ഏറ്റുമാനൂരിനെച്ചൊല്ലി കോൺഗ്രസ് കേരള കോൺഗ്രസ് തർക്കം രൂക്ഷം: കേരള കോൺഗ്രസ് ഏറ്റുമാനൂരിൽ മത്സരിച്ചാൽ ജിം അകല്‌സ് സ്വതന്ത്രനാകാൻ സമ്മർദം ശക്തം

കോട്ടയം: തുടർച്ചയായി കേരള കോൺഗ്രസ് തോറ്റുകൊണ്ടിരിക്കുന്ന ഏറ്റുമാനൂർ സീറ്റ് വീണ്ടും ജോസഫ് വിഭാഗത്തിനു നൽകാനുള്ള നീക്കത്തിൽ പാർട്ടിയിൽ പ്രതിഷേധം ശക്തം. കോൺഗ്രസ് തന്നെ സീറ്റ് ഏറ്റെടുക്കുകയും, യുവജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുകയും ചെയ്തില്ലെങ്കിൽ യുവ കോൺഗ്രസ് നേതാവ് ജിം അലക്‌സിനെ തന്നെ സ്വതന്ത്രനായി മത്സര രംഗത്ത് ഇറക്കാനാണ് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ സമ്മർദം. കേരള കോൺഗ്രസാണ് ഏറ്റുമാനൂരിൽ മത്സരിക്കുന്നതെങ്കിൽ ജിം തന്നെ സ്വതന്ത്രനായി രംഗത്ത് ഇറങ്ങണമെന്ന സമ്മർദമാണ് ശക്തമായിരിക്കുന്നത്.

കോട്ടയം ജില്ലയിൽ യുവജന നേതാക്കളെ അവഗണിക്കുന്നുവെന്ന കടുത്ത പരാതിയാണ് ഏറ്റുമാനൂരിൽ നിന്നും ഉയരുന്നത്. ജനകീയ അടിത്തറയും സ്വീകാര്യതയും ഉള്ള നേതാക്കൾക്ക് കോൺഗ്രസിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന ആരോപണമാണ് ജനകീയകൂട്ടായ്മ ഉന്നയിക്കുന്നത്. 25 വർഷങ്ങളോളമായി മുന്നണി മര്യാദയുടെ പേരിൽ കേരള കോൺഗ്രസിന് സീറ്റ് വിട്ടുകൊടുത്ത കോൺഗ്രസ് വീണ്ടും രാഷ്ട്രീയ അടിമത്വത്തിലേക്ക് ആത്മാർത്ഥതയുള്ള കോൺഗ്രസുകാരെ തള്ളിവിടുകയാണ് എന്ന ആക്ഷേപമാണ് ജനകീയകൂട്ടായ്മ ഉന്നയിക്കുന്നത്.

സഹോദരൻ ബാബു ചാഴികാടൻ മരിച്ചപ്പോൾ അവിചാരിതമായി രാഷ്ട്രീയ സൗഭാഗ്യം കൈവരിച്ച തോമസ് ചാഴികാടൻ 2011 , 2016 പൊതു തിരഞ്ഞെടുപ്പുകളിൽ ഏറ്റുമാനൂരിൽ സുരേഷ് കുറിപ്പിനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോൾ കേരള കോൺഗ്രസ് പിളർപ്പിന് ശേഷവും നിയോജക മണ്ഡലത്തിൽ ദുർബലമായ ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂർ സീറ്റ് വിട്ടുകൊടുക്കും എന്നാണ് യുഡിഎഫ് വൃത്തങ്ങളിൽ ഉള്ള സൂചന.

അഥവാ സീറ്റ് കിട്ടുകയാണെങ്കിൽ ലതികാ സുഭാഷ്, നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ് എന്നിവരുടെ പേരുകളാണ് മണ്ഡലത്തിൽ പറഞ്ഞുകേൾക്കുന്നത്. ഇവരെക്കാൾ ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ കോൺഗ്രസിൽനിന്ന് ഉയർന്നുവരേണ്ടത് ജിം അലക്‌സിനെ പോലുള്ള കരുത്തരായ സംഘാടകർ ആണെന്നാണ് ജനകീയകൂട്ടായ്മ വിലയിരുത്തുന്നത്.

2015 തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ വികാരം ഏറ്റെടുത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജിം അലക്‌സ് മത്സരിച്ചിരുന്നു. അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയ ജിം നേരിയ വോട്ടുകൾക്കാണ് ഇടതുപക്ഷ സ്ഥാനാർഥിയോട് പരാജയപ്പെട്ടത്. പാർട്ടി നേതൃത്വം പ്രത്യേക താല്പര്യം എടുത്താണ് ജിമ്മിനെ തിരികെ പാർട്ടിയിൽ എത്തിച്ചത്. എന്നാൽ അതിനുശേഷം അർഹതപ്പെട്ട പരിഗണന അദ്ദേഹത്തിന് പാർട്ടിക്കുള്ളിൽ കൊടുത്തില്ല എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചിട്ടും, ഏറ്റവും ആത്മാർത്ഥമായി പാർട്ടിക്ക് വേണ്ടി നിലകൊണ്ട് പാർട്ടി സ്ഥാനാർത്ഥിക്ക് റെക്കോർഡ് ഭൂരിപക്ഷം നേടി കൊടുക്കുവാൻ അക്ഷീണം പ്രവർത്തിച്ച ഈ യുവ നേതാവിനെ പാർട്ടി സംഘടനാ പദവികളിലേക്ക് പോലും പരിഗണിക്കുന്നില്ല എന്നത് നിഷ്പക്ഷമതികളായ ആളുകൾക്കു പോലും കോൺഗ്രസ് നേതൃത്വത്തോട് എതിർപ്പ് ഉണ്ടാകുന്നതിനു കാരണമാകുന്നു. പാർട്ടി മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേക്ക് അദ്ദേഹത്തിൻറെ പേര് ഉയർന്നു വന്നെങ്കിലും കാര്യങ്ങൾക്ക് തീരുമാനമായിട്ടില്ല.

അതുകൊണ്ടുതന്നെ പാർട്ടി നേതൃത്വത്തിന് ഒരു ഷോക്ക് ട്രീറ്റ്‌മെൻറ് കൊടുക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ജിം അലക്‌സ് സ്വതന്ത്ര സ്ഥാനാർത്ഥി ആകണമെന്ന് സമ്മർദ്ദം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. യുവജന നേതാക്കളെ പരിഗണിക്കുന്നു എന്നു വരുമ്പോൾ പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലുള്ള ചില പേരുകളാണ് ഏറ്റുമാനൂരിൽ പറഞ്ഞു കേട്ടത്. അതു കൊണ്ട് തന്നെ കണ്ണടച്ച് ഇരുട്ടാക്കുന്ന നേതൃത്വത്തിന് കണ്ണ് തുറക്കാൻ പര്യാപ്തമായ രാഷ്ട്രീയ നീക്കം എന്നനിലയിലാണ് ഇദ്ദേഹത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരു വിഭാഗം ആളുകൾ നിർബന്ധിക്കുന്നത്.

ജോസഫ് ഗ്രൂപ്പിന് സീറ്റ് ലഭിക്കുകയാണെങ്കിൽ കോൺഗ്രസ് വോട്ടുകൾ മുഴുവൻ ജിമ്മിന് ലഭിക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഏറ്റുമാനൂരിലെ നിഷ്പക്ഷ വോട്ടുകൾ പരിചിതനായ ഒരു യുവ പൊതു പ്രവർത്തകൻ എന്ന നിലയിൽ സമാഹരിക്കാനായാൽ വിജയം പോലും അപ്രാപ്യമല്ല എന്നും ഇവർ അവകാശപ്പെടുന്നു.

ഏതായാലും ജിം അലക്‌സ് സ്വതന്ത്ര സ്ഥാനാർത്ഥി ആയാൽ യുഡിഎഫിന് അത് വലിയ തിരിച്ചടിയാകും സമ്മാനിക്കുക. ഒരു പതിറ്റാണ്ടായി കൈവിട്ടുപോയ ഏറ്റുമാനൂർ സീറ്റ് തിരികെ പിടിക്കാൻ ഉള്ള സുവർണ്ണ അവസരം യുഡിഎഫ് നേതൃത്വം യാഥാർത്ഥ്യബോധത്തോടെ പരിഗണിക്കുന്നില്ല എന്ന ആക്ഷേപം ഉയർത്തി ജിം അലക്‌സ് എന്ന യുവനേതാവ് മത്സരരംഗത്ത് വരുമോ എന്ന് കാത്തിരുന്നു കാണാം.

Top