ന്യൂഡൽഹി: ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ കല്ലുകടി. ചടങ്ങിൽ കോൺഗ്രസ് പതാക പൊട്ടിവീണു.ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന 137-ാം വാർഷിക ചടങ്ങിൽ അധ്യക്ഷ സോണിയാ ഗാന്ധിയാണ് പതാക ഉയർത്തിയത്.എന്നാൽ, ഉയർത്തി അൽപ്പസമയത്തിനു ശേഷം പതാക പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ സോണിയ ക്ഷുഭിതയായി.
ശരീരത്തിലേക്കു വീണ പാർട്ടി പതാക സോണിയാ ഗാന്ധി കൈകൾക്കൊണ്ട് വിരിച്ച് കാണിച്ചാണ് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. പിന്നീട് ഓഫീസിലേക്ക് മടങ്ങുകയും ചെയ്തു. രാഹുൽഗാന്ധിയും മറ്റ് മുതിർന്ന നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പതാക കെട്ടിയിരുന്ന ചരട് വലിച്ചപ്പോഴാണ് പതാക ദേഹത്തേക്ക് വീണത്. വീണ്ടും ചരടിൽ കെട്ടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് സോണിയയും സമീപത്ത് നിന്നയാളും ചേർന്ന് പതാക വിരിച്ച് പിടിച്ചു. ഇതിന് പിന്നാലെ സോണിയ ക്ഷുഭിതയായി തിരിച്ച് പോവുകയായിരുന്നു.
കെ.സി.വേണുഗോപാൽ, എ.കെ.ആന്റണി തുടങ്ങിയ മുതിർന്ന നേതാക്കളേയും സോണിയ അതൃപ്തി അറിയിച്ചു. പിന്നീട് നേതാക്കൾ എത്തി അനുനയിപ്പിച്ച് സോണിയയെ തിരിച്ച് കൊണ്ടുവന്നു. 15 മിനിട്ടിന് ശേഷമാണ് സോണിയ തിരികെ എത്തിയത്. ഇതിന് ശേഷം സോണിയ വീണ്ടും പതാക ഉയർത്തുകയായിരുന്നു. സംഭവത്തിൽ ക്രമീകരണ ചുമതലയുള്ളവർക്കെതിരെ നടപടി വന്നേക്കും.