കോഴിക്കോട്: ചന്ദ്രിക കള്ളപ്പണവുമായി ബന്ധപ്പെട്ട് ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ക്ക് ഇഡിയുടെ നോട്ടിസ്. കൊച്ചിയിലെ ഇഡി ഓഫിസില്‍ മൊഴിയെടുക്കലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ മുഈന്‍ അലി തങ്ങളുടെ പക്കലുണ്ടെന്ന നിഗമനത്തിലാണ് ഇഡി. കൂടാതെ കേസില്‍ മുഈനലി തങ്ങളുടെ മൊഴി നിര്‍ണായകവുമാണ്. ചന്ദ്രിക കള്ളപ്പണ വിവാദവുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിയെയും മുഈന്‍ അലി തങ്ങളെയും മൊഴി എടുക്കുന്നതിനായി ഇഡി വിളിപ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ മുഈനലി തങ്ങള്‍ക്ക് ലഭിച്ചിരുന്നു എന്നാണ് വിവരം. ഇക്കാര്യങ്ങള്‍ അദ്ദേഹം ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചേക്കും.നേരത്തെ ഒരു വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിക്കും ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ പിഎ മുഹമ്മദ് സമീറിനുമെതിരെ മുഈനലി തങ്ങള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി വിളിപ്പിച്ചിരിക്കുന്നത്. മുഈനലി തങ്ങളുടെ മൊഴി മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യതയുണ്ട്.
ചന്ദ്രികയിലെ സാമ്പത്തിക കാര്യങ്ങള്‍ പരിശോധിക്കാന്‍ പിതാവും ചന്ദ്രിക ചെയര്‍മാനുമായ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം മുഈനലി തങ്ങള്‍ നേരത്തെ ചില ഇടപെടലുകള്‍ നടത്തിയിരുന്നു. ചന്ദ്രികയിലെ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞുകിടക്കുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്നാണ് പരിശോധനയ്ക്ക് മുഈനലി തങ്ങളെ നിയോഗിച്ചത്. അദ്ദേഹം പത്ര ഓഫീസിലെത്തി ചില രേഖകള്‍ പരിശോധിച്ചിരുന്നു. ഭൂമി ഇടപാട് സംബന്ധിച്ചും ചില സംശയങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരുന്നു.
ഈ മാസം 16ന് ഹാജരാകണം എന്നാണ് പികെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ നോട്ടീസില്‍ ഇഡി പറയുന്നത്. 17ന് ഹാജാരാകാനാണ് മുഈനലി തങ്ങള്‍ക്കുള്ള നിര്‍ദേശം. ചന്ദ്രികയിലെ എറണാകുളത്തെ ബാങ്ക് അക്കൗണ്ട് വഴി നോട്ട് നിരോധന കാലത്ത് ചില പണ കൈമാറ്റങ്ങള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്.
ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ചില സംശയങ്ങള്‍ നേരത്തെ മുഈനലി തങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളും പ്രൊവിഡന്റ് ഫണ്ട് വിഷയത്തിലും അദ്ദേഹം ഇടപെടല്‍ നടത്തുകയും ചെയ്തു. ഒരുതവണ സമരത്തിന്റെ വക്കിലെത്തിയ ജീവനക്കാര്‍ മുഈനലി തങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. ബാങ്ക് വഴിയുള്ള പണം കൈമാറ്റം, പുതിയ പ്ലോട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയാകും മുഈനലി തങ്ങളില്‍ നിന്ന് ഇഡി ചോദിച്ചറിയുക. ചന്ദ്രികയിലെ ഇടപാടുകളില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല എന്നാണ് കുഞ്ഞാലിക്കുട്ടി നേരത്തെ പ്രതികരിച്ചത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കും സമീറിനുമെതിരെയാണ് മുഈനലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന ഈ വാര്‍ത്താസമ്മേളനം വലിയ വിവാദമായിരുന്നു.
ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കും സമീറിനുമെതിരെ മുഈനലി തങ്ങള്‍ തുറന്നടിച്ചു. തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ മുഈനലി തങ്ങളോട് ദേഷ്യപ്പെടുകയും അസഭ്യം പറയുകയുമുണ്ടായി. ഈ പ്രവര്‍ത്തകനെ സസ്‌പെന്റ് ചെയ്തു. മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് പാര്‍ട്ടിക്കുള്ളിലെ വിവാദം അവസാനിപ്പിച്ചു എങ്കിലും ഇഡി നോട്ടീസ് അയച്ചതോടെ മുഈനലി തങ്ങള്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.
ചന്ദ്രിക വിവാദത്തില്‍ ഹൈദരലി തങ്ങളെ ഇഡി ചോദ്യം ചെയ്തുവെന്ന കെടി ജലീല്‍ എംഎല്‍എയുടെ വെളിപ്പെടുത്തലോടെയാണ് നേരത്തെയുള്ള വിവാദങ്ങളുടെ തുടക്കം. മുഈനലി തങ്ങളെ അനുകൂലിച്ച് കെടി ജലീല്‍ പ്രസ്താവന നടത്തിയതും ചര്‍ച്ചയായിരുന്നു. പിഎ മുഹമ്മദ് സമീര്‍ ആണ് ചന്ദ്രികയിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതത്രെ. അദ്ദേഹം കുഞ്ഞാലിക്കുട്ടിയുടെ നോമിനിയാണ് എന്നാണ് ആരോപണം. നോട്ട് നിരോധന കാലത്ത് നിക്ഷേപിച്ച പണം ഘട്ടങ്ങളായി പിന്‍വലിച്ചിരുന്നു. ഇത് പത്രത്തിന്റെ വാര്‍ഷിക വരിസംഖ്യയാണെന്ന് സമീര്‍ ഇഡിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ ഇഡിക്ക് സംശയമുണ്ട്.
ഒന്‍പതാം തീയതി ഇഡി ഉദ്യോഗസ്ഥര്‍ക്ക് തെളിവുകള്‍ കൈമാറിയ ശേഷം ജലീല്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു :”വിഷയത്തില്‍ തന്റെ പക്കലുണ്ടായിരുന്ന എല്ലാ രേഖകളും ഇഡിക്ക് കൈമാറിയിട്ടുണ്ട്. വളരെ ഗൗരവായ കേസാണിത്. മുസ്ലീംലീഗിന്റെ ഓഫീസ് നിര്‍മ്മാണത്തിനെന്ന പേരില്‍ ചന്ദ്രികയുടെ അക്കൗണ്ടില്‍ നിന്ന് പണം നീക്കിവയക്കുകയും നാലര കോടിയോളം രൂപ കോഴിക്കോട് ജില്ലയിലെ മടവൂര്‍ വില്ലേജില്‍ ഭൂമിവാങ്ങുന്നതിനായി ചിലവാക്കുകയും ചെയ്തു. ഭൂമി നിര്‍മ്മാണത്തിന് സാധിക്കാത്ത കണ്ടല്‍കാടുകള്‍ നിറഞ്ഞ ചതുപ്പ് നിലമാണ് വാങ്ങിയിരിക്കുന്നത്. അതിനോട് അടുത്ത് രണ്ടേക്കര്‍ നല്ലഭൂമി തന്റെ മകന്‍ ആഷിഖിന്റെ പേരിലും പി കെ കുഞ്ഞാലിക്കുട്ടി വാങ്ങിയിട്ടുണ്ട്. അതിന്റെ പണവും ചന്ദ്രികയുടെ അക്കൗണ്ടില്‍ നിന്നാണ് പോയിട്ടുള്ളത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിച്ച രേഖകളാണ് ഇഡിക്ക് മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്.’