കൊച്ചി: മാപ്പ് പറഞ്ഞോ? പറഞ്ഞെന്ന് പറഞ്ഞാല്‍ പറഞ്ഞു,ഇല്ലെന്ന് പറഞ്ഞാലോ ഇല്ല.ഒരു അഴകുഞ്ഞ മാപ്പ്.ഇത് കോടതി സ്വീകരിക്കുമോ.ഏവരും ഉറ്റുനോക്കുന്നത് അതാണ്.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ ഫേസ്ബുക് പോസ്റ്റിട്ട മന്ത്രി കെ.സി. ജോസഫിന്റെ ഖേദപ്രകടനവും ഫേസ്ബുക്കില്‍. താന്‍ കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു മാപ്പപേക്ഷ നല്‍കിയ കാര്യം അറിയിച്ചും കോടതിയോടും നീതിന്യായ വ്യവസ്ഥിതിയോടുമുള്ള ആദരവും ബഹുമാനവും ഏറ്റുപറഞ്ഞുകൊണ്ടും ആണ് മന്ത്രിയുടെ പോസ്റ്റ്. എന്നാല്‍ തെറ്റു ചെയ്തുവെന്ന സമ്മതം ഈ വിശദീകരണത്തിലും ഇല്ല. അതുകൊണ്ട് തന്നെ കോടതി ഈ വിശദീകരണം കണക്കിലെടുക്കാന്‍ സാധ്യതയില്ല.
മാപ്പപേക്ഷ പൊതുജനങ്ങളിലെത്തണമെന്നു കോടതി അഭിപ്രായപ്പെട്ട സാഹചര്യത്തിലാണു മന്ത്രിയുടെ പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ: ‘ 25. 07. 2015ല്‍ എന്റെ ഫേസ്ബുക് പോസ്റ്റില്‍ ഞാന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഫേസ്ബുക് പോസ്റ്റിലെ പരാമര്‍ശങ്ങള്‍ ഞാന്‍ പിന്‍വലിക്കുകയുണ്ടായി. ഇതു സംബന്ധിച്ചു കോടതിയലക്ഷ്യ നടപടികള്‍ ബഹു. ഹൈക്കോടതി പരിഗണനയില്‍ എടുത്ത സാഹചര്യത്തില്‍ എന്റെ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാകാന്‍ ഇടയായതില്‍ ഖേദം പ്രകടിപ്പിക്കുകയും നിരുപാധികം മാപ്പപേക്ഷിക്കുകയും ബഹു. കോടതി മുന്‍പാകെ മാപ്പപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.
കോടതിയോടും നീതിന്യായ വ്യവസ്ഥിതിയോടും എന്നും ആദരവും ബഹുമാനവും പുലര്‍ത്തിയിട്ടുള്ള പൊതുപ്രവര്‍ത്തകനാണ് ഞാന്‍. കോടതിയുടെ വിശ്വാസ്യതയും അന്തസ്സും സംരക്ഷിക്കേണ്ടതു പൊതുസമൂഹത്തിന്റെയും വ്യക്തികളുടെയും ചുമതലയാണെന്ന് ഉത്തമബോധ്യമുള്ളതിനാലാണു ഞാന്‍ ഈ കാര്യം വ്യക്തമാക്കുന്നത്.’ ഇക്കഴിഞ്ഞ ഒന്നിനു മന്ത്രി ഹാജരായപ്പോള്‍, പൊതുജനങ്ങളില്‍ എത്തുംവിധം ഏതുവിധത്തില്‍ ഖേദപ്രകടനം വേണമെന്നു മന്ത്രിക്കു തന്നെ തീരുമാനിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍നടപടികള്‍ക്കു 10നു മന്ത്രി ഹാജരാകാനും നിര്‍ദ്ദേശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ്. എന്നാല്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും മന്ത്രി കുറ്റ സമ്മതം നടത്താത്ത് കോടതി ചുണ്ടിക്കാട്ടിയിരുന്നു. താന്‍ തെറ്റു ചെയ്തുവെന്നും അതിനാല്‍ മാപ്പ് പറയണമെന്നും വിശദീകരിക്കുന്ന പരമാര്‍ശമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഫേസ്ബുക്കിലെ ഈ പോസ്റ്റും കോടതിയെ തൃപ്തിപ്പെടുത്താന്‍ ഇടയില്ല. മന്ത്രിസ്ഥാനത്തിരുന്ന് കോടതിയെ വിമര്‍ശിച്ചത് ഗുരുതരമായ തെറ്റാണ്. ഇത് ഉള്‍ക്കൊള്ളുന്ന തരത്തിലെ മാപ്പപേക്ഷയാണ് കോടതി പ്രതീക്ഷിക്കുന്നത്.
ഈ വിഷയം കോടതിയുടെ പരിഗണനയില്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ ഫെയ്‌സ് ബുക്കിലൂടെ മാപ്പ് പറയാമെന്ന് കെസി ജോസഫ് അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ പോസ്റ്റ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ മന്ത്രി പുതിയ സത്യവാങ്മൂലം നല്‍കാനാണ് സാധ്യത.