മദ്രാസ് ഐ.ഐ.ടിയിലെ മരണപ്പെട്ട മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ സംബന്ധിച്ച വിഷയം ലോക്‌സഭയില്‍ ചർച്ചയായതിന് പിന്നാലെ കടുത്ത ആവശ്യങ്ങളുമായി സമരം ചെയ്യുന്ന വിദ്യാർത്ഥികൾ. ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കണമെന്ന പ്രധാന ആവശ്യത്തിനു പുറമെ, വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്യാംപസിനു പുറത്തുള്ള വിദഗ്ധ സമിതിയെ നിയമിക്കുക, സ്റ്റുഡന്റ് ലജിസ്ലേറ്റീവ് കൗസിൽ (എസ്എൽസി) പാസാക്കിയ പ്രമേയങ്ങൾ നടപ്പാക്കുക, എല്ലാ ഐഐടി വകുപ്പുകളിലും പ്രത്യേകം പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്.
ഇതിനിടെ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തര അന്വേഷണമില്ലെന്നു മദ്രാസ് ഐഐടി തീരുമാനമെടുത്തു. അന്വേഷണം ആവശ്യപ്പെട്ടു സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഇക്കാര്യമറിയിച്ച് ഐഐടി ഡയറക്ടർ സന്ദേശമയച്ചു. തീരുമാനത്തിനെതിരെ നാളെ ചെന്നൈയിൽ വിദ്യാർഥി സംഘടനകളുടെ സംയുക്ത പ്രതിഷേധം നടക്കും. കൊലപാതകികളെ രക്ഷിക്കുന്ന നടപടികളാണ് സ്ഥാപനത്തിൻ്റെ അധികൃതർ സ്വീകരിക്കുന്നത്.
ഫാത്തിമയുടെ ദുരൂഹമരണം പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ലോക്സഭയില്‍ പ്രത്യേക ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയാറായി. ടി.ആര്‍. ബാലുവാണ് നോട്ടിസ് നൽകിയത്. ഉന്നതതല അന്വേഷണം വേണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്നും പത്തുവര്‍ഷത്തിനിടെ ഐഐടികളിൽ 52 വിദ്യാര്‍ഥികളാണു ജീവനൊടുക്കിയതെന്നും എം.കെ. കനിമൊഴി പറഞ്ഞു.
ഐഐടിയില്‍ മതപരമായ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും ഫാത്തിമയുടെ രക്ഷിതാക്കള്‍ക്കെതിരെ ഐഐടി അധികൃതര്‍ പൊലീസില്‍ വ്യാജപരാതി നല്‍കിയെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. അധ്യാപകര്‍ക്കെതിരായ ഫാത്തിമയുടെ മൊബൈല്‍ഫോണ്‍ സന്ദേശത്തിന്‍റെ ചിത്രങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ചെന്നൈയില്‍ പോയി തെളിവെടുപ്പ് നടത്തിയതിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്നു കേന്ദ്രമന്ത്രി രമേഷ് പൊഖ്‍റിയാല്‍ മറുപടി നല്‍കി.
ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. സുദര്‍ശന്‍ പത്മനാഭന്‍ അടക്കമുള്ള മൂന്ന് അധ്യാപകര്‍ക്കാണു കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയത്. ഫാത്തിമയുടെ ആത്മഹത്യാകുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അധ്യാപകരാണ് ഇവര്‍.
ഫാത്തിമയ്ക്കു നീതി ആവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. കാഞ്ഞിരപ്പള്ളി സ്വദേശി ജസ്റ്റിൻ ജോസഫ്, തൃശൂര്‍ സ്വദേശി അസര്‍ മൊയ്ദീന്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ സമരം ചെയ്യുന്നത്.
250ൽ അധികം വിദ്യാർഥികൾ ഒപ്പിട്ട നിവേദനമാണു ചിന്താബാർ ഐഐടി അധികൃതർക്കു നൽകിയത്. സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൂടുതൽ വിദ്യാർഥികൾ എത്തുന്നുണ്ടെന്നും വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും ചിന്താബാർ അറിയിച്ചു. സമരത്തോട് ഐഐടി റജിസ്ട്രാറും, മറ്റ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ഉദ്യോഗസ്ഥരും പ്രതികരിച്ചിട്ടില്ല.