പാലക്കാട്: ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ വാൻ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം വിജയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കഴിഞ്ഞതാണ കിട്ടിയതിലും കൂടുതൽ സീറ്റ് കിട്ടും . തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്നും ഇക്കാര്യത്തിൽ സംശയം വേണ്ടെന്നും കഴിഞ്ഞ തവണത്തേതിലും കൂടുതൽ സീറ്റു കിട്ടുമെന്നും പിണറായി പറഞ്ഞു. എത്ര സീറ്റു പ്രതീക്ഷിക്കുന്നുണ്ട് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമല അടക്കം വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. സംസ്ഥാന സർക്കാറിന് ഇക്കാര്യത്തിൽ അവ്യക്തതയില്ലെന്നും അന്തിമ വിധി വരുമ്പോൾ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് ചർച്ച ചെയ്തു പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘വിധി വരട്ടെ, വിധി വന്നതിന് ശേഷം നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ ഒരു ആശയക്കുഴപ്പവുമില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും ഈ പ്രശ്‌നം ഉണ്ടായിരുന്നു. ഏതെങ്കിലും തരത്തിൽ ആളുകളെ സ്വാധീനിച്ച് അതു കുറച്ചു വോട്ടാക്കാൻ കഴിയുമോ എന്ന ചിന്തയുടെ ഭാഗമാണ്. അത് ഏശില്ല എന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ വ്യക്തമായി. കാരണം ആളുകൾക്ക് ഇത് ബോധ്യമാണ്. സർക്കാർ സ്വീകരിച്ച നിലപാടിനെ കുറിച്ച് ആളുകൾക്കോ വിശ്വാസികൾക്കോ ഏതെങ്കിലും തരത്തിലുള്ള സംശയമില്ല’ – മുഖ്യമന്ത്രി പറഞ്ഞു.
കോലീബി സഖ്യത്തെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ’91ന് മുമ്പാണ് കോലീബി സഖ്യം യഥാർത്ഥത്തിൽ ഉണ്ടാകുന്നത്. ആ സഖ്യത്തെ ഫലപ്രദമായി പരാജയപ്പെടുത്താൻ കഴിഞ്ഞു. വടകരയിലും ബേപ്പൂരിലും അതാണ് സംഭവിച്ചത്. വലിയ തോതിൽ ഒറ്റപ്പെടുന്ന അവസ്ഥ വന്നു. പിന്നീടാണ് ഏതാനും മണ്ഡലങ്ങളിൽ ഈ പറഞ്ഞ സഖ്യം നടക്കുന്നത്. അന്നത്തെ മുഖ്യമന്ത്രിയോട് ചിലർ പറഞ്ഞു. നിങ്ങൾ ആ കസേരയിൽ ഇരിക്കുന്നത് ഞങ്ങൾ സഹായിക്കുന്നത് കൊണ്ടാണ് എന്ന്. ഇത്തരത്തിലുള്ള കൂട്ടുകെട്ടുകൾ നേരത്തെ നടക്കുന്നുണ്ടായിരുന്നു. അന്ന് ബിജെപിയുടെ വോട്ടു വാങ്ങലായിരുന്നു. എന്നാൽ ആദ്യത്തെ കോലീബി സഖ്യത്തിൽ അത് മാത്രമായിരുന്നില്ല.
ബിജെപിക്കാർക്ക് കുറച്ച് സഹായം ചെയ്തു കൊടുക്കാനും സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനും ശ്രമിച്ചിരുന്നു. പിന്നീട് ബിജെപിക്ക് ഇവിടെ അക്കൗണ്ട് തുടങ്ങാൻ കഴിഞ്ഞത് ഈ ഇടപെടലിലൂടെയാണ്. ഒ രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് സഹായിച്ച്, കോൺഗ്രസിന്റെ വോട്ട് ആ മണ്ഡലത്തിൽ പിന്നെ കാണാനില്ല. അങ്ങനെയാണ് സംഭവിക്കുന്നത്. ആ തരത്തിലാണ് നേമത്ത് രാജഗോപാലിന് ജയിച്ചു വരാൻ കഴിഞ്ഞത്. അത് രാജഗോപാൽ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുന്നു.’- പിണറായി ചൂണ്ടിക്കാട്ടി.