ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വയനാട് എം പി രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നാളെയും ചോദ്യം ചെയ്യും. അഞ്ചാം ദിവസമായ നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായാണ് വിവരം. നാല് ദിവസമായി നാൽപ്പത് മണിക്കൂറാണ് ഇഡി ഇതുവരെ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരായത്. നാലാം ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്.വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാൽ അമ്മ സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടത്ത് ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റാന്‍ രാഹുല്‍ അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ചാണ് ഇഡി ചോദ്യംചെയ്യൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞയാഴ്ച തിങ്കൾ മുതൽ ബുധൻ വരെ 30 മണിക്കൂർ രാഹുലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന്, രോഗക്കിടക്കയിലായിരുന്ന അമ്മ സോണിയ ഗാന്ധിയെ സന്ദർശിക്കാൻ രാഹുലിന് ഇഡി സമയം അനുവദിച്ചിരുന്നു. രാഹുലിനെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
അതേസമയം, കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂൺ 23ന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയേയും കോൺഗ്രസ് ട്രഷറർ പവൻ ബൻസാലിനെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, ഉടമസ്ഥരായ യംഗ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ഓഹരി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിച്ച് വരികയാണ്.