ബിജെപി മുന്‍ മുഖ്യമന്ത്രി പാര്‍ട്ടി വിട്ടു!! രൂക്ഷ വിമര്‍ശനമുള്ള ഗെഗോങ് അപാങിൻ്റെ കത്ത് അമിത് ഷായ്ക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിയ്ക്ക് പലയിടങ്ങളില്‍ നിന്നും കനത്ത പ്രതിബന്ധങ്ങള്‍ നേരിടുകയാണ്. വന്‍ തയ്യാറെടുപ്പുകളും ഒരുക്കങ്ങളും എല്ലാം നടക്കുന്നതിനിടയിലും തിരിച്ചടികള്‍ ഒഴിയുന്നില്ല. ഇപ്പോഴിതാ വടക്ക് കിഴക്കന്‍ സംസ്ഥാനത്തുനിന്നും കനത്ത പ്രഹരമേറ്റിരിക്കുകയാണ് പാര്‍ട്ടിയ്ക്ക്.

പൗരത്വ ബില്ലോടു കൂടി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥ ബിജെപിക്ക് എതിരായിരിക്കുന്നു. അതിനിടെയാണ് അരുണാചല്‍ പ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ബിജെപി ഉപേക്ഷിച്ചത്. ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ പുറത്ത്‌പോകല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ഗെഗോങ് അപാങ് ആണ് പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ച് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന ഘടകത്തിലെ അഭിപ്രായ വ്യത്യാസങ്ങളാണ് അപാങിന്റെ പാര്‍ട്ടി വിടാനുളള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.. 22 വര്‍ഷക്കാലം അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു അപാങ്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ച കത്തിലാണ് താന്‍ പാര്‍ട്ടി വിടുകയാണെന്ന വിവരം അപാങ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ പാര്‍ട്ടിയില്‍ താന്‍ വളരെ അധികം നിരാശനാണ് എന്നും ഇന്നത്തെ ബിജെപി അടല്‍ ബിഹാരി വാജ്പേയിയുടെ തത്വങ്ങളൊന്നും തന്നെ പിന്തുടരുന്നില്ല എന്നും കത്തില്‍ അപാങ് കുറ്റപ്പെടുത്തുന്നു.

അധികാരം നേടുന്നതിനുളള ഒരു വഴി മാത്രമായി പാര്‍ട്ടി മാറിയിരിക്കുന്നു. ഇന്നത്തെ നേതൃത്വം ജനാധിപത്യത്തെ വെറുക്കുകയും പാര്‍ട്ടി എന്തിന് വേണ്ടി ഉണ്ടാക്കിയോ ആ മൂല്യങ്ങളില്‍ വിശ്വസിക്കുകയോ ചെയ്യുന്നില്ലെന്നും അപാങ് കത്തില്‍ പറയുന്നു. 2014ല്‍ ബിജെപി അധികാരത്തിലേറിയത് നേരായ വഴിയിലൂടെ അല്ലെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ നേതാവ് വിമര്‍ശിക്കുന്നു.

പൗരത്വ ബില്ലിന്റെ പേരില്‍ വന്‍ പ്രതിഷേധങ്ങള്‍ നേരിടുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയാണ് അപാങിന്റെ രാജി. അസം അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ ബിജെപിക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. അസം ഗണ പരിഷത്ത് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.

കൂടാതെ മേഘാലയയിലേയും മിസോറാമിലെ സഖ്യകക്ഷികള്‍ ബിജെപിക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നുണ്ട്.. ഈ എതിര്‍പ്പ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ബിജെപി ഭയപ്പെടുന്നു. അതിനിടെ പ്രമുഖരുടെ രാജി ബിജെപിക്ക് വലിയ ക്ഷീണമാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആയിരുന്നു അരുണാചല്‍ പ്രദേശില്‍ അധികാരത്തിലെത്തിയത്.

60 അംഗ നിയമസഭയില്‍ 42 സീറ്റുകളുമായി കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷം നേടി. ബിജെപിക്ക് അന്ന് ലഭിച്ചത് 11 സീറ്റുകള്‍ മാത്രമായിരുന്നു. പിന്നീട് കുതിരക്കച്ചവടം നടത്തി മുഖ്യമന്ത്രി പേമു ഖണ്ഡു അടക്കമുളളവരെ കോണ്‍ഗ്രസില്‍ നിന്നും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിലേക്ക് ചാടിച്ചു. 2016ല്‍ ആയിരുന്നു കോണ്‍ഗ്രസിനെ ഞെട്ടിച്ച ഈ നീക്കം.

പിന്നീട് പേമു ഖണ്ഡു അടക്കമുളള എംഎല്‍എമാര്‍ ബിജെപിയില്‍ എത്തി. 33 എംഎല്‍എമാരാണ് പിപിഎയില്‍ നിന്നും കൂറുമാറിയത്. തുടര്‍ന്ന് പേമു ഖണ്ഡുവിന്റെ നേതൃത്വത്തില്‍ ബിജെപി അരുണാചലില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. 11 എംഎല്‍എമാര്‍ ഉണ്ടായിരുന്നയിടത്ത് ബിജെപിക്കിപ്പോള്‍ 48 എംഎല്‍എമാരും കോണ്‍ഗ്രസിന് 42 എംഎല്‍എമാരുളളിടത് വെറും 1ലേക്കും ചുരുങ്ങി.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളത്. മിസോറാം ഒഴികെയുളള 6 സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലിരിക്കുന്നത്.

Top