ബമാകൊ: മാലിയില്‍ ഫ്രാന്‍സ് നടത്തിയ വ്യോമാക്രമണത്തില്‍ 50 അല്‍ഖാഇദക്കാര്‍ കൊല്ലപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ബുര്‍കിന ഫാസൊയുടെയും നിഗറിന്റെയും അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ നടന്നത്. സര്‍ക്കാര്‍ സുരക്ഷാസേനയും അല്‍ഖാഇദ സായുധരും തമ്മില്‍ നേരത്തെത്തന്നെ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണ് ഇത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലിയാണ് മാലി സര്‍ക്കാര്‍ പ്രതിനിധികളുമായിനടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വിവരം പുറത്തുവിട്ടത്.
”ഒക്ടോബര്‍ 30ന് മാലിയില്‍ ബര്‍കാനെ സേന ഒരു മുന്നേറ്റം നടത്തിയിരുന്നു. അതില്‍ 50 ജിഹാദികള്‍ കൊല്ലപ്പെട്ടു, നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു” പ്രതിരോധ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാന്‍സുമായി ചേര്‍ന്നാണ് ഈ പ്രദേശങ്ങളില്‍ അര്‍ഖാഇദക്കെതിരേ പ്രതിരോധം ശക്തമാക്കിയിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ 30 മോട്ടോര്‍സൈക്കിളുകളും നശിപ്പിച്ചതായും അവര്‍ പറഞ്ഞു.
പാര്‍ലി നേരത്തെത്തന്നെ നിഗര്‍ പ്രസിഡന്റ് മഹാമദൗ ഇസ്സൗഫയും വിദേശകാര്യമന്ത്രി ഇസ്സൗഫൗ കതാംബെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പ്രദേശങ്ങളില്‍ വലിയൊരു മോട്ടോര്‍സൈക്കിള്‍ സൈന്യത്തെ ഡ്രോണ്‍ വഴി കണ്ടെത്തിയ ശേഷമാണ് വ്യോമാക്രമണം നടത്തിയത്.നാല് പേരെ ജീവനോടെ പിടികൂടിയതായും ഫ്രഞ്ച് സൈനിക വക്താവ് കേണല്‍ ഫ്രെഡറിക് ബാര്‍ബി പറഞ്ഞു.