കേരളത്തിലെ കാന്‍സര്‍ രോഗികളില്‍ കൂടുതലും പുകവലി മൂലം!!പൊറോട്ട വില്ലന്‍!!ഫാസ്റ്റ് ഫുഡ് മനുഷ്യനെ അതിവേഗം കൊല്ലും; ഡോക്ടര്‍ വി പി ഗംഗാധരന്‍

കൊച്ചി: കാന്‍സര്‍ രോഗത്തെക്കുറിച്ച് നമുക്കിടയില്‍ ഭയം നിലനില്‍ക്കുന്നുണ്ട്. കാന്‍സര്‍ നമുക്ക് പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖമാണ്. വേഗം കണ്ടെത്താനുമാകുമെന്നും പ്രമുഖ കാന്‍സര്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ വി പി ഗംഗാധരന്‍. ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ ‘എക്‌സ്പ്രസ് ഡയലോഗ്‌സി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പ്രതിദിനം 120 ലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതൊരു വലിയ സംഖ്യയാണെന്ന് ഡോക്ടര്‍ ഗംഗാധരന്‍ പറഞ്ഞു.

കേരളത്തിലെ കാന്‍സര്‍ രോഗികളില്‍ കൂടുതലും പുകവലി മൂലമാണ്. 30 മുതല്‍ 50 ശതമാനം വരെയാണ് പുകയില മൂലമുള്ള അര്‍ബുദ രോഗബാധ. മറ്റൊന്ന് അമിത മദ്യപാനമാണ്. പുകവലിയും മദ്യപാനവും ഒരുമിച്ചുള്ളവരില്‍ റിസ്‌ക് കൂടുതലാണ്. മികച്ച ജീവിതശൈലിയിലൂടെ കാന്‍സറിന്റെ റിസ്‌ക് 50 ശതമാനം വരെ കുറയ്ക്കാനാകുമെന്നും ഡോക്ടര്‍ ഗംഗാധരന്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്തനാര്‍ബുദമാണ് സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായി കണ്ടു വരുന്നത്. ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളില്‍ മൂന്നിലൊരാള്‍ക്കും സ്തനാര്‍ബുദമാണ്. 45 മുതല്‍ 50 വരെ പ്രായത്തിലുള്ളവരാണ് മുമ്പ് അസുഖബാധിതരായിരുന്നത്. ഇപ്പോള്‍ 25 വയസ്സു പ്രായമുള്ളവര്‍ വരെ രോഗബാധിതരാകുന്നുണ്ടെന്ന് ഡോക്ടര്‍ ഗംഗാധരന്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ഭക്ഷണരീതിയും രോഗബാധയില്‍ പ്രധാന പ്രശ്‌നമാണ്. പൊറോട്ട, മാംസാഹാരം തുടങ്ങിയവയാണ് ഇപ്പോള്‍ മെനുവില്‍ പ്രധാനം. ഇതെല്ലാം കഴിച്ചശേഷം ആളുകള്‍ ഷുഗര്‍ പ്രഷര്‍ കൊളസ്‌ട്രോള്‍ എന്നിവക്കുള്ള ഗുളികകളും കഴിക്കുന്നു. പൊറോട്ടയ്ക്ക് ഉപയോഗിക്കുന്ന മൈദയാണ് പ്രധാന വില്ലനെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യര്‍ മൈദ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുമ്പോള്‍ ഒപ്പം സാലഡും പഴങ്ങളും കഴിക്കുന്നുണ്ട്. എന്നാല്‍ നമ്മള്‍ക്ക് അത്തരം ശീലമില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

മാംസാഹാരങ്ങളും ആരോഗ്യത്തിന് പ്രശ്‌നമാണ്. ബീഫ്, ചിക്കന്‍, മട്ടന്‍ തുടങ്ങിയവ വല്ലപ്പോഴും കഴിക്കുന്നതാണ് നല്ലത്. അതേസമയം ചെറിയ മത്സ്യങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അവിയല്‍, തോരന്‍ പോലുള്ള കറികളില്‍ ഫൈബര്‍ അംശം കൂടുതലാണ്. ഫാസ്റ്റ് ഫുഡ് മനുഷ്യനെ അതിവേഗം കൊല്ലുമെന്നും ഡോക്ടര്‍ ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു

Top