കോയമ്പത്തൂര്‍: ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിൽ വ്യാജ വാര്‍ത്ത നല്‍കി;കേരളത്തിലെ യൂട്യൂബ് ചാനലിനെതിരെ കേസ് .കേരളത്തിലെ യൂട്യൂബ് ചാനലിനെതിരെ കോയമ്പത്തൂരിലെ സ്വകാര്യ കോളജ് ആണ് പൊലീസില്‍ പരാതി നല്‍കിയത് . ജനറല്‍ റാവത്തിന്റെ മരണത്തില്‍ കോളജിലെ വിദ്യാര്‍ഥികള്‍ ആഘോഷം നടത്തിയെന്ന് വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
കോയമ്പത്തൂരിലെയും നീലഗിരിയിലെയും കോളജുകളിലെ ഒരു പ്രത്യേക സമുദായത്തിലെ വിദ്യാര്‍ഥികള്‍ ജനറല്‍ റാവത്തിന്റെ മരണം ആഘോഷിച്ചെന്നായിരുന്നു വാര്‍ത്ത. ഇതില്‍ നല്‍കിയിരുന്ന വിഡിയോ വൈറല്‍ ആയതിനെത്തുടര്‍ന്ന് പൊലീസ് കോളജില്‍ എത്തി പരിശോധന നടത്തിയിരുന്നു.
ജനറല്‍ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ കോപ്റ്റര്‍ അപകടം നടന്ന എട്ടാം തീയതിക്കു മുമ്പു ചിത്രീകരിച്ചതാണ് വിഡിയോ എന്ന് അ്‌ന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം. ഏഴാം തീയതി കോളജില്‍ നടന്ന ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിന്റെ വിഡിയോയാണ് വ്യാജ വാര്‍ത്തയോടൊപ്പം പ്രചരിപ്പിച്ചത്. ഒരു വിഭാഗം വിദ്യാര്‍ഥികളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി ഈ വിഡിയോ യൂട്യൂബ് ചാനല്‍ ഉപയോഗിക്കുകയായിരുന്നെന്ന് കോളജ് മാനേജ്‌മെന്റ് പറയുന്നു. ജനറല്‍ റാവത്തിന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് കോളജില്‍ വിദ്യാര്‍ഥികള്‍ അനുശോചന പരിപാടി സംഘടിപ്പിച്ചിരുന്നെന്നും മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടി.