ജിതേഷ് ഏ വി
ഫോക്കസ് കേരള-2021 -2 കണ്ണൂർ -ഭാഗം 3
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇത്തവണ പതിനൊന്നിൽ പത്ത് സീറ്റും പിടിച്ചെടുക്കുമെന്ന് സിപിഎം നേതാവ് എംവി ജയരാജന്റെ വാക്കുകകൾ ശരിവെക്കുന്നതാണ് സർവേ റിപ്പോർട്ടറിലും മനസിലാവുന്നത് .നിലവിൽ യുഡിഎഫിന്റെ കയ്യിൽ ഇരിക്കുന്ന മുന്നിൽ രണ്ട് മണ്ഡലം കൂടി ഇടതുപക്ഷം പിടിച്ചെടുക്കും.അപ്പോഴും ജില്ലയിലെ ഇരിക്കൂർ ഇടതുപക്ഷത്തിന് ഇപ്പോഴും ബാലികേറാ മലയാണ് ഡെയിലി ഇന്ത്യൻ ഹെറാൾഡ് നടത്തുന്ന ‘ഫോക്കസ് കേരള-2021 ‘ എന്ന ഇലക്ഷൻ സർവേയിൽ മനസിലാക്കുന്നത് .ഇന്ന് ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സർവേയുടെ അവസാനം ഏതുമുന്നണിക്കാണ് മുൻതുക്കം എന്ന് നിരീക്ഷണ റിപ്പോർട്ട് പുറത്ത് വിടും.
ഇരിക്കൂറിൽ 1974ൽ ഇ കെ നായനാർ വിജയിച്ച രാഷ്ട്രീയ പശ്ചാത്തലമുണ്ടെങ്കിലും 1982 മുതൽ ഇന്നോളം എതാണ്ട് നാൽപ്പത് വർഷം നാല് തലമുറ വോട്ട് ചെയ്ത് വിജയിപ്പിച്ചത് UDFലെ KC ജോസഫിനെയാണ്. കെ കരുണാകരൻ DIC ഉണ്ടാക്കിയ കാലത്ത് മാത്രമാണ് അല്പം ക്ഷീണം കോൺഗ്രസ്സിന് ഇരിക്കൂറിൽ സംഭവിച്ചത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് പാർട്ടിക്കകത്തു നിന്നും മുന്നണിക്കകത്തു നിന്നും കെ സി ജോസഫിനെതിരെ വിമിത ശബ്ദ്ധങ്ങൾ ഉയർന്നതിനാൽ ഇത്തവണ KC ജോസഫിനെ മാറ്റി പുതിയ ആളെ പരിഗണിക്കുകയാണ് കോൺഗ്രസ്സ്.
LDF കഴിഞ്ഞ കാലങ്ങളിൽ CPl ക്ക് നൽകിയ സീറ്റ് കേരളാ കോൺഗ്രസ്സ് മാണി വിഭാഗം ഇടതുപക്ഷ മുന്നണിയിലേക്ക് വന്നതോടുകൂടി അവർക്ക് വിട്ടു നൽകിയിരിക്കുന്നു. ക്രൈസ്തവ ജനത തിങ്ങിപ്പാർക്കുന്ന കുടിയേറ്റ കർഷകരുടെ ഈ മലയോര മണ്ണിന് ഇപ്പോൾ അതിശക്തമായ പഴയകാല UDF വികാരങ്ങൾ കാണനില്ല എന്നത് പ്രകടമാണ്. എന്തുകൊണ്ട് ഇത്തരം മാറ്റം എന്നതിന് ഒറ്റവാക്കിൽ ഉത്തരമില്ല എന്ന് മാത്രമല്ല സമ്മിശ്ര പ്രതികരണവുമാണ് കിട്ടുന്നത്.
കോട്ടയത്തിരുന്ന് നിയന്ത്രിക്കാനാകുന്ന വോട്ടു ജനതയുള്ള കോൺഗ്രസ്സിന്റെ ഈ നെടും കോട്ടയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലെ എ, ഐ തർക്കം സീറ്റ് നഷ്ടപ്പെടുത്തുന്നതിൽ എത്തുമെന്ന് ആശങ്കപ്പെടുന്നവരിൽ ക്രൈസ്തവ പുരോഹിതർവരെ ഉണ്ട് എന്നതാണ് വാസ്തവം. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ ഹാഗിയ സോഫിയ വിവാദ പ്രസംഗത്തിൽ രോഷാകുലനായ സഭാ വിശ്വാസിയുടെ വാക്കുകളും കേട്ടു.
ഇരിക്കൂറിൽ AICC നിശ്ചയിക്കപ്പെട്ട UDF സ്ഥാനാർത്ഥി സജീവ് ജോസഫിനെതിരെ സകല സീമകളും ലംഘിച്ചുകൊണ്ടുള്ള ഗ്രൂപ്പ് പോര് UDF നോട് നിഷ്പക്ഷ വോട്ടർമാരിൽ അവമതിപ്പുളവാകാൻ കാരണമായി. സുധാകരവിഭാഗവും എ ഗ്രൂപ്പും കാലുവാരുമെന്ന ചിന്ത ഒരു വിഭാഗം വോട്ടർമാർ ‘ഫോക്കസ് കേരള’ യോട് പങ്കുവെക്കുകയും ചെയ്തു. എതിർപ്പുകൾ ഇല്ലായിരുന്നെങ്കിൽ ഇരുപത്തി അഞ്ചായിരത്തിനും മുപ്പതിനായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തിനു ജയിക്കേണ്ട മലബാറിലെ കോൺഗ്രസ്സിന്റെ ഏക ഉറച്ച മണ്ഡലം ഇന്ന് ജയമോ പരാജയമോ എന്നുറപ്പിച്ച് പറയാനാകാത്ത മുൾമുനയിൽ കൊണ്ടുചെന്നെത്തിച്ചത് കോൺഗ്രസ്സുകാരു തന്നെ എന്ന് പരസ്യമായി പറയുന്നു ഇരിക്കൂറിലെ ജനങ്ങൾ.
പരമ്പരാഗത UDF വോട്ടുകളിൽ വിള്ളൽ വീഴ്ത്താനും വർത്തമാനകാല രാഷ്ട്രീയ നിലപാടുകളിൽ ഒരു വിഭാഗം ക്രൈസ്തവ സമൂഹത്തെ ഇടതുപക്ഷത്തോടു ചേർത്തു നിർത്താനും സാധിച്ചാൽ ഇടതുപക്ഷത്തിന് ചുകന്ന വസന്തം ഇരിക്കൂറിലും വിരിയിക്കാം. എന്തായാലും UDF ന്റെ നെടും കോട്ടയിലെ ജേതാവിനെ ഇക്കുറി പ്രവചിക്കുന്നത് എന്തുകൊണ്ടും അസാദ്ധ്യമാണ്.
Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.
You May Like :കേരളം ആര് നേടും.വോട്ടർ അറിയാത്ത തിരഞ്ഞെടുപ്പ് സർവ്വേ; വ്യത്യസ്തമായ സർവ്വേയുമായി ഹെറാൾഡ്
CPM ൽ നിന്ന് പുറത്തായ ശേഷം CMP രൂപികരിച്ച MV രാഘവൻ 1987ൽ മത്സരിച്ചപ്പോൾ കൈയിൽ നിന്നു പോയ അഴിക്കോട് CPM ന്റെ അഭിമാന മണ്ഡലമായിരുന്നു. ചടയൻ ഗോവിന്ദനും, ദേവൂട്ടിയും, ഇ പി ജയരാജനും, ടി കെ ബാലനും, എം പ്രകാശൻ മാഷുമൊക്കെ മാറി മാറി ജയിച്ച മണ്ഡലം LDF പിന്നീട് തിരിച്ചുപിടിച്ചിരുന്നു. മുസ്ലീം ലീഗിലെ KM ഷാജിയിലൂടെ വീണ്ടും UDFനോടൊപ്പം ചേർന്ന മണ്ഡലം നിലനിർത്താൻ UDF ഉം എന്തു വില കൊടുത്തും തിരിച്ചുപിടിക്കാൻ LDF ഉം കച്ചകെട്ടിയിറങ്ങുമ്പോൾ മത്സരം തീ പാറുമെന്നത് ഉറപ്പ്. വർഗ്ഗീയ പരമാർശമായ പ്രചരണത്തിന്റെ പേരിൽ നിയമസഭാ സാമാജികത്വം വിവാദത്തിലായ സിറ്റിംഗ് MLA കെ എം ഷാജിക്ക് അഴിമതിക്കേസുകളുടെ കുരുക്കും വീണപ്പോൾ അത് കഴിഞ്ഞ തവണ UDF ന് വോട്ട് ചെയ്ത ജനങ്ങളിൽ അമർഷത്തിനും നിരാശക്കും കാരണമായിട്ടുണ്ട്. അഴിമതി സബന്ധമായ പരാതി ഉന്നയിച്ച ആളുകൾ മുസ്ലിംലീഗ് കാരായാലും എട്ടിന്റെ പണി കൊടുക്കുമെന്ന കെ എം ഷാജിയുടെ വിവാദ പ്രസംഗം ശക്തമായി തിരിച്ചടിക്കാനുള്ള സാദ്ധ്യതയും മണ്ഡലത്തിൽ നിറയെ കാണുന്നു.
വർഗ്ഗിയതയ്ക്ക് എതിരെ ഉറച്ച നിലപാട് കൈ കൊണ്ട പിണറായി വിജയനിൽ മാത്രം ഇനി വിശ്വാസം എന്നു പറഞ്ഞ നിഷ്പക്ഷരും ന്യുനപക്ഷങ്ങളും ഇന്ന് അഴിക്കോട് മണ്ഡലത്തിൽ ധാരാളമായുണ്ട്. RSS – BJP നിലപാടുകളോടുള്ള ശക്തമായ വിയോജിപ്പും CAA പോലുള്ള വിഷയങ്ങളിൽ കൈ കൊണ്ട ഉറച്ച നിലപാടും മത്സ്യ ബന്ധന തൊഴിലാളികളോടുള്ള സർക്കാർ സമീപനവും ഇടതുപക്ഷത്തിന് നേട്ടമായി വരും. അതോടൊപ്പം മണ്ഡലത്തിന് സുപരിചിതനും സൗമ്യനുമായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ കെ വി സുമേഷിന്റെ സ്ഥാനാർത്ഥിത്വവും ഇടതു വിജയത്തിന് അഴിക്കോട് വേഗത കൂട്ടും എന്നുറപ്പിച്ചു പറയാം.
കോൺഗ്രസ്സിനും മുസ്ലിം ലീഗിനും നിർണ്ണായക ശക്തിയുള്ള മണ്ഡലമാണ് ജില്ലാ ആസ്ഥാനമായ കണ്ണൂർ. മലബാറിലെ പ്രമുഖ തിയ്യ സമുദായ കുടുംബങ്ങളും പരമ്പരാഗത കോൺഗ്രസ്സ് കുടുംബങ്ങളും വിധി നിർണ്ണയിക്കുന്ന മണ്ഡലമാണ് കണ്ണൂർ നിയമസഭാ മണ്ഡലം.പ്രമുഖമായ തിയ്യതറാവാടുകളിൽ കോൺഗ്രസ്സ് നേതാക്കൾക്കുള്ള സ്വാധീനവും CPM ന് അതില്ലാത്തതിന്റെ ബലഹീനതയുമാണ് ഇക്കാലമത്രയുമായി മണ്ഡലം UDFനോടൊപ്പം ചേരാനുള്ള കാരണങ്ങളിൽ പ്രധാനമായിട്ടുള്ളത്. കണ്ണൂർ 1, കണ്ണൂർ 2 എന്നീ മണ്ഡലങ്ങൾ ഉണ്ടായിരുന്ന കാലത്തെ കണ്ണൂർ 1 ന്റെ പരിധി ഏറക്കുറേ ഇപ്പോഴത്തെ കണ്ണൂർ നിയമസഭാ മണ്ഡല പരിധി തന്നെയാണ്.
കോൺഗ്രസ്സ് നേതാവായപ്പോൾ തന്നെ SNDP നേതാവുമായ ആർ ശങ്കറിന് ജയിച്ചു വരാൻ അഖിലേന്ത്യാ കോൺഗ്രസ്സ് നേതൃത്വവും കേരള പ്രദേശ് കോൺഗ്രസ്സ് നേതൃത്വവും കണ്ടെത്തിയ ഉറച്ച മണ്ഡലം കണ്ണൂരായിരുന്നു. ശ്രീനാരായണീയരെ വിശ്വാസത്തിലെടുത്ത് മാത്രം വിജയം വരിച്ച മണ്ഡലം രാമചന്ദ്രൻ കടന്നപ്പള്ളി എന്ന ഗാന്ധിയനും ലളിതജീവിത ശൈലിയുടെ ഉടമയുമായ പഴയകാല കോൺഗ്രസ്സ് നേതാവിലൂടെ ഇടതുപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിടിച്ചെടുത്തു. ഇത്തവണയും LDF രംഗത്തിറക്കിയിരിക്കുന്നത് തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രികൂടിയായ രാമചന്ദ്രൻ കടന്നപ്പള്ളിയെ തന്നെയാണ്.
മണ്ഡലം തിരിച്ചുപിടിക്കുക എന്നത് UDF ന് വിശിഷ്യാ കോൺഗ്രസ്സിന് അഭിമാനപ്രശ്നമാണ്. ഗ്രൂപ്പ് തർക്കത്തിലും പടലപിണക്കങ്ങളിലും കഴിഞ്ഞ തവണ കൈവിട്ടു പോയ കണ്ണൂർ കോർപ്പറേഷൻ തിരിച്ചുപിടിക്കാനായത് മണ്ഡലത്തിൽ UDF നും കോൺഗ്രസ്സിനുമുള്ള ആശ്വാസം ചെറുതൊന്നുമല്ല. സംസ്ഥാനത്ത് UDF ന് ലഭിച്ച ഏക കോർപ്പറേഷനും കണ്ണൂർ തന്നെ.
എന്നാൽ ഈ നേട്ടത്തിനു നടുവിൽ കോൺഗ്രസ്സും UDF ഉം കാണാതെ പോകുന്നതോ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നതോ ആയ പ്രശ്നങ്ങളിൽ തട്ടി ഇത്തവണയും മണ്ഡലം കൈവിടാനുള്ള സാഹചര്യവും നിറഞ്ഞു നിൽപ്പുണ്ട്. കോർപ്പറേഷൻ മേയർ സ്ഥാനവുമായി ബന്ധപ്പെട്ട ചില വിഭാഗക്കാരുടെ വികാരം കോൺഗ്രസ്സ് പാടെ അവഗണിച്ചത് തിരിച്ചടിയാകുമെന്ന് അടക്കം പറയുന്നത് കോൺഗ്രസ്സ് ഗൗനിച്ചിട്ടില്ല എന്നത് LDF ന് ഗുണകരമാകും. തങ്ങളുടെ സഹായത്തോടെ കോർപ്പറേഷനിൽ കരകയറി കഴിഞ്ഞപ്പോൾ പാലം വലിച്ചു എന്ന ചിലരുടെ പരാതി മണ്ഡലത്തിൽ അതിശക്തമാണ്.
AP അബ്ദ്ദുളള കുട്ടിയെ BJP യിൽ എത്തിച്ചത് ജില്ലയിലെ ചില കോൺഗ്രസ്സ് നേതാക്കളുടെ സ്വാർത്ഥമായ പിടിവാശിയാണെന്നത് മുസ്ലിം മത വിഭാഗക്കാരിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സിറ്റിംഗ് MLA യെ മറ്റി മറ്റൊരാളെ പരിഗണിച്ചപ്പോൾ DCC പ്രസിഡന്റായ K സുരേന്ദ്രനെ പാടെ അവഗണിച്ചു എന്നത് അദ്ദേഹം അകാല ചരമമടഞ്ഞ ഇന്നിന്റെ കാലത്തും കണ്ണൂരിലെ ഒരു വിഭാഗം UDF വോട്ടർമാർക്കിടയിൽ വലിയൊരു നൊമ്പരമായി നിൽക്കുന്നു. സ്വന്തം താല്പര്യ സംരക്ഷണത്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ മാത്രം ഗ്രൂപ്പിലേക്ക് ചേക്കേറിയ സതീശൻ പാച്ചേനിക്ക് പൊടുന്നനെ കണ്ണൂർ സീറ്റു കൊടത്ത നടപടിയും പിന്നീട് DCC പ്രസിഡന്റാക്കിയതും എല്ലാം കണ്ണൂർ കോൺഗ്രസ്സിനകത്ത് ഇന്നും പുകഞ്ഞുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളാണ്.
പഴയ തലമുറ മൂന്ന് നിലയിലായി പടുത്തുയർത്തിയ പ്രൗഡമായ ജില്ലാ കോൺഗ്രസ്സ് ആസ്ഥാന മന്ദിരം പൊളിച്ചടുക്കി വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ മന്ദിരം പണിതുയർത്താനാകാതെ പലവിധ വിവാദങ്ങൾക്ക് വഴിവച്ചതിൽ കോൺഗ്രസ്സിനെ സ്നേഹിക്കുന്ന കണ്ണൂർ മണ്ഡലത്തിലെ പരമ്പരാഗത കോൺഗ്രസ്സുകാർക്കുള്ള അതൃപ്തി പോലും വികാരപരമായി പറഞ്ഞും LDF സ്ഥാനാർത്തിയോടുള്ള പഴയ കാലങ്ങളിലെ നല്ല ബന്ധം ഓർമ്മയിൽ നിന്നു ചികഞ്ഞെടുത്ത വലിയൊരു വിഭാഗം ജനതയേയും ഈ വേളയിൽ കണ്ണൂരിൽ കണ്ടു. തഴക്കവും പഴക്കവും ചെന്ന പാരമ്പര്യ പശ്ചാത്തലമുള്ള തറവാടിത്തമുള്ള നിരവധി കോൺഗ്രസ്സുകാർ പാർട്ടി വിട്ടു പോയതിന് കാരണക്കാരൻ നിലവിലെ ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതൃത്വം മാത്രമാണെന്നും അത്തരക്കാർ UDF സ്ഥാനാർത്ഥിയായി വീണ്ടും വന്നാൽ പരാജയപ്പെടും എന്നു പറയുന്നത് UDF കോൺഗ്രസ്സ് അനുഭാവികളും പ്രവർത്തകരും മാത്രമല്ല… പാർട്ടിയുടേയും പോഷക വിഭാഗങ്ങളുടേയും ജില്ല സംസ്ഥാന നേതാക്കളും കൂടിയാണ്…
ഭരണ നേട്ടങ്ങളോടൊപ്പം UDF ന്റെ ഈ പ്രതിസന്ധികളും സമർത്ഥമായി മുതലെടുക്കാനായാൽ ഒപ്പം കടന്നപ്പളി രാമചന്ദ്രനെന്ന പഴയ കാല കോൺഗ്രസ്സ് നേതാവിന്റെ ഇപ്പോഴുമുള്ള വിനയവും ലാളിത്യവും ഒരിക്കൽക്കൂടി കണ്ണൂർ മണ്ഡലം നെഞ്ചേറ്റിയാൽ ഇത്തവണയും കണ്ണൂർ മണ്ഡലം നിലനിർത്താൻ ഇടതു പക്ഷത്തിന് സാധിക്കും. ഒപ്പം തിയ്യ സമുദായത്തിൽ ജനിച്ച് കുല തൊഴിലായ കള്ള് ചെത്തി മക്കളെ വളർത്തിയ മുണ്ടയിൽ കോരന്റെ മകൻ പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ വേണ്ടി, നീയമസഭയിലേക്കുള്ള ഭൂരിപക്ഷത്തിനായുള്ള ഒരു നിയമസഭാ അംഗത്തെയും.
കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രശസ്തി ലോകത്തിന്റെ നെറുകയിൽ എത്തിച്ച കെ കെ ശൈലജ ടീച്ചർ 2011ൽ ജയിച്ച മണ്ഡലമാണ് കൂത്തുപറമ്പ്. LDF ഇത്തവണ മണ്ഡലം ഘടകകക്ഷിക്ക് മാറ്റി വെച്ചപ്പോൾ കുത്തുപറമ്പിൽ നിന്നും ടീച്ചർ മട്ടന്നൂരിലേക്ക് മാറി. LDF സ്ഥാനാർത്ഥി ആയി ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ മത്സരിക്കുന്ന മട്ടന്നൂരിൽ ടീച്ചറുടെ ഭൂരിപക്ഷം എത്രമാത്രം വർദ്ധിക്കും എന്നത് മാത്രമാണ് ഇപ്പോൾ ചർച്ചക്ക് വിഷയമാകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ EP ജയരാജൻ മുപ്പതിനായിരത്തിലധികം വോട്ടിന് ജയിച്ച മണ്ഡലത്തിൽ മറ്റൊരു വിഷയവും സംസാരിക്കാൻ ജനങ്ങൾക്ക് താല്പര്യമില്ല എന്നത് സൂചിപ്പിക്കുന്നത് മണ്ഡലത്തിൽ LDF ന്റെ ഭൂരിപക്ഷം റെക്കോഡിലെത്തും എന്നു തന്നെയാണ്.
ഇന്ന് പ്രവചനാതീതമായി മാറിയ മണ്ഡലങ്ങളിൽ ഒന്നാണ് പേരാവൂർ. UDF നോട് കൂടുതൽക്കാലം ചേർന്നു നിന്നിട്ടുള്ള പേരാവൂരിനെ 2011 മുതൽ കോൺഗ്രസ്സിലെ അഡ്വ സണ്ണി ജോസഫാണ് പ്രതിനിധീകരിക്കുന്നത്. വോട്ടർമാരുടെ സമ്മിശ്ര പ്രതികരണമാണ് ഇത്തവണ കേൾക്കുന്നത് എന്നതുകൊണ്ട് തന്നെ ആരുടെതാകും വിജയം എന്നത് പേരാവൂരിൽ കണ്ടു തന്നെ അറിയണം.
സാധാരണക്കാരായ പാവപ്പെട്ടവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാൻ സ്ഥലം MLA ക്ക് സാധിച്ചിട്ടില്ല എന്ന പരാതികൾ മണ്ഡലത്തിലെമ്പാടും കേൾക്കുന്നു. ബസ്സിലും ഓട്ടോറിക്ഷയിലും നടന്നും പോകുന്ന, വോട്ടർമാരെ പേരു ചൊല്ലി വിളിച്ച് തോളിൽ തട്ടി കുശലം പറയുന്ന ജനകീയനായ കോൺഗ്രസ്സ് MLA KP നൂറുദ്ദീനെ ഒരു പാട് കാലം കണ്ട് വളർന്ന പേരാവൂരാകാർ തങ്ങളുടെ MLA യുടെ പ്രവർത്തന ശൈലക്ക് റോൾ മോഡൽ നൂറുദ്ദീൻ സാഹിബാകണം എന്നു പറയുമ്പോൾ അത് ചിലവേദനകളുടെ പങ്കുവെക്കലാണെന്ന് വ്യക്തം. ഇത്തവണ മുന്നണി സ്ഥാനാർത്ഥികൾ എത്ര മാത്രം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പേരാവൂർ വിധി എഴുതുക.
2016ൽ UDF ന് എട്ടായിരത്തോളം ഭൂരിപക്ഷം സമ്മനിച്ച മണ്ഡലത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ UDF ന് വലിയ ക്ഷീണമാണ് സംഭവിച്ചിട്ടുള്ളത്. മലയോര മേഖലയിലുണ്ടായിരുന്ന കോൺഗ്രസ്സ് UDF കുത്തക തകർന്നതും വർഷങ്ങളായി കൈയടക്കി വച്ചിരുന്ന പഞ്ചായത്തുകളിൽ ഭരണം നഷ്ടപ്പെട്ടതും കേരള കോൺഗ്രസ്സ് LDF ലേക്ക് ചേക്കേറിയതും എല്ലാം UDF ന്റെ ഭാവി അനിശ്ചിതത്തിലാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. മണ്ഡലത്തിൽ പതിവിന് വിപരീതമായുള്ള UDF വിരുദ്ധ വികാരങ്ങളും LDF ന്റെ പഴുതുകളടച്ച പ്രവർത്തനവും പേരാവൂരിലെ പ്രവചനം അസാദ്ധ്യമാക്കുന്നു.
കണ്ണൂർ ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിൽ എവിടേയും നിലവിൽ BJP ഒരു വൻ ശക്തിയേ അല്ല. എങ്കിലും എല്ലാ മണ്ഡലത്തിലും മൂന്നാം സ്ഥനത്ത് അവർ ഉണ്ട്. ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ പിണറായി വിജയനെന്ന LDF ന്റെ നെടുനായകനെതിരെ മത്സരിക്കാൻ കോൺഗ്രസ്സിന്റെ ഏറ്റവും ശക്തനായ കെ സുധാകരനുമേൽ അതിശക്തമായ സമ്മർദ്ധമുണ്ടായിട്ടും അദ്ദേഹം ഒഴിഞ്ഞു മാറിയത് ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലേയും UDF പ്രവർത്തകർക്ക് കടുത്ത നിരാശ ഉണ്ടാക്കിയിട്ടുണ്ട്.
പിണറായിക്കെതിരെ സുധാകര പോരാട്ടം മൈക്കിനു മുൻപിൽ മാത്രം എന്ന ഇടതു പ്രവർത്തകരുടെ പരിഹാസവും കോൺഗ്രസ്സ് സ്ഥാനാർത്ഥി ലിസ്റ്റുകളെ കുറിച്ചുള്ള സുധാകരനുമായി ആലോചിച്ചില്ല എന്നതും കോൺഗ്രസ്സ് വിടുന്ന കാര്യം ഇപ്പോൾ പറയാനാകില്ല എന്നേ പറയാൻ പറ്റൂ എന്ന കെ സുധാകരന്റെ ഏറ്റവും പുതിയ പ്രതികരണവും കോൺഗ്രസ്സ് പ്രവർത്തകരുടെ മനോവീര്യം കെടുത്തിക്കഴിഞ്ഞു. എരിതീയിലേക്ക് എണ്ണ ഒഴിക്കും പോലെ വർക്കിംഗ് പ്രസിഡന്റായ സുധാകരനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ MP യുടെ പ്രസ്ഥാവനയും തിരഞ്ഞെടുപ്പ് മുഖത്ത് ഏറ്റവും കൂടുതൽ നഷ്ടം വരുത്തുക കണ്ണൂരിലെ UDF നെയാണ്.
ഇത്തവണ ഇടതുപക്ഷത്തിന് ജില്ലയിൽ നിന്ന് കുറഞ്ഞത് ഒൻപത് സീറ്റും ഉറപ്പിക്കാം. അട്ടിമറി നടന്നാൽ പത്തോ പതിനോന്നോ സീറ്റുകൾ തന്നെ കിട്ടാൻ സാദ്ധ്യത കാണുമ്പോൾ UDF ന് പരമാവധി രണ്ട് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ട പ്രതികരണങ്ങളാണ് പതിനൊന്ന് മണ്ഡലങ്ങളിൽ നിന്നുമായി കാണുന്നത്. അത് പൂജ്യമോ ഒന്നോ ആയാലും അത്ഭുതപ്പെടേണ്ടതില്ല.