മുസ്ലിം ലീഗിലും കൊഴിഞ്ഞുപോക്ക് !യൂത്ത് ലീഗ് ദേശിയ പ്രസിഡന്റ് രാജിവെച്ചു..

കോഴിക്കോട്: മുസ്ലിം ലീഗിലും കൊഴിഞ്ഞുപോക്ക് തുടങ്ങി . യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചു. ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുമായി സഹകരിച്ചുള്ള പുതിയ രാഷ്ട്രീയ നീക്കത്തെ മുസ്ലിം ലീഗ് എതിര്‍ത്തതോടെയാണ് രാജി. പുതിയ പാര്‍ട്ടിയായ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലേക്ക് സാബിര്‍ ഗഫാര്‍ എത്തുമെന്നാണ് സൂചന.

പശ്ചിമ ബംഗാളിലെ ആത്മീയ കേന്ദ്രമായ ഫുര്‍ഫുറാ ശരീഫ് ആത്മീയ നേതാവ് അബ്ബാസ് സിദ്ധിഖിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മുമായി ചേര്‍ന്ന് ബംഗാളില്‍ 100 ഓളം സീറ്റുകളില്‍ മത്സരിക്കാനാണ് നീക്കം. സഖ്യ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാറായിരുന്നു.

പുതിയ നീക്കത്തിന് മുസ്ലിം ലീഗിന്റെ പിന്തുണ തേടി സാബിര്‍ നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍ ബംഗാളില്‍ മമതാ ബാനര്‍ജിക്ക് പിന്നില്‍ അടിയുറച്ചു നിന്ന മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാന്‍ ഇത് കാരണമാകുമെന്ന് ലീഗ് വിലയിരുത്തി. ബിജെപിയെ സഹായിക്കുന്നതാകും തീരുമാനമെന്നും പുതിയ നീക്കത്തെ പിന്തുണയ്‌ക്കേണ്ടെന്നും മുസ്ലിം ലീഗ് തീരുമാനിച്ചു. ഇതോടെയാണ് യൂത്ത് ലീഗ് പ്രസിഡന്റ് സ്ഥാനം സാബിര്‍ ഗഫാര്‍ രാജിവെച്ചത്. വൈസ് പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ക്ക് ചുമതല നല്‍കിയതായും ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന് അയച്ച രാജിക്കത്തില്‍ പറയുന്നു.

Top