ഓണ്‍ലൈനിലൂടെ സിനിമയുടെ വ്യാജ പതിപ്പ് കാണാമെന്ന് നിയമം പറഞ്ഞാല്‍ എങ്ങനെയിരിക്കും. ഇത് ശിക്ഷാര്‍ഹമായ കുറ്റമായി കാണാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ വ്യാജ പതിപ്പ് ഓണ്‍ലൈനിലൂടെ കാണുന്നത് പതിവായ സാഹചര്യത്തിലാണ് കോടതിയുടെ ഇങ്ങനെയൊരു വിധി കൂടി വന്നിരിക്കുന്നത്.
എന്നാല്‍, അത് അനുവാദമില്ലാതെ പകര്‍പ്പുണ്ടാക്കുകയും പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നതാണ് കുറ്റകരമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് ഗൗതം പട്ടേലാണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്.
ഡിഷൂം എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ വ്യാജനെതിരെ നല്‍കിയ പരാതി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. സിനിമയുടെ പകര്‍പ്പുണ്ടാക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന വാചകം പിന്‍വലിക്കണമെന്നും പകരമായി കൂടുതല്‍ വ്യക്തമായി ഇത്തരം വ്യാജപതിപ്പുകള്‍ ഉള്‍പ്പെടുന്ന യുആര്‍എല്‍ തന്നെ ബ്ലോക്ക് ചെയ്യും എന്ന വാചകം ചേര്‍ക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്.
ഇത്തരം ബ്ലോക് ചെയ്ത സൈറ്റുകളില്‍ എറര്‍ സന്ദേശവും പ്രദര്‍ശിപ്പിക്കണമെന്നും ഈ സന്ദേശത്തില്‍ ഏതൊക്കെ നിയമം അനുസരിച്ച് വ്യാജന്‍ ഇറക്കുന്നത് കുറ്റകരമാകുമെന്ന് സൂചിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മൂന്നുവര്‍ഷം വരെ തടവും മൂന്നു ലക്ഷം രൂപ വരെ പിഴയും ചുമത്തുന്നതും അടക്കമുള്ള വിവരങ്ങളും ഈ സൈറ്റുകളില്‍ ചേര്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ പരാതികള്‍ പരിശോധിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും കോടതി നിര്‍ദെ്ശിച്ചു. കൃത്യമായി ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാന്‍ ഒരു ഇമെയില്‍ വിലാസവും നല്‍കണമെന്നും ഇതിലേക്ക് ലഭിക്കുന്ന പരാതികളില്‍ രണ്ട് പ്രവൃത്തി ദിനത്തിലുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.