തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ എൺപത്തിരണ്ടായിരിത്തിൽ പരം ആളുകളിൽ ഒട്ടുമിക്ക ആളുകളെയും രക്ഷിച്ചത് മത്സ്യത്തൊഴിലാളികൾ. വെള്ളം കയറി റോഡ് മുങ്ങിപ്പോയ പ്രദേശങ്ങളിലെല്ലാം ബോട്ട് മാർഗം മാത്രമേ എത്തിച്ചേരാൻ സാധിക്കുമായിരുന്നുള്ളൂ. നീന്തലറിയാവുന്ന, കടലിൽ പോകുന്ന തൊഴിലാളികളാണ് തങ്ങളുടെ മത്സ്യബന്ധ ബോട്ടുകളുമായി ദുരന്തമുഖത്തേയ്ക്ക് ഓടിയെത്തിയത്.
സേനാ വിഭാഗങ്ങളുടെ ബോട്ടുകൾക്കൊപ്പം മത്സ്യത്തൊഴിലാളികളുടെ ബോട്ടും സജീവമായി പ്രവർത്തിച്ചത് കൊണ്ട് മാത്രമാണ് ഇത്രയും പേരെ രക്ഷപ്പെടുത്താൻ സാധിച്ചത്. എൻഡിആർ എഫിന്റെ 79 ബോട്ടുകളും ഫിഷറീസിന്റെ 403 ബോട്ടുകളുമാണ് രക്ഷാദൗത്യം ഏറ്റെടുത്തിരുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ തുറകളിൽ നിന്നായി നൂറിലധികം വള്ളങ്ങളാണ് പത്തനംതിട്ട, ആലപ്പുഴ ഭാഗങ്ങളിലേക്ക് പുറപ്പെട്ടത്. തുമ്പമൺ എൽപി സ്കൂളിൽ താമസിച്ചാണ് അവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നത്. സൈന്യത്തിന്റെ ബോട്ടുകൾ പണിമുടക്കുന്നിടത്തും ഇവർക്ക് അതിവേഗത്തിൽ എത്തിച്ചേരാൻ സാധിക്കുന്നുണ്ട്.
കൊല്ലം ജില്ലയിലെ ആലപ്പാട്ട് നിന്നും കൂടുതൽ മത്സ്യത്തൊഴിലാളികളും വള്ളങ്ങളും ചെങ്ങന്നൂരിലേക്ക് എത്തിപ്പെടാൻ തയ്യാറായിട്ടുണ്ട്. നൂറ്റിഅമ്പതോളം വളളങ്ങളും അഞ്ഞൂറിലധികം മത്സ്യത്തൊഴിലാളികളും കൊല്ലം ജില്ലയിൽ നിന്ന് പുറപ്പെട്ടു. അതുപോലെ ലോറികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ട്. ലോറികളിൽ കയറ്റിയാണ് വള്ളങ്ങൾ കൊണ്ടുപോയത്. ക്രെയിനുകളുപയോഗിച്ചും ചിലയിടങ്ങളിൽ തൊഴിലാളികൾ തന്നെ ചുമന്നുമാണ് വള്ളങ്ങൾ ലോറിയിൽ കയറ്റിയത്. രക്ഷാപ്രവർത്തനത്തിന് പോകാനുള്ള സന്നദ്ധത മത്സ്യത്തൊഴിലാളികളും വള്ള ഉടമകളും അധികാരികളെ നേരിട്ട് അറിയിക്കുകയായിരുന്നു.