കൊച്ചി: ന്യായമായ കാരണമില്ലാതെ യാത്ര വിലക്കിയതിന് ഖത്തര്‍ എയര്‍വെയ്‌സ് വിമാന കമ്പനിക്ക് ഏഴര ലക്ഷം രൂപ പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. കേരള ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യന്‍ തോമസ് ഖത്തര്‍ എയര്‍വെയ്‌സിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ശ്രീവിദ്യ ടി എന്‍ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടേതാണ് ഉത്തരവ്.
2018 ഓഗസ്റ്റ് 30നു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യനും സുഹൃത്തുക്കളും കൊച്ചിയില്‍ നിന്ന് സ്‌കോട്‌ലന്‍ഡിലേക്കുള്ള യാത്രയ്ക്കായി നാല് മാസം മുന്‍പ് ടിക്കറ്റ് എടുത്തിരുന്നു. കൊച്ചിയില്‍നിന്നു ദോഹയിലേക്കും അവിടെനിന്ന് എഡിന്‍ബറയിലേക്കുമാണു ടിക്കറ്റ് നല്‍കിയത്. എന്നാല്‍, ദോഹയില്‍നിന്ന് എഡിന്‍ബറയിലേക്കുള്ള യാത്ര അധികയാത്രക്കാരാണെന്ന കാരണം പറഞ്ഞ് വിലക്കുകയായിരുന്നു. ഇതു സേവനത്തിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.