തിരുവനന്തപുരം: ശാന്തസമുദ്രത്തിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടുപിടിക്കുന്ന എല്‍ നിനോ പ്രതിഭാസത്തിന്റെ തുടക്കമാണ് കേരളത്തിലെ കൊടുംചൂടിന് കാരണമെന്ന് വിദഗ്ധര്‍. എല്ലാ വന്‍കരകളിലെയും കാലാവസ്ഥയെ എല്‍ നിനോ തകിടംമറിക്കും. ഇതിന്റെ ആഘാതം മനസ്സിലാകുന്നത് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായിരിക്കും.
സംസ്ഥാനത്തെ നിലവിലെ താപസൂചിക പലയിടത്തും 50ന് മുകളിലാണ്. അതിനാലാണ് കൂടുതല്‍പേര്‍ക്ക് സൂര്യതാപമേല്‍ക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ചൂടാണെങ്കിലും അന്തരീക്ഷത്തില്‍ വേനല്‍മഴയ്ക്ക് അനുകൂലസാഹചര്യമില്ല. അതിനാല്‍, ചൂട് ഇനിയുംകൂടാനാണ് സാധ്യത.
ഏപ്രില്‍ പകുതിയോടുകൂടിയെങ്കിലും വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ കേരളം ഉഷ്ണതരംഗത്തിലേക്കും കൊടുംവരള്‍ച്ചയിലേക്കും നീങ്ങുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്നത്.
അനിയന്ത്രിതമായി സംസ്ഥാനത്ത് ചൂട് കൂടാനുള്ള കാരണങ്ങളും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഘടികാരദിശയില്‍ വായുസഞ്ചാരമുണ്ടായാലേ മഴമേഘങ്ങള്‍ക്ക് സാധ്യതയുള്ളൂ. നിലവില്‍ സംസ്ഥാനത്ത് ഘടികാരദിശയ്ക്ക് എതിരായുള്ള വായുസഞ്ചാരമാണുള്ളത്. ഇത് മേഘങ്ങള്‍ ഉണ്ടാകാന്‍ തടസം നില്‍ക്കുന്നു.
ഇതുകൂടാതെ അറബിക്കടലിന്റെ പലഭാഗങ്ങളിലും താപനില ഒന്നുമുതല്‍ മൂന്നുശതമാനംവരെ കൂടി. കടലില്‍ നിന്ന് ഉഷ്ണക്കാറ്റ് കരയിലേക്കടിക്കുന്നതും ചൂട് കൂടാനുള്ള കാരണങ്ങളിലൊന്നാണ്. അന്തരീക്ഷ ഈര്‍പ്പം കൂടുന്നതിനാല്‍ യഥാര്‍ഥത്തിലുള്ള താപനിലയേക്കാള്‍ അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യം വര്‍ധിക്കും. ഇത് കൂടുതല്‍പേര്‍ക്ക് സൂര്യതാപം ഏല്‍ക്കാന്‍ കാരണമാകുന്നു.
മനുഷ്യന്റെ ശരീരോഷ്മാവിനെക്കാള്‍ കൂടുതലായി അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതും ചൂടുകൂടുതലായി അനുഭവപ്പെടാന്‍ ഇടയാക്കും. ഇതുകൂടാതെ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ പലയിടത്തും ഭൂമിയിലെ മേല്‍മണ്ണ് നഷ്ടമായത് കാരണം ചൂട് ആഗിരണംചെയ്യുന്നത് കുറഞ്ഞു. കാഠിന്യമേറിയ മണ്ണ് ചൂട് പുറത്തേക്ക് വമിപ്പിക്കുകയാണ് ചെയ്യുക.