ജീവന്റെ ജീവനായ രണ്ട് പേര്‍ നഷ്ടപ്പെട്ട് ലക്ഷ്മി: കരളുരുകുന്ന കുറിപ്പുമായി തനൂജ ഭട്ടതിരി

ജീവന്റെ ജീവനായ രണ്ട് പേര്‍ നഷ്ടപ്പെട്ടത് അറിയാതെ ആശുപത്രിയില്‍ കഴയുകയാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്തായിരുന്നു ബാലഭാസ്‌കറും ലക്ഷ്മിയും സുഹൃത്തുക്കളായതും ഒരുമിച്ച് കൈകോര്‍ത്ത് നടക്കാന്‍ തീരുമാനിച്ചതും. 2000 ഡിസംബര്‍16 ന് എതിര്‍പ്പുകളെയെല്ലാം നിഷ്പ്രഭമാക്കി ബാലഭാസ്‌കര്‍ ലക്ഷ്മിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തി.

തീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ ദമ്പതികള്‍ക്ക് ഒരു മകള്‍ ജനിക്കുന്നത്. എന്നാല് വിധി രണ്ടുപേരെയും കവര്‍ന്നിരിക്കുകയാണ്. ഈ അവസ്ഥയെ ലക്ഷ്മി എങ്ങനെ അതിജീവിക്കും എന്നതാണ് ഏവരെയും വേദനിപ്പിക്കുന്ന ചിന്ത. ഇത്തരത്തില്‍ സമാനമായ ഒരു സംഭവത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് എഴുത്തുകാരി തനൂജാ ഭട്ടതിരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാക്ഷിയാവേണ്ടി വന്ന അപകട ദൃശ്യങ്ങളെക്കുറിച്ചുള്ള തനൂജാ ഭട്ടതിരിയുടെ സമൂഹമാധ്യമങ്ങളിലെ കുറിപ്പ് അപകടത്തെ തുടര്‍ന്നുണ്ടാവുന്ന മാനസികാഘാതങ്ങളുടെ തീവ്രത കൃത്യമായി വിശദീകരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനൂജ ഭട്ടതിരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മറക്കാന്‍ സാധിക്കാത്ത ഒരു സ്ത്രീ മുഖം രാവിലെ മുതല്‍ ഒഴിയാതെ. വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു വലിയ കാറപകടത്തെ തുടര്‍ന്ന് ആ ഭാര്യാ ഭര്‍ത്താവിനെയും മൂന്ന് വയസ്സുള്ള മകളെയും ആശുപത്രിയില്‍ കൊണ്ടുവന്നു. അച്ഛന്‍ വന്നപ്പോഴെമരിച്ചിരിന്നു കുട്ടി താമസിയാതെ മരിച്ചു. അമ്മയെ ഉടനടി ശസ്ത്രക്രിയക്ക് വിധേയയാക്കി. അച്ഛന്റെയും മകളുടെയും ശരീരം ഫ്രീസര്‍ മോര്‍ച്ചറിയില്‍ ആയിരുന്നു. തലക്ക് ഗുരുതരമായപരുക്കേറ്റിരുന്ന അമ്മക്ക് പോസ്റ്റ് ഓപ്പറേറ്റീവില്‍ വെച്ച് അല്പം ബോധം വന്നപ്പോള്‍ ഭര്‍ത്താവിനെയും മകളെയും കുറിച്ച് തിരക്കി . മരണ വാര്‍ത്ത പറയാതെ സ്റ്റാഫ് അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. രണ്ടു ദിവസത്തിനകം അച്ഛന്റെയും മകളുടെയും സംസ്‌കാര ചടങ്ങുകള്‍ ബന്ധുക്കള്‍ക്ക് നട ത്തേണ്ടതുണ്ടായിരുന്നു. അവരുടെ മൂത്ത സഹോദരി മാനസിക രോഗ വിദഗ്ധന്റെ കൂടെ നിന്നാണ് ആ താങ്ങാനാകാത്ത വാര്‍ത്ത അവളോട് പറഞ്ഞത്.

പ്രതീക്ഷിച്ചിരുന്ന കാര്യം പോലെ അതവള്‍ കേട്ടെങ്കിലും യാഥാര്‍ത്ഥ്യം ജീവിതത്തെ അടിച്ച് തെറിപ്പിച്ച പ്പോള്‍ അവള്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു.കണ്ണീരിനൊടുവില്‍ അവരെ അവസാനമായി ഒരു നോക്കു കാണണമെന്നായി . ആരോഗ്യ പ്രശ്‌നവും ഈ കാഴ്ച ഉണ്ടാക്കാന്‍ പോകുന്ന മാനസിക സമ്മര്‍ദ്ദവും കാരണം അത് വേണ്ട എന്നെല്ലാവരും ഉപദേശിച്ചു. ഒരു പ്രശ്‌നവുമില്ലെന്നും തനിക്ക് അവരെ കണ്ടേ മതിയാവൂ എന്നവര്‍ ധൈര്യത്തോടെ പറഞ്ഞു.

സ്ട്രച്ചറില്‍ കിടന്നു കൊണ്ട് മോര്‍ച്ചറിക്കു വെളിയില്‍ ആരോ ഒരു ബന്ധു ഉയര്‍ത്തിക്കാട്ടിയ കുഞ്ഞു ശരീരം കണ്ടു. അവളുടെ കവിള്‍ അമ്മയുടെ കവിള്‍ തൊട്ടു. കരയാതെ അമ്മ കണ്ണുകള്‍ പരതി. സ്ട്രച്ചറില്‍ ഉയര്‍ത്തി ഭര്‍ത്താവിന്റെ ശരീരം കാണിച്ചു. അവള്‍ വിരലുകള്‍ കൊണ്ട് ആമുഖം തൊട്ടു. കരഞ്ഞില്ല. പക്ഷേ ഇത്രയും പറഞ്ഞു . ചടങ്ങു നടത്തുമ്പോള്‍ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം. ഒരുമിച്ച് മതി. രണ്ടു പേര്‍ക്കും കൊതി മാറിയിട്ടില്ല അവളൊരിക്കലും പേടിക്കയുമില്ല എല്ലാരും പൊട്ടിക്കരഞ്ഞപ്പോള്‍ ആ സ്ത്രീ കണ്ണുകള്‍ തുറന്നു വെച്ച് തന്നെ കിടന്നു. മനുഷ്യര്‍ ഒരു ചെറിയ ജീവിതത്തില്‍ എന്തൊക്കെ സഹിക്കണം!

Top