സ്ത്രീയുടെ ശരീരത്തില്‍ സമ്മതമില്ലാതെ ഒരാള്‍ക്കും സ്പര്‍ശിക്കാന്‍ അവകാശമില്ലെന്ന് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: സമ്മതമില്ലാതെ ഒരാള്‍ക്കും ഒരു സ്ത്രീയെ സ്പര്‍ശിക്കാനാവില്ലെന്ന് ഡല്‍ഹി കോടതി. സത്രീ ലമ്പടനും ലൈംഗിക വൈകൃതവുമുള്ള ഒരാളിനാല്‍ സ്ത്രീകള്‍ തുടര്‍ച്ചയായി ഇരയാക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി കയ്യേറ്റം ചെയ്ത കുറ്റവാളിക്ക് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ വിധിക്കവെയാണ് ജഡ്ജിയുടെ നിരീക്ഷണം. ഉത്തര്‍പ്രദേശുകാരനായ ചവി രാം എന്നയാള്‍ക്കാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സീമ മൈനി തടവു ശിക്ഷ വിധിച്ചത്. ഡല്‍ഹി മുഖര്‍ജി നഗറിലെ തിരക്കുള്ള ചന്തയില്‍ വെച്ച് ദുരുദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചതിനാണ് പ്രതിക്ക് കോടതി കഠിന തടവ് ശിക്ഷിച്ചത്. 2014ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരക്കേറിയ മുഖര്‍ജി നഗറിലെ ചന്തയില്‍ വെച്ച് റാം പെണ്‍കുട്ടിയെ കയറിപിടിക്കുകയായിരുന്നു. കുട്ടി ഉടന്‍ തന്ന അമ്മയെ അറിയിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ച രാമിനെ മറ്റുള്ളവരുടെ സഹായത്തോടെ അമ്മ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഒരു സ്ത്രീയുടെ ശരീരമെന്നത് അവള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും മറ്റൊരാള്‍ക്കും അവളുടെ ശരീരത്തില്‍ സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ അവകാശമുണ്ടാവില്ലെന്നും കോടതി നിരീക്ഷിച്ചു. തടവിന് പുറമെ പ്രതിക്ക് 10,000 രൂപ പിഴയും വിധിച്ചു.

Top