത്തന്നെയോ ആള്‍ പുറത്ത് ഉണ്ടാകാനാണ് സാധ്യത. വേറെയും വിവരങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കിലും സോര്‍സ്സുകള്‍ ഒന്നും തന്നെ അത്ര വിശ്വസനീയമായി തോന്നാത്തത് കൊണ്ട് ചേര്‍ക്കുന്നില്ല.

കടപ്പാട് :Shine Gautham.

2014ല്‍ എഴുതിയതാണ്. #സൈക്കോവീക്ക് പ്രമാണിച്ച് വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു.

Top