കൊച്ചി:തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അനധികൃത ഇടപെടൽ നടത്തിയ ജനം ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് തുടങ്ങി. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്താണ് ചോദ്യംചെയ്യൽ. ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അനിലിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.സ്വർണക്കടത്ത് പിടികൂടി മണിക്കൂറുകൾക്കുള്ളിൽ പ്രതി സ്വപ്ന സുരേഷുമായി അനൽ നമ്പ്യാർ ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ നേരത്തേ പുറത്തുവന്നതാണ്. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ തന്നോട് നിർദേശിച്ചുവെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. മൂന്ന് പേജിലാണ് അനിലിന്റെ പേര് കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്വപ്ന പരാമർശിച്ചിട്ടുള്ളത്.
അതേസമയം സ്വർണക്കടത്ത് കേസിൽ അത്യുത്സാഹം കാട്ടി കഥകൾ മെനയുന്ന മാധ്യമങ്ങൾ, ഒരു മാധ്യമപ്രവർത്തകനെ കസ്റ്റംസ് ചോദ്യംചെയ്യാൻ വിളിപ്പച്ചതിൽ മൗനത്തിലായത് കുറച്ചുദിവസമായി ചർച്ചയായിരിക്കയാണ് .ബിജെപിയുടെ ജനം ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അനിലിന് കസ്റ്റംസ് നോട്ടീസ് നൽകിയത് പോലും പ്രമുഖ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നില്ല. മുൻപ് വ്യാജരേഖ ചമച്ച കേസിലും അറസ്റ്റിലായിട്ടുള്ള അനിൽ നമ്പ്യാരോട് മാധ്യമങ്ങൾ കാട്ടുന്ന ‘കരുതൽ’ സോഷ്യൽ മീഡിയയിലടക്കം വിഷയം വലിയ ചർച്ചയാണ്. ലീന് ജെസ്‌മസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം.
വാർത്താ ചാനലുകൾ ഈ സുവർണ്ണാവസരം നഷ്ടമാക്കരുത്
2002 ആഗസ്റ്റ് മാസത്തിലാണ് കേരളത്തിന്റെ മാധ്യമ ചരിത്രത്തിലെ കറുത്ത ഏടായ വ്യാജ രേഖാ കേസിൽ സൂര്യാ ടി.വി യുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന അനിൽ നമ്പ്യാർ അറസ്റ്റിലാകുന്നത്. മന്ത്രിയായിരുന്ന കെ.വി.തോമസിനെ ഹവാല കേസിൽ ഉൾപ്പെടുത്താൻ വേണ്ടി നടത്തിയ ഗൂഢാലോചനയിൽ പങ്കു ചേർന്നു എന്നതായിരുന്നു കുറ്റം. വ്യാജ രേഖ സംപ്രേഷണം ചെയ്ത സൂര്യാ ടി.വി യുടെ ഓഫീസിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി.. മാധ്യമ ഓഫീസിൽ സർക്കാർ കടന്നു കയറ്റം എന്ന പരാതി ഉയർന്നു.. മാധ്യമ പ്രവർത്തകർ പ്രതിഷേധ റാലി നടത്തി.. നാടകീയമായ ഒട്ടേറെ സംഭവങ്ങൾക്കൊടുവിൽ വ്യാജ രേഖാ കേസ് ഒത്തു തീർപ്പിൽ അവസാനിച്ചു.
ഇപ്പോൾ 2020 ഓഗസ്റ്റിൽ, ജനം ടിവി എന്ന കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഔദ്യോഗിക ചാനൽ മേധാവി അനിൽ നമ്പ്യാരെ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. (18 കൊല്ലത്തിനിടയിൽ ഔദ്യോഗികപദവിയിലും, അന്വേഷണ ഏജൻസിയുടെ പദവിയിലും പുരോഗതി ഉണ്ടായിട്ടുണ്ട്.)
സ്വർണ്ണക്കടത്ത് കേസ് വ്യാജരേഖാ കേസ് പോലെയല്ല… അതിന് ദേശീയ പ്രാധാന്യമുണ്ട്.. മാസങ്ങളായി ഇടതടവില്ലാതെയും, നേരും നെറിയുമില്ലാതെയും നിരന്തരമായി മാധ്യമങ്ങൾ ഏറ്റെടുത്താഘോഷിക്കുന്ന ഖനിയാണ്.. വണ്ടി നിർത്താതെ ഓടിച്ച് ഓട്ട മത്സരം തുടരുന്ന കേസ് ആണ്. തിരുവനന്തപുരത്തും കൊച്ചിയിലും മാധ്യമ ഷെർലക് ഹോംസ്മാർ ഇപ്പോഴും തല പുകച്ച് കഥാ രചന തുടരുന്ന കേസ് ആണ്. അന്വേഷണ ഗതി ശ്വാനവേഗത്തിൽ മണത്തറിഞ്ഞു രാജ്യത്തോടുള്ള കൂറു പ്രഖ്യാപിക്കുക എന്ന അവതാരോദ്ദേശ്യം നിറവേറ്റാൻ ചങ്ങല പൊട്ടിക്കാതെ ചാനൽ മുറ്റത്ത് തളയ്ക്കപ്പെട്ടവർ ജാഗരൂകരായി ഇനിയുമുണർന്നിരിക്കുന്ന കേസ് ആണ്. ഇവർക്കെല്ലാം ഇടയിലേക്കാണ് കഥയുടെ ഗതി മാറ്റുന്ന ട്വിസ്റ്റുമായി കൂട്ടത്തിൽ ഒരു പ്രമുഖൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ സംശയിക്കപ്പെട്ടവൻ ആയി നിൽക്കുന്നത്.
കേരളത്തിലെ വാർത്താ ചാനലുകൾക്ക് മുൻപിൽ അപൂർവമായൊരു അവസരം വീണു കിട്ടുകയാണ്. തകർന്നുടഞ്ഞു കിടക്കുന്ന ഇമേജ് തിരികെ പിടിക്കാനുള്ള സുവർണ്ണാവസരം (മിസോറാം ഗവർണറോട് കടപ്പാട്). ശിവശങ്കരന് നൽകിയ അതേ നീതി അനിൽ നമ്പ്യാർക്കും നൽകണം. ചോദ്യം ചെയ്യലിന് പുറപ്പെടാൻ നിക്കറിടുമ്പോൾ ജനലിന് പിന്നിൽ ക്യാമറ വേണം. സ്വപ്നയെ പിന്തുടർന്ന അതേ ഡ്രൈവറെ മനോരമ ചാനൽ ഡ്യൂട്ടിക്കിടണം. പ്രധാന കവലകളിൽ റിപ്പോർട്ടർമാർ ആവേശത്തിന്റെ പുലിക്കളി ഒരുക്കണം..’ചരിത്രത്തിൽ ആദ്യമായി ചാനൽ മേധാവി കള്ളക്കടത്ത് കേസിൽ’, ‘മണിക്കൂറുകൾ പിന്നിട്ട ചോദ്യം ചെയ്യൽ’, ‘അറസ്റ്റ് ഉണ്ടായേക്കാം’ ‘എല്ലാം തുറന്ന് പറഞ്ഞ് നമ്പ്യാർ’..ഇത്തരം ബ്രേക്കിംഗ് കാർഡുകൾ ഇടതടവില്ലാതെ ഉണ്ടാകണം. (കാർഡുകൾക്കൊക്കെ വെറും പത്ത് മിനിട്ടു ആയുസ്സ് മാത്രമേ ഉള്ളെന്നെ..പിന്നെ അതൊക്കെ ആരോർക്കാൻ) ‘ഇപ്പോൾ സംഭവിക്കുന്ന’തിനൊപ്പം ‘സംഭവിക്കാ’നിരിക്കുന്നതും ഗണിച്ചു പറയാൻ ഏഷ്യാനെറ്റ് ന്യൂസിൽ ജിമ്മി ജെയിംസ് അവസരം നഷ്ടമാക്കരുത്. 24 ന് എരിവും പുളിവും കൂട്ടി കഥ വിളമ്പാൻ കാഥികൻ സഹീൻ ആന്റണി മതിയാകും., സിപിഎം പ്രതിനിധികൾക്ക് എക്സ്‌ക്ലൂസീവ് ആയി നൽകുന്ന പുച്ഛം ഭാവമാക്കി ‘കർണ്ണ കഠോര ശബ്ദവുമായി, നിഷാ പുരുഷോത്തമൻ മനോരമയിൽ ഇരുന്നാൽ പോലും ഈയൊരവസരത്തിൽ നമുക്ക് കണ്ടിരിക്കാം. ‘ഞാനാണ് കേരളം’എന്ന ഭാവത്തിൽ തന്നെ ആയിക്കോട്ടെ മാതൃഭൂമിയുടെ കാവിപ്പുരയിൽ വേണു ബാലകൃഷ്ണന്റെ നിൽപ്പ്. ദയവായി കൈരളി ന്യൂസിൽ ബ്രിട്ടാസ് മറ്റൊരു ബിഗ് ബ്രേക്കിംഗ് ഈയൊരു ദിവസം പൊട്ടിക്കാതിരിക്കുക. ചോദ്യം ചെയ്യൽ കഴിഞ്ഞു ഏതു പാതിരാത്രി പുറത്തിറങ്ങിയാലും നമ്പിയാരെ വളഞ്ഞിട്ട് പിടിക്കണം. ലിഫ്റ്റിലോ, മൂത്രപ്പുരയിലോ.. എവിടെ വെച്ചെങ്കിലും മൈക്ക് വായിൽ കുത്തിക്കയറ്റണം..’എന്തെങ്കിലും ഒന്ന് പറ’എന്ന് ദീനമായി കേഴണം.
ഇങ്ങനെ എല്ലാം കൊണ്ടും സമ്പൽ സമൃദ്ധമായ ഒരു ചോദ്യം ചെയ്യൽ ദിവസം..
ഞങ്ങൾ സ്വപ്നം കണ്ടോട്ടെ?
എല്ലാ നെറികെടുകളും കാണിക്കുമ്പോഴും ഒരൊറ്റ ദിവസം മതി..
നിങ്ങൾക്ക് ചരിത്രം മാറ്റി എഴുതാം.