ആലപ്പുഴ: കായംകുളം അടക്കം ആലപ്പുഴ ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും വിജയം തേടുമെന്ന് വിലയിരുത്തി മണ്ഡലങ്ങളിലെ യുഡിഎഫ് കമ്മറ്റികള്‍. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ യോഗം വെള്ളിയാഴ്ച ചേരും.എല്ലാ മണ്ഡലങ്ങളിലും കടുത്ത മത്സരം തന്നെയാണ് നടന്നതെങ്കിലും വിജയിച്ചു കയറും. ലഭിക്കാവുന്ന വോട്ടുകള്‍ പരമാവധി കുറച്ചാണ് കണക്കിലെടുത്തത് എന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ചെങ്ങന്നൂരിലെ യോഗത്തിന് ശേഷം ജില്ല യുഡിഎഫ് സംവിധാനം വിവരങ്ങള്‍ വിശകലനം ചെയ്യും.
അതേസമയം തൃശൂര്‍ ജില്ലയില്‍ സിപിഎമ്മിന് ആത്മവിശ്വാസം കൂടിയിരിക്കയാണ് . എല്ലാ സീറ്റും തൂത്തുവാരുമെന്ന് എല്‍ഡിഎഫ് പറയുന്നു. 2016ലെ ഫലം അതേ പടി ആവര്‍ത്തിക്കുമെന്നാണ് എല്‍ഡിഎഫ് പറയുന്നു. അതേസമയം കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണ് ജില്ലയില്‍ വെച്ച് പുലര്‍ത്തുന്നത്. തൃശൂരും കുന്നംകുളവും അവര്‍ പ്രതീക്ഷിക്കുന്ന മണ്ഡലമാണ്. ഏഴ് സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ഒരു തരംഗമുണ്ടായാല്‍ പത്ത് വരെ സീറ്റുകളും യുഡിഎഫ് നേടിയേക്കും. എന്‍ഡിഎ ഇവരെ രണ്ട് പേരെയും ഞെട്ടിക്കാന്‍ ശേഷിയുള്ളവരാണ്. പോളിംഗ് ശതമാനത്തില്‍ കുറവ് വന്നതാണ് മൂന്ന് മുന്നണികളെയും പ്രതീക്ഷയിലേക്ക് നയിക്കുന്നത്.
ആലപ്പുഴയിൽ യുഡിഎഫ് കമ്മറ്റികളുടെ വിശകലനങ്ങള്‍ ഇങ്ങനെയാണ് .കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു 2000-5000 വോട്ടിന് വിജയിക്കുമെന്നാണ് യുഡിഎഫ് നിഗമനം. അരിതയുടെ വ്യക്തിത്വവും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണത്തിന് എത്തിയതും വിജയത്തിന് സഹായിച്ചുവെന്നാണ് അവരുടെ വിലയിരുത്തല്‍.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തില്‍ 20000 വോട്ടിന്റെ വരെ ഭൂരിപക്ഷം വരെ നേടാം. ഇത്തവണ ജനപിന്തുണ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്പലപ്പുഴയില്‍ ഡിസിസി അദ്ധ്യക്ഷനായ എം ലിജു 5000-10000 വോട്ടിന് വരെ വിജയിക്കും. പുന്നപ്ര തെക്ക് പഞ്ചായത്തിലായിരിക്കും മുന്‍കൈ ഏറ്റവും കുറയുക. അമ്പലപ്പുഴ മേഖലയിലും നഗരസഭയിലെ ഒരു പ്രദേശത്തും ഭൂരിപക്ഷം നേരിയതായിരിക്കും. ബാക്കിയെല്ലായിടത്തും ഭൂരിപക്ഷം ഭേദപ്പെട്ടതായിരിക്കും. ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന ഘട്ടത്തിലെ വിജയിക്കും എന്ന പ്രതീതി ഉണ്ടായിരുന്നു. കെഎസ് മനോജിന്റെ ഭൂരിപക്ഷം 10000 വരെയെത്താം.
ചേര്‍ത്തലയില്‍ ഇക്കുറി എസ് ശരത് വിജയിച്ചു കയറും. കഴിഞ്ഞ തവണത്തെ വന്‍ഭൂരിപക്ഷത്തെ മറികടന്ന് 5000-7000 വോട്ടിന്റെ ഭൂരിപക്ഷം നേടിയേക്കാം. കുട്ടനാട്ടില്‍ കഴിഞ്ഞ തവണ 4000ലധികം വോട്ടിന് പിന്നിലായിരുന്ന ജേക്കബ്ബ് എബ്രഹാം ഇക്കുറി 4500 വോട്ടിന് വിജയിക്കും. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ സീറ്റ് നിലനിര്‍ത്തും. 5000-10000 വോട്ടിന്റെ ഭൂരിപക്ഷം നേടും.
മാവേലിക്കരയില്‍ കെകെ ഷാജു 4000-7000 വോട്ടിന് വിജയിക്കാം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആയിരത്തോളം വോട്ട് ഇവിടെ അധികം നേടിയിരുന്നു. മാവേലിക്കര നഗരസഭയിലും രണ്ട് പഞ്ചായത്തുകളിലും അധികാരം നേടിയതും നേരത്തെ ഉണ്ടായിരുന്ന അന്തരീക്ഷത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആലപ്പുഴയില്‍ ഏഴ് സീറ്റ് ഉറപ്പായും കിട്ടുമെന്നാണ് യുഡിഎഫ് സംസ്ഥാന നേതാക്കളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ആറെണ്ണമെങ്കിലും കിട്ടുമെന്നാണ് ജില്ലാ നേതാക്കള്‍ സ്വകാര്യമായി പറയുന്നത്.
അതേസമയം സര്‍വേകളില്‍ പറയുന്നത് പോലെ കുന്നംകുളത്ത് യാതൊരു അട്ടിമറിയും ഉണ്ടാവില്ലെന്ന് സിപിഎം ഉറപ്പിച്ച് പറയുന്നു. ഇവിടെ എസി മൊയ്തീന്റെ ഭൂരിപക്ഷം ചെറിയ തോതില്‍ കുറയാനേ സാധ്യതയുള്ളൂ. കയ്പമംഗലത്തും വലിയ മത്സരമില്ലെന്ന് സിപിഎം ഉറപ്പിക്കുന്നു.എന്നാല്‍ 43 വോട്ടിന് കൈവിട്ട് പോയ വടക്കാഞ്ചേരിയില്‍ ഇത്തവണ അനില്‍ അക്കര വീഴുമെന്ന് ഇടതുക്യാമ്പുകള്‍ പറയുന്നു. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. യുഡിഎഫും ബിജെപിയും പല മണ്ഡലങ്ങളില്‍ സഹകരിച്ചിട്ടുണ്ടെന്നാണ് സിപിഎം കരുതുന്നത്. ഇതുണ്ടായില്ലെങ്കില്‍ ഇടതുപക്ഷത്തിന്റെ മുന്നേറ്റം തടയാന്‍ സാധിക്കില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ഈ കണക്കുകളെ അവഗണിക്കുകയാണ്.
തൃശൂരില്‍ ത്രികോണ പോരാട്ടം നടക്കുന്നുണ്ടെങ്കിലും പത്മജ മണ്ഡലം പിടിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നേരിയ ഭൂരിപക്ഷം മാത്രമാണ് ഉണ്ടാവുക. ജയിച്ചാല്‍ പത്മജ മന്ത്രിയാവുമെന്ന് ഉറപ്പാണ്. വടക്കാഞ്ചേരിയില്‍ ഭൂരിപക്ഷം ഉയരുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. അനില്‍ അക്കര സേഫാണെന്ന് നേതാക്കളും പറയുന്നു. ഗുരുവായൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവയാണ് ജില്ലയില്‍ യുഡിഎഫിന് ഉറപ്പുള്ള സീറ്റുകള്‍. കൊടുങ്ങല്ലൂരില്‍ ഇത്തവണ അട്ടിമറിയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ജാക്‌സണ്‍ മികച്ച സ്ഥാനാര്‍ത്ഥി കൂടിയാണ്.