ന്യുഡൽഹി:ശശി തരൂര്‍ എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു . യു.പി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത് . റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തെക്കുറിച്ച്, സമൂഹമാധ്യമങ്ങളില്‍ തരൂർ തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത് .ഇന്ത്യാ ടുഡെയിലെ മാധ്യമ പ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി, കാരവൻ മാഗസിന്റെ വിനോദ് കെ ജോസിനും റിപ്പോർട്ടർമാർക്കും എതിരെയും കേസെടുത്തിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്കെതിരെയാണ് ഉത്തര്‍പ്രദേശ് പൊലീസിന്‍റെ നടപടി.
53 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. എട്ട് പേര്‍ക്കെതിരേയും നോയിഡ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് നിയമപരമായി നേരിടുമെന്നും അഭിഭാഷകര്‍ ഇതിനായുള്ള നടപടികള്‍ തുങ്ങിയെന്നും കാരവാന്‍ എഡിറ്റര്‍ വിനോദ് ജോസ് വ്യക്തമാക്കി.
അതേസമയം ഡല്‍ഹി ഗാസിപൂരിലെ കര്‍ഷകസമരകേന്ദ്രം ഒഴിപ്പിക്കാന്‍ പൊലീസ് നടപടികൾ ചെയ്തു എങ്കിലും പരാജയപ്പെട്ടു . രാത്രി പതിനൊന്നുമണിക്ക് മുന്‍പ് ഒഴിയണമെന്ന് നിര്‍ദേശിച്ച് സമരകേന്ദ്രത്തില്‍ നോട്ടിസ് പതിച്ചിരുന്നു . ഗാസിപൂര്‍ അതിര്‍ത്തി അടച്ചിട്ടിരുന്നു. സമരസ്ഥലത്തെത്തിയ പൊലീസും കേന്ദ്രസേനയും മടങ്ങിയതോടെയാണ് രാത്രി വൈകിയും നീണ്ട സംഘർഷാവസ്ഥയ്ക്ക് താത്കാലിക ശമനമായത്. പൊലീസും കേന്ദ്രസേനയും മടങ്ങിയതോടെ കർഷകർ ദേശീയ പതാകയുമേന്തി ആഹ്ളാദപ്രകടനം നടത്തി
ഗാസിപ്പൂരിൽ സമരവേദി ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ജില്ലാഭരണകൂടം തത്കാലം പിൻവാങ്ങി. രാത്രി തന്നെ ഒഴിയണമെന്ന അന്ത്യശാസനം തള്ളിയ കർഷകർ സംഘടിച്ചെത്തിയതോടെ തിരക്കിട്ട് നടപടി വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു ജില്ലാ ഭരണകൂടം.
നേരത്തെ പൊലീസ് നടപടി രാത്രിയുണ്ടാകില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കിയെങ്കിലും പൊലീസും കേന്ദ്രസേനയും സ്ഥലത്ത് നിലയുറപ്പിച്ചതോടെ ആശങ്ക തുടർന്നു. രാത്രി പതിനൊന്ന് മണിവരെയായിരുന്നു ഒഴിയാൻ നേരത്തെ കർഷകർക്ക് നൽകിയിരുന്ന സമയം. എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന് കർഷകർ നിലപാടെടുത്തതിന്റെ പിന്നാലെയാണ് പൊലീസ് ഒരു സംഘർഷ സാഹചര്യത്തിൽ നിന്ന് പിൻവാങ്ങിയത്. പ്രത്യേകിച്ചും ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുന്ന സാഹചര്യത്തിൽ രാത്രി തിരക്കിട്ട് പൊലീസ് നടപടിയുണ്ടായാൽ പാർലമെന്‍റിലടക്കം കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയായി സംഭവം മാറുമെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു.
നേരത്തെ ഗാസിപ്പൂർ ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്തെത്തി രാകേഷ് ടിക്കായത്തിനെ സന്ദർശിച്ച ശേഷം മടങ്ങിയിരുന്നു. വിജയം വരെ സമരം തുടരുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഇതിനുപിന്നാലെ അഭിപ്രായപ്പെട്ടിരുന്നു. അനുയായികളോട് ശാന്തരായിരിക്കാനും സമാധനപരമായി സമരം തുടരാനും ടിക്കായത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രദേശത്ത് തമ്പടിച്ച കർഷകർ പ്രധാന വേദിക്ക് അടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കയ്യിൽ ദേശീയ പതാകയുമായാണ് കർഷകർ സ്ഥലത്തുള്ളത്.